കേരളത്തിന്‍റെ പൗരാണിക ചരിത്രത്തില്‍ തുറമുഖങ്ങള്‍ക്കുള്ള പ്രാധാന്യമെന്ത്?

കേരള സർവകലാശാല പുരാവസ്തു പഠന വകുപ്പ് സ്ഥാപകന്‍ ഡോ. അജിത്ത് കുമാറുമായി, സയന്‍സ് ടോക്കില്‍ ശാലിനി എസ് നടത്തിയ അഭിമുഖത്തില്‍ നിന്നും പ്രസക്ത ഭാഗങ്ങൾ.
 

What is the importance of ports in the ancient history of Kerala

കേരളത്തിന്‍റെ പൗരാണിക ചരിത്രം എവിടെ നിന്നാണ് തുടങ്ങുന്നത്?

കേരളത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് മഹാശിലായുഗം മുതലാണ്. 1200 BCE മുതല്‍ കേരളത്തില്‍ ജനവാസം ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ലഭ്യമാണ്. ഇങ്ങനെ ലഭിച്ച തെളിവുകള്‍ വച്ചും 'സംഘ സാഹിത്യം' അനുസരിച്ചും അന്ന് കേരളം തമിഴ്നാടിന്‍റെ ഭാഗമായിരുന്നുവെന്ന് കാണാം. തിരുപ്പതി കുന്നുകളുടെ താഴേക്ക് വരുന്ന കന്യാകുമാരി വരെയുള്ള പ്രദേശമാണ് തമിഴകം. ബിസി ആറാം നൂറ്റാണ്ട് വരെയുള്ള കളിമണ്‍ പാത്രങ്ങളില്‍ തമിഴ് ബ്രഹ്മി ലിപിയുടെ തെളിവുകള്‍ അവശേഷിക്കുന്നുണ്ട്. അതേസമയത്ത് തന്നെ കേരളത്തില്‍ മഹാശിലാ സംസ്കാരത്തിന്‍റെ തുടര്‍ച്ചയും കാണാം. പിന്നീടുള്ള ചരിത്ര തെളിവ് അശോകന്‍റെ ശാസനങ്ങളാണ്. അശോകന്‍റെ രാജ്യാതിര്‍ത്തി അടയാളപ്പെടുത്തുന്ന ശിലാശാസനങ്ങളില്‍ ചോള, പാണ്ഡ്യ, ചേരപുത്ര (സത്യപുത്ര) രാജവംശങ്ങളെ കുറിച്ച് പറയുന്നു. ഇത് 3-ാം നൂറ്റാണ്ടിലെ കാര്യമാണ്. അങ്ങനെ വരുമ്പോള്‍ കേരളത്തിന് അതിലും പഴയ ചരിത്രമുണ്ടെന്നതിന് വേണം കരുതാന്‍.

കേരളത്തില്‍ ഭരണം തുടങ്ങുന്നത് എപ്പോഴാണ്?

കേരളം ആദ്യമായി ഭരിക്കുന്നത് ചേര രാജാക്കന്മാരാണെന്ന് കാണാം. ചേര രാജകുടുംബം തന്നെ പല സ്ഥങ്ങളിലായി തങ്ങുകയും പരസ്പര വിവാഹ ബന്ധം പുലര്‍ത്തുകയും അതുവഴി ഭരണം നടത്തുകയും ചെയ്തു. ഇതില്‍ പ്രധാന കുടുംബം 'കരൂർ വഞ്ചി' എന്ന സ്ഥലത്താണ് ഭരണം നടത്തിയത്. അതേ സമയം കോങ്ക് (കോയമ്പത്തൂർ) ഭാഗത്ത് മറ്റൊരു ചേര കുടുംബമാണ് ഭരിച്ചിരുന്നത്. അവർക്ക് 'അദിമാന്‍' ഭരണകൂടവുമായും ബന്ധമുണ്ട്. കൊടുങ്ങല്ലൂര്‍ മറ്റൊരു രാജകുടുംബം ഭരിച്ചിരുന്നതിനും തെളിവുകളുണ്ട്. പട്ടണം ഖനനത്തിൽ നിന്നും ചേര നാണയങ്ങളും റോമന്‍ നാണയങ്ങളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂരായിരുന്നു അക്കാലത്തെ മറ്റൊരു ചേര തലസ്ഥാനം.

കേരള തീരത്തെ പുരാതന തുറമുഖങ്ങളെ കുറിച്ച്?

പെരിപ്ലസിന്‍റെ എഴുത്തുകളില്‍ നിന്നും അക്കാലത്ത് കേരളത്തിന്‍റെ വടക്ക് നിന്ന് തെക്കോട്ടുള്ള പ്രധാനപ്പെട്ട തുറമഖങ്ങളെ കുറിച്ച് വിവരിക്കുന്നു. ഇതില്‍ തിണ്ടിസ്, മുസിരിസ് (മുരിക്കോട്, മുചിരിക്കോട്, മഹാദേവര്‍ പട്ടണം - കൊടുങ്ങല്ലൂരിന് സമീപം), നെല്‍ക്കിണ്ട എന്നീ തുറമുഖങ്ങളെ കുറിച്ചുള്ള വിവരണങ്ങളുമുണ്ട്. ഇവയാണ് അക്കാലത്തെ പ്രധാന വ്യാപാര തുറമുഖങ്ങള്‍. അതേസമയം പെരിപ്ലസ് വിവരിക്കുന്ന തുറമുഖം പമ്പയ്ക്ക് താഴെ പാണ്ഡ്യനാടാണെന്നും കാണാം. ടോളമി (2-ാം നൂറ്റാണ്ട്), പമ്പനദിയുടെ താഴ്വാരം ആയ് രാജവംശത്തിന്‍റെ കൈയിലാണെന്നും എഴുതുന്നു. മൂന്നാം നൂറ്റാണ്ട് വരെയുള്ള ചേര ശിലാലിഖിതങ്ങളിലും കേരളത്തില്‍ നിന്നുള്ള തുറമുഖങ്ങളെ കുറിച്ച് വിവരണങ്ങളുണ്ട്.

ബുദ്ധ - ജൈന മതങ്ങള്‍ കേരളത്തിൽ സാന്നിധ്യം അറിയിച്ചത് എപ്പോഴാണ്?

എന്നാല്‍, നാല് മുതല്‍ ആറ് വരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തില്‍ എന്താണ് നടന്നത് എന്നതിന് വ്യക്തതയില്ല. ഇത് തമിഴ്നാട്ടിനെയും ബാധിച്ച ഒരു പ്രശ്നമാണ്. ഈ കാലത്തെ ഇരുണ്ടയുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇക്കാലത്തെ കുറിച്ച് തെളിവുകളൊന്നും കണ്ടെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇക്കാലത്തെ ഇരുണ്ടയുഗമെന്ന് വിളിക്കുന്നത്. അതേസമയം ഇക്കാലത്തെ ചില ജൈന-ബുദ്ധ മത തെളിവുകള്‍ ലഭ്യമാണ് താനും. ഇതിൽ നിന്നും അക്കാലത്ത് തെക്കേ ഇന്ത്യയില്‍ ജൈന - ബുദ്ധമതങ്ങള്‍ ശക്തമായിരുന്നെന്ന് അനുമാനിക്കാം.

പിന്നീടുള്ള കാലം കേരളം ആരൊക്കെയാണ് ഭരിച്ചത്?

ഏഴ് - എട്ട് നൂറ്റാണ്ടിലാണ് പിന്നീടൊരു ശക്തമായ ഭരണകൂടം ഇവിടെ ഉണ്ടാകുന്നത്. ഇത് 'രണ്ടാം ചേര സാമ്രാജ്യം' എന്നോ 'മഹോദയപുരം സാമ്രാജ്യ'മെന്നോ അറിയപ്പെട്ട് തുടങ്ങി. അതേസമയം തിരുവനന്തപുരത്ത് ആയ് രാജവംശം ശക്തി പ്രാപിക്കുന്നതും കാണാം. ഈ സമയമാകുമ്പോഴേക്കും ചേര, പാണ്ഡ്യ രാജവംശങ്ങള്‍ ക്ഷയിച്ച് തുടങ്ങുന്നു. കേരള തീരത്ത് തുറമുഖങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നു. അതേസമയത്താണ് വടക്ക് മൂഷിക രാജ്യവംശം ശക്തിപ്പെടുന്നതും. ആയ് - ചേര രാജ്യവംശങ്ങള്‍ തമ്മിൽ വിവാഹ ബന്ധവും നിലനിന്നിരുന്നു. ഇക്കാലത്തും പാണ്ഡ്യന്മാരുടെ ആക്രമണം നടക്കുന്നുണ്ട്. അവര്‍ ആക്രമിച്ച് അവശ്യമുള്ള സാധനങ്ങളുമായി തിരിച്ച് പോകും. എന്നാൽ, ഒന്നിന് പുറകെ ഒന്നായി ആക്രമണ പരമ്പരകൾ നടത്തിയ ചോളന്മാര്‍ വിഴിഞ്ഞം (വിളിനം), കൊല്ലം, മഹോദവർ പട്ടണം തുടങ്ങി കേരളത്തിന്‍റെ തെക്കന്‍ തീരത്തെ തുറമുഖങ്ങളെല്ലാം തകര്‍ത്താണ് തിരികെ പോകുന്നത്. ഇതിന് പിന്നാലെയാണ് അവസാന ചേരമാന്‍ പെരുമാള്‍ രാജ്യ ഭരണം ഉപേക്ഷിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുരാജ്യവംശങ്ങള്‍ കേരളത്തില്‍ ഉദയം കൊള്ളുന്നു. സാമൂതിരി, കോലത്തിരി, വേണാട് തുടങ്ങിയ രാജ്യവംശങ്ങള്‍. പിന്നാലെ പോര്‍ച്ചുഗീസ്, ഡച്ച്, ബ്രീട്ടീഷ് തുടങ്ങി വൈദേശിക ആക്രമണങ്ങളും കേരള തീരത്ത് ശക്തമാകുന്നതായി കാണാം. 

 

അക്കാലത്ത് കേരളത്തിൽ നിന്നും വിപണി തേടി വിദേശത്തേക്ക് കടന്നത് എന്തൊക്കെയായിരുന്നു ?

സുഗന്ധദ്രവ്യങ്ങൾ, മുത്തുകള്‍, കോട്ടണ്‍ തുണികള്‍, ചേര സ്റ്റീൽ ഇതൊക്കെ കേരളത്തില്‍ നിന്നുള്ള ലോക പ്രശസ്തമായ വാണിജ്യ വസ്തുക്കളായിരുന്നു. വിഴിഞ്ഞം കേരളത്തിലെ പ്രധാന തുറമുഖം എന്നതിനൊപ്പം പ്രധാന ആയുധ നിര്‍മ്മാണ ശാല കൂടിയായിരുന്നു. മഹാശിലായുഗ ഗുഹകളില്‍ നിന്നും ലഭിച്ച വലിയ തോതില്‍ തുരുമ്പെടുക്കാത്ത ഇരുമ്പ് ഉപകരണങ്ങള്‍ ഇതിന് തെളിവാണ്. പെരിപ്ലസ്, 'ബലിത' എന്ന കടലോര ഗ്രാമത്തെ കുറിച്ച് രേഖകളില്‍ വിവരിക്കുന്നു. അതും വര്‍ക്കല ക്ലിഫ് കഴിഞ്ഞിട്ട്. ഇത് യഥാര്‍ത്ഥത്തില്‍ വിഴിഞ്ഞമാണ്.

വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പഠനങ്ങള്‍? 

മദ്രാസ് കോപ്പർ പ്ലേറ്റില്‍ നെടുംഞ്ചെതിയന്‍ പരാന്തകന്‍ എന്ന പാണ്ഡ്യ രാജാവ് ആയ് രാജ്യവംശം ആക്രമിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. ആ കോപ്പര്‍ പ്ലേറ്റില്‍ വിഴിഞ്ഞം ഒരു കോട്ടയാണ്. അതും കടല്‍വെള്ളം നിറച്ച കിടങ്ങുകളുള്ള, മാനം മുട്ടുന്ന ഒരു കോട്ടയെ കുറിച്ചാണ് സൂചനകൾ. തിരൂരങ്ങാട്ട് കോപ്പർ പ്ലേറ്റിലും (രാജേന്ദ്ര ചോളന്‍) ഇതേ കോട്ടയെ കുറിച്ച് പരാമർശമുണ്ട്. ഈ സൂചനകളടെ ബലത്തിലാണ് അവിടെ ഞാന്‍ ഗവേഷണത്തിന് മുതിരുന്നത്. വിഴിഞ്ഞത്ത് നടത്തിയ അന്വേഷണത്തില്‍ നിന്നും അവിടെ ഇന്നും നിലനില്‍ക്കുന്ന പേരുകളില്‍ നിന്നും മതില്‍പ്പുറം (മരുന്ന് കോട്ട - വെടിമരുന്ന്), കപ്പച്ചാല്‍ (കപ്പല്‍ ചാല്‍) തുടങ്ങിയ സ്ഥലനാമങ്ങൾ കണ്ടെത്തി. ഒപ്പം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര രേഖകളില്‍ പ്രദേശം മുഴുവനും വ്യാപിച്ച ഒരു കോട്ടയുടെ തകർന്ന് തുടങ്ങിയ അവശിഷ്ടവും കണ്ടെത്താന്‍ കഴിഞ്ഞു. ശിലാ ക്ഷേത്രം, ആയക്കുടി എന്ന് പേരുള്ള രണ്ട് അമ്പലങ്ങളും ഇവിടെ നിന്നും കണ്ടെത്തി.

വിഴിഞ്ഞത്ത് നടത്തിയ ഖനനത്തില്‍ ഇറാഖില്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ പാത്രങ്ങളാണ് ഇവയെന്ന് കാര്‍ബൺ  ഡേറ്റിംഗിങ്ങില്‍ (C14) തിരിച്ചറിഞ്ഞു. ഇവയ്ക്ക് ശ്രീലങ്കയിലെ അനുരാധാപുരയില്‍ നിന്നും ലഭിച്ച പാത്രങ്ങളുമായി വലിയ ബന്ധമുണ്ട്. ഒപ്പം ഏഴാം നൂറ്റാണ്ട് മുതല്‍ 14 -ാം നൂറ്റാണ്ട് വരെ (പോർച്ചുഗീസുകാരുടെ വരവ് വരെ) നിലനിന്നിരുന്ന ചൈനീസ് വ്യാപാരത്തിന്‍റെ തെളിവുകളും ഇവിടെ നിന്നും ലഭിച്ചു. BCE രണ്ടാം നൂറ്റാണ്ട് മുതല്‍ പടിഞ്ഞാറന്‍ ഏഷ്യയിലേക്കും ചൈനയിലേക്കും വ്യാപിച്ചിരുന്ന വലിയൊരു വാണിജ്യ ശൃംഖലയുടെ പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു അക്കാലത്ത് വിഴിഞ്ഞം.

കൊല്ലത്തിന്‍റെ പ്രാധാന്യമെന്താണ് ?

കൊല്ലം തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാൻ അക്കാലത്ത് 1,000 ദിർഹം രാജാവിന് കെട്ടിവയ്ക്കണം. ഒരു സീസണിൽ 10 കപ്പൽ അടുത്താൽ തന്നെ എന്തുമാത്രം ധനമാണ് ഈയിനത്തിൽ സ്റ്റേറ്റിന് കിട്ടിയിരുന്നത് ? കൂടാതെ, കപ്പൽ തുറമുഖത്ത് തങ്ങുന്ന നേരത്തുള്ള ക്രയവിക്രിയങ്ങളിലൂടെ ജനങ്ങളും സമ്പൽസമൃദ്ധി നേടിയിരുന്നു.  ഈ സമ്പത്തില്‍ നോട്ടമിട്ടാണ് പാണ്ഡ്യരും ചോളരും ഒന്നിന് പുറകെ ഒന്നായി വിഴിഞ്ഞവും കൊല്ലവും ആക്രമിച്ചിരുന്നത്. ലഭ്യമായ തെളിവുകളില്‍ വിഴിഞ്ഞമായിരുന്നു ആദ്യകാല പ്രധാന തുറമുഖം  എന്ന് കാണാം. വിഴിഞ്ഞത്ത് ആക്രമണം ശക്തമാകുന്നതോടെ വേണാട് രാജവംശം കൊല്ലം തുറമുഖം ശക്തിപ്പെടുത്തുന്നു. 1095 -ല്‍ ചോളന്മാർ കൊല്ലവും വിഴിഞ്ഞവും ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിക്കുന്നു. പതുക്കെ ചോളന്മാരുടെ ശക്തി ക്ഷയിക്കുമ്പോള്‍ വേണാട് വീണ്ടും വാണിജ്യം ശക്തിപ്പെടുത്തും. പിന്നാലെ വീണ്ടും ആക്രമണം. ഇങ്ങനെ പതുക്കെയാണെങ്കിലും 10 -ാം നൂറ്റാണ്ടോടെ കൊല്ലം ശക്തമായൊരു തുറമുഖ നഗരമായി ഉയരുന്നതും കാണാം.

ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്കും അഷ്ടമുടിക്കായലും തുടങ്ങി ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കൊല്ലത്തിന് അനുകൂലമായിരുന്നു. അതേസമയം വ്യാപാരികളായി മുന്നില്‍ നിന്നത് മുസ്ലിം (അറബ്), ജൂത, ക്രിസ്ത്യന്‍ വ്യാപാരികളും. നിയമാധികാരം വേണാടിന്‍റെതാണെങ്കിലും വാണിജ്യം നടത്തിയിരുന്നത് ഈ മൂന്ന് മത വിഭാഗങ്ങളായിരുന്നു. ഇറാന്‍ - ഇറാഖില്‍ നിന്നും കുടുംബത്തോടൊപ്പം എത്തിയ ഈശോയെന്ന് പേരുള്ള ഒരു വ്യാപാരിക്ക് അടിമകളെയും മറ്റ് ചില അധികാരങ്ങളും വേണാട് ഭരിച്ച അയ്യനടികള്‍ തിരുവടികള്‍ എന്ന രാജാവ് നല്‍കിയതായി തരിസാപ്പള്ളി കോപ്പര്‍ പ്ലേറ്റില്‍ കാണാം. ഈശോ പിന്നീട് കൊല്ലത്ത് സ്ഥിര താമസമാക്കുന്നു. അക്കാലത്ത് കൊല്ലത്ത് ഒരു കപ്പല്‍ നിര്‍മ്മാണ ശാലയുണ്ടായിരുന്നു. വാണിജ്യത്തിനായി എത്തിച്ചേരുന്ന കപ്പലുകള്‍ ഇവിടെ വച്ച് അറ്റകുറ്റപ്പണി നടത്തിയാണ് പലപ്പോഴും തിരിച്ച് പോയിരുന്നത്. ഇങ്ങനെ കൊല്ലം വലിയ രീതിയില്‍ അഭിവൃദ്ധിപ്പെടുകയും പിന്നീട് ഇത് 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന പഴഞ്ചൊല്ലിന് പോലും കാരണമായിത്തീരുന്നതും കാണാം.

അന്നും ഇന്നും, കേരളത്തിലെ സാംസ്കാരിക വ്യതിയാനങ്ങള്‍ എന്തൊക്കെയാണ്?

ഇന്നത്തെ അത്രയും പ്രശ്നങ്ങള്‍ അന്ന് ഉണ്ടായിരുന്നില്ല. രാജ കൊട്ടാരത്തിന് സമീപത്ത് തന്നെ മറ്റ് മതസ്ഥര്‍ക്ക് വീട് പണിയാന്‍ അനുമതി ലഭിച്ചിരുന്നു. ഒപ്പം അമ്പലങ്ങള്‍ക്ക് സമീപത്തും പള്ളി പണിയാന്‍ സ്ഥലം വിട്ട് കൊടുത്തിരുന്നു. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, മുസ്ലീം തുടങ്ങി അക്കാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന മതങ്ങളുടെ പ്രതിനിധികളെല്ലാം കേരളത്തില്‍ വ്യാപാരത്തിനായി എത്തുകയും ഇവിടെ അവരുടെ ആരാധനാലയങ്ങള്‍ പണിയുകയും ചെയ്യുന്നത് കാണാം. സാമൂതിരി മുതല്‍ വേണാട് വരെയുള്ള ഭരണാധികാരികള്‍ ഈയൊരു മതസൗഹാര്‍ദ്ദം എന്നും നിലനിര്‍ത്തി. ഒരു പക്ഷേ, കേരളത്തില്‍ അക്കാലത്ത് നിലനിന്ന മതസൗഹാര്‍ദ്ദത്തിന് കാരണം, ലോകത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് ഈ മതങ്ങളെല്ലാം അക്കാലത്ത് വ്യാപിച്ചത് ക്രൂരമായ ആക്രമണം നടത്തിക്കൊണ്ടായിരുന്നുവെന്ന് കാണാം. എന്നാല്‍, കേരളത്തില്‍ ഇവരെല്ലാം വ്യാപാരത്തിന് മാത്രമായാണ് ആദ്യ കാലത്ത് എത്തിയത്. അങ്ങനെ എത്തിയവര്‍ പിന്നീട് ഇവിടെ സ്ഥര താമസക്കാരുമായി. 

പക്ഷേ, വ്യാപാരത്തിനായി പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷുകാര്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ എത്തുന്നതോടെ കേരളത്തിലും മതം ഒരു പ്രശ്നകരമായ വിഷയമായി മാറി. ഇവര്‍ മതപരിവർത്തനം ശക്തമാക്കി. അതുവരെ കേരളത്തില്‍ നിലനിന്നിരുന്ന ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും അതിന്‍റെ അവശേഷിപ്പുകളെയും പോലും പൂര്‍ണ്ണമായും കത്തിച്ച് കളഞ്ഞ് പോപ്പിന് കീഴിലേക്ക് മാറ്റുന്നതും ഇക്കാലത്താണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് കേരളത്തിന്‍റെ 'കൊല്ല വര്‍ഷം' ?

1825 -ലാണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത്. ഇത് കൊല്ലം നഗരത്തിന്‍റെ ആവിർഭാവത്തോട് കൂടിയാണെന്ന വാദം ശക്തമാണ്. അതേസമയം തരിസാപ്പള്ളി എന്ന പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇത് ആരംഭിക്കുന്നതെന്ന് മറ്റ് ചില വാദങ്ങളുമുണ്ട്. തരിസാപ്പള്ളി പള്ളിയുടെ ആദ്യ സംഭാവന സ്ഥാണു രവിയുടെ അഞ്ചാം ഭരണ വര്‍ഷത്തിലാണ്. അത് 1840 -50 കളിലാണ്. ഇതോടെ ആ വാദം തെറ്റാണെന്ന് കാണാം. മാത്രമല്ല, ആറാം നൂറ്റാണ്ട് തൊട്ടേ കൊല്ലം ഒരു പ്രധാന തുറമുഖവുമാണ്.

ചരിത്രകാരനായ സുന്ദരം പിള്ള പറയുന്നത് 'സപ്തർഷി കലണ്ടറി'നെ കുറിച്ചാണ്. ഇന്നും കശ്മീരി ബ്രാഹ്മണർ പിന്തുടരുന്ന കലണ്ടർ. സപ്തർഷി കലണ്ടറിന്‍റെ പ്രത്യേകത 'നൂറ് വർഷത്തിലൊരിക്കല്‍ പുതുക്കപ്പെടും' എന്നതാണ്. 1825 -ല്‍ യഥാർത്ഥത്തില്‍ സപ്തർഷി കലണ്ടര്‍ പുതുക്കപ്പെട്ടു. ഈ കാലത്താണ് വേണാടിലേക്ക് ബ്രാഹ്മണരുടെ കുടിയേറ്റം ആരംഭിക്കുന്നത്. അവർ കൊണ്ടുവന്ന സപ്തർഷി കലണ്ടറിന്‍റെ പുതുക്കിയ രൂപമാണ് ഇന്നത്തെ കൊല്ല വർഷം. ഇതാണ് കൊല്ലവർഷത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ വ്യക്തമായ രൂപം. എന്നാല്‍, പിന്നീടിങ്ങോട്ട് ഈ സപ്തർഷി കലണ്ടര്‍ പുതുക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയം.

 

 

Latest Videos
Follow Us:
Download App:
  • android
  • ios