പൈജാമ മാന്‍! പലസ്തീനെ പിന്തുണച്ച് പിച്ചിലെത്തിയ ജോണ്‍ മുമ്പും ഇത് ചെയ്തിട്ടുണ്ട്; അറിയേണ്ടതെല്ലാം
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്.
അഹമ്മദാബാദ്: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ പലസ്തീനെ പിന്തുണച്ചുകൊണ്ട് കാണികളില്‍ നിന്നൊരാള്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. 'ഫ്രീ പലസ്തീന്‍' ഷര്‍ട്ടും ധരിച്ചാണ് അയാള്‍ പിച്ചിലേക്കിക്കെത്തിയത്. പലസ്തീന്റെ പതാകയുടെ നിറമുള്ള മാസ്‌ക്കും അയാളുടെ മുഖത്തുണ്ടായിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കെ നടന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്ച്ചയായിട്ടാണ് കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ഗ്രൗണ്ടിലേക്ക് കയറിയത്.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി. വീഡിയോ...
പിന്നീട് വെന്‍ ജോണ്‍ എന്നാണ് തന്റെ പേരെന്ന് മറ്റൊരു വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഓസ്‌ട്രേലിയക്കാരനായ ജോണ്‍ പലസ്തീനെ പിന്തുണയ്ക്കുന്നുവെന്നും പറയുന്നു. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഇയാളുടെ കൈ മുറഞ്ഞതായുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ആദ്യമായിട്ടില്ല ജോണ്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്കിറങ്ങുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍, സ്‌പെയിന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഫിഫ വനിതാ ലോകകപ്പ് ഫൈനലില്‍ ജോണ്‍സണ്‍ ഇടപെട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും അഡോള്‍ഫ് ഹിറ്റ്ലറുടെയും മാഷപ്പ് ചിത്രത്തിനൊപ്പം 'ഫ്രീ യുക്രെയ്ന്‍', 'സ്റ്റോപ്പ് പുട്ട്ലര്‍' എന്ന് എഴുതിയ ടീ-ഷര്‍ട്ട് ധരിച്ചാണ് അന്ന് ജോണ്‍ ഗ്രൗണ്ടിലെത്തിയത്. ഇംഗ്ലണ്ട് താരം ലോറന്‍ ഹെംപിന്റെ അടുത്തേക്കാണ് താരം ഓടിയടുത്തത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. 2022-ല്‍ ഉക്രെയ്ന്‍ ആക്രമിക്കാനുള്ള പുടിന്റെ തീരുമാനത്തിനെതിരെയായിരുന്നു അന്ന് ജോണ്‍ ഇറങ്ങിയത്. ഇവിടെ മാത്രമല്ല, ഓസ്‌ട്രേലിയന്‍ റഗ്ബി മത്സരത്തിനിടയിലും ജോണ്‍ എത്തിയിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ പൈജാമമാന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ചില വീഡിയോകളും അക്കൗണ്ടില്‍ കാണാം. അഹമ്മദാബാദില്‍ പിച്ചിലേക്ക് ഇറങ്ങിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു ഇയാളെ. പിന്നീട് വസ്ത്രം മാറ്റി മറ്റൊരു വസ്ത്രം നല്‍കുകയായിരുന്നു. എന്നാല്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞിട്ടുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. പിച്ചിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ജേഴ്സി അഴിക്കുകയും ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയുമായിരുന്നു.
എന്തുകൊണ്ട് നമ്മള്‍ തോറ്റു? പരാജയ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ