രക്ഷകനായി വീണ്ടും ഇഷാൻ കുനാൽ, മുംബൈയ്ക്കെതിരെ കേരളം പൊരുതുന്നു
ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയശിൽപിയായ ഇഷാൻ കുനാൽ വീണ്ടും കേരളത്തിന്‍റെ രക്ഷകനായി.
ലക്നൗ: അണ്ടര്‍ 16 ടൂര്‍ണമെന്‍റായ വിജയ് മെർച്ചന്‍റ് ട്രോഫിയിൽ കരുത്തരായ മുംബൈക്കെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. നേരത്തെ മുംബൈയുടെ ആദ്യ ഇന്നിങ്സ് 338 റൺസിന് അവസാനിച്ചിരുന്നു.
ഏഴ് വിക്കറ്റിന് 301 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ മുംബൈയുടെ ഇന്നിങ്സ് അധികം നീണ്ടില്ല. 37 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ മുംബൈയുടെ ഇന്നിങ്സിന് അവസാനമായി. 59 റൺസെടുത്ത പൃഥ്വീ ബാലേറാവുവിന്‍റെ ഇന്നിങ്സാണ് മുംബൈയുടെ സ്കോർ 338ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി ദേവഗിരി മൂന്നും അർജുൻ ഹരിയും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മൂന്നാം പന്തിൽ തന്നെ ഓപ്പണർ നെവിന്‍റെ വിക്കറ്റ് നഷ്ടമായി. എന്നാൽ അർജുൻ ഹരിയും ജൊഹാൻ ജിക്കുപാലും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 83 റൺസ് പിറന്നു. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ നാല് ബാറ്റർമാരും രണ്ടക്കം കാണാതെ പുറത്തായതോടെ വലിയൊരു തകർച്ചയുടെ വക്കിലായിരുന്നു കേരളം.
എന്നാൽ ഹൈദരാബാദിനെതിരായ മത്സരത്തിലെ വിജയശിൽപിയായ ഇഷാൻ കുനാൽ വീണ്ടും കേരളത്തിന്‍റെ രക്ഷകനായി. എട്ടാം വിക്കറ്റിൽ ദേവഗിരിക്കൊപ്പം 65 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കിയ ഇഷാൻ 65 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ദേവഗിരി 26 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ഒരു റണ്ണോടെ നന്ദനാണ് ഇഷാനൊപ്പം ക്രീസിൽ. മുംബൈയ്ക്ക് വേണ്ടി കാർത്തിക് കുമാർ മൂന്നും തനീഷ് ഷെട്ടി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക