മനുഷ്യ - വന്യജീവി സംഘര്‍ഷങ്ങള്‍ ഏറെ പഠനം നടക്കേണ്ട മേഖല: വിഷ്ണു ഗോപാല്‍
59 വര്‍ഷത്തെ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വന്യജീവി ഫോട്ടോഗ്രഫി മത്സരമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2023 അവാര്‍ഡില്‍ ആനിമല്‍ പ്രോര്‍ട്രേറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മലയാളിയായ വിഷ്ണു ഗോപാലുമായുള്ള അഭിമുഖത്തില്‍ നിന്ന്.
59 വര്‍ഷത്തെ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വന്യജീവി ഫോട്ടോഗ്രഫി മത്സരമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2023 (wildlife photographer of the year award 2023) അവാര്‍ഡില്‍ ആനിമല്‍ പ്രോര്‍ട്രേറ്റ് വിഭാഗത്തില്‍ വിജയിയായത് ഒരു മലയാളി ഫോട്ടോഗ്രാഫറാണ്, വിഷ്ണു ഗോപാല്‍. ലണ്ടനിലെ നാച്യുറല്‍ ഹിസ്റ്ററി മ്യൂസിയം (Natural History Museum) നടത്തുന്ന ഈ അവാര്‍ഡ് വന്യജീവി ഫോട്ടോഗ്രാഫി രംഗത്തെ ഓസ്കാര്‍ എന്ന് അറിയപ്പെടുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഈ അവര്‍ഡ് ലഭിക്കുന്നത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ വിഷ്ണു ഗോപാല്‍ ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഇതിനകം ഖത്തറിലെ ലുസൈൽ ഫോട്ടോഗ്രാഫി അവാര്‍ഡ്, റഷ്യയിലെ 35 അവാര്‍ഡ്സ് തുടങ്ങിയ നിരവധി അന്തര്‍ദേശിയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള വിഷ്ണു ഗോപാലുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ചീഫ് സബ് എഡിറ്റര്‍ കെ ജി ബാലു നടത്തിയ അഭിമുഖത്തില്‍ നിന്ന്.
പ്രവാസ ജീവിതം ആരംഭിച്ചത് എപ്പോള്‍?
കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് ഞാന്‍. എറണാകുളത്ത് ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഫീല്‍ഡിലുള്ള കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് ഖത്തറില്‍ ഒരു റിലേറ്റീവ് വഴി ഓപ്പര്‍ച്യുണിറ്റി ലഭിക്കുന്നത്. 2009 ല്‍ ഖത്തറില്‍ എത്തി. ഇപ്പോള്‍ എഫ്കെ ടൂള്‍സ് എന്ന ഓയില്‍ - കണ്‍സ്ട്രക്ഷന്‍ ബന്ധമുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ സോണിയും മക്കള്‍ തീര്‍ത്ഥ, ശ്രദ്ധ. കുടുംബ സമേതം ഖത്തിലാണിപ്പോള്‍.
ഫുള്‍ടൈം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണോ അതോ?
ഫുള്‍ടൈം ഫോട്ടോഗ്രാഫറല്ല. പാഷന്‍റെ ഭാഗമായിട്ടാണ് ഫോട്ടോഗ്രാഫി ചെയ്യുന്നത്. 12 വര്‍ഷമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്. ലീവ് എടുത്തും മറ്റ് അവധി ദിവസങ്ങളിലുമാണ് ഫോട്ടോഗ്രാഫിക്കായി ഇറങ്ങുന്നത്.
ഫോട്ടോഗ്രാഫി മലയാളം ഖത്തര്‍ എന്ന സംഘടനയിലേക്ക് എത്തിയതെങ്ങനെ?
ഖത്തറില്‍ എത്തിയ ശേഷമാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. എന്നാല്‍, അന്ന് അതിനുള്ള സാഹചര്യങ്ങളൊന്നും ഖത്തറില്‍ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 'ഫോട്ടോഗ്രാഫി മലയാളം ഖത്തര്‍' എന്ന സംഘടന രൂപീകരിക്കുന്നത്. പിന്നാലെ നിരവധി വര്‍ക്ക് ഷോപ്പുകള്‍, എക്സിബിഷനുകള്‍, നാട്ടില്‍ നിന്ന് വളരെ സീരിയേഴ്സ് ആയിട്ടുള്ള ഫോട്ടോഗ്രാഫര്‍മാരെ ഖത്തറില്‍ എത്തിച്ച് വരെ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. അതോടൊപ്പം ഖത്തറിലുള്ള ഈ രംഗത്തെ ഡിസ്ട്രിബ്യൂട്ടേഴ്സുമായി സഹകരിച്ച് അവരുടെ മെന്‍റര്‍മാരെ കൊണ്ടുവന്നും വര്‍ക്ക് ഷോപ്പുകള്‍ നടത്തി. ഗ്രൂപ്പിലെ അംഗങ്ങളെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫേഴ്സ് ആക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇന്ന് സജീവമായ 1600 ഓളം അംഗങ്ങള്‍ സംഘടനയ്ക്കുണ്ട്. അംഗങ്ങളാകണമെങ്കില്‍ ഒരു ചോദ്യാവലി പൂരിപ്പിക്കണം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് മാത്രമാണ് സംഘടനയില്‍ അംഗത്വം. അതോടൊപ്പം ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐസിസി ഫോട്ടോഗ്രാഫി ക്ലബിന്‍റെ പ്രസിഡന്‍റുമാണ്. സമാനമായ രീതിയില്‍ വര്‍ക്ക് ഷോപ്പുകളും പരിപാടികളുമാണ് ഐസിസി നടത്തുന്നതും.
കുട്ടിക്കാലത്ത് ചിത്രരചന നടത്തിയിരുന്നു. ചിത്രരചനയില്‍ നിന്ന് ഫോട്ടോഗ്രാഫിയിലേക്ക് വരുമ്പോഴുള്ള മാറ്റങ്ങള്‍?
കുട്ടിക്കാലത്തെ പാഷന്‍ ചിത്ര രചനയായിരുന്നു. കണ്ട കാഴ്ചകളില്‍ പ്രകൃതി ദൃശ്യങ്ങളായിരുന്നു വരച്ചിരുന്നത്. ഇപ്പോഴും സമയം കിട്ടുമ്പോള്‍ വരയ്ക്കുന്നു. ഖത്തറിലെത്തിയപ്പോഴാണ് ഫോട്ടോഗ്രാഫിയിലേക്ക് കടക്കുന്നത്. ഒരുപക്ഷേ കുട്ടിക്കാലത്തെ ചിത്രരചനാ ബന്ധമാകാം ഫോട്ടോഗ്രാഫിയിലേക്ക് വഴി നടത്തിയത്. ഫോട്ടോഗ്രാഫിയില്‍ റിയലിസ്റ്റിക്ക് കാഴ്ചകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്, അതാത് സാഹചര്യം ഡിമാന്‍റ് ചെയ്യുന്ന രീതിയില്‍ അതിന്‍റെ സ്വതസിദ്ധമായ ഭാവത്തിനെ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫി. ഓരോ സിറ്റ്യുവേഷനും ഓരോ സ്പീഷിസിനും വ്യത്യസ്തമായ കഥകള്‍ പറയാനുണ്ടാകും. ഓരോ ചിത്രങ്ങളെടുക്കുമ്പോഴും നമ്മുക്കും ഒരു കഥ പറയാനുണ്ടാകും. ആ ചിത്രമെടുത്ത സാഹചര്യത്തിന് ചിലപ്പോള്‍ മറ്റൊരു കഥയാകും പറയാനുണ്ടാകുക. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊന്നായിരിക്കും ആ ചിത്രം കാഴ്ചക്കാരനോട് പറയുക. അത്തരം ഒരു റിയലിസ്റ്റിക്ക് അപ്രോച്ചിനെയാണ് ഇപ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും.
എവിടെയൊക്കെ പ്രദര്‍ശനങ്ങള്‍ നടന്നിട്ടുണ്ട്. മറക്കാനാവാത്ത അനുഭവങ്ങള്‍?
ഖത്തറില്‍ മാത്രം പത്തോളം ഫോട്ടോഗ്രാഫി പ്രദരര്‍ശനങ്ങള്‍ നടത്തി. ഇന്ത്യ. ജര്‍മ്മനി എന്നീ രാജ്യങ്ങളിലും. ഇപ്പോള്‍ നേച്ചര്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന്‍റെ ഭാഗമായി ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം ഇംഗ്ലണ്ടില്‍ പ്രദര്‍ശനം നടത്തുന്നു. ഇപ്പോഴത്തെ പ്രദര്‍ശനം അമ്പതോളം രാജ്യങ്ങളില്‍ നടക്കാനിടയുണ്ട്. ഇന്ത്യയിലെ 25 ഓളം ഫോട്ടോഗ്രാഫര്‍മാരുടെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോട്ടോസും ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഖത്തര്‍ കള്‍ച്ചര്‍ ഫോട്ടോസും ക്ലബ് ചെയ്ത് ഖത്തറിലെ കതാര എക്സിബിഷന്‍ സെന്‍ററില്‍ ഫോട്ടോഗ്രാഫി എക്സിബിഷന്‍ ക്യൂറേറ്റ് ചെയ്തത് ഇന്നും അഭിമാനം തോന്നുന്ന ഒന്നാണ്. ആദ്യമായിട്ടാണ് അത്തരമൊരു എക്സിബിഷന്‍ ഖത്തറില്‍ നടക്കുന്നത്.
(വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2023 അവാര്‍ഡില്‍ ആനിമല്‍ പ്രോര്‍ട്രേറ്റ് വിഭാഗത്തില്‍ സമ്മാനം ലഭിച്ച ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രം )
അറ്റ്ലാന്‍റിക് വനങ്ങൾ, ആഫ്രിക്കൻ സവന്ന, മരുഭൂമികള്‍.., അങ്ങനെ ഭൂപ്രകൃതിയില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ അനുഭവങ്ങളും ജീവിതങ്ങളും എങ്ങനെയാണ് ഓരോ യാത്രയും ഫോട്ടോഗ്രാഫിയും?
ഓരോ പ്രദേശവും അതിന്‍റേതായ അനുഭവങ്ങളാണ് നമുക്ക് തരുന്നത്. ഓരോ മൃഗത്തെയും അതിന്‍റെ തനത് ആവാസ വ്യവസ്ഥയില്‍ കാണുകയെന്ന് പറയുന്നത് തന്നെ വലിയൊരു അനുഭവമാണ്. അത്തരം അനുഭവങ്ങളെല്ലാം തന്നെ തികച്ചും വ്യത്യസ്തവുമായിരിക്കും. ബ്രസീല്‍, ബൊളീവിയ, പരാഗ്വേ എന്നീ രാജ്യങ്ങളിലായി പരന്ന് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശമായ പാന്റനാല്‍ (Pantanal), അറ്റ്ലാന്‍റിക് വനങ്ങള്‍, പാപ്പുവയിലെ ട്രോപ്പിക്കല്‍ റെയിന്‍ ഫോറസ്റ്റ്, ആഫ്രിക്കയിലെ സവന്ന, മൗണ്ടേന്‍ ടറൈന്‍, ഡെസേര്‍ട്ട്, സെമി ഡ്രൈ ലാന്‍സ്കേപ്പ്, സൊമാലിയന്‍ അതിര്‍ത്തിയിലെ സമ്പുരു, കെനിയ, അര്‍മേനിയയിലെ മൗണ്ടേന്‍ ഫോറസ്റ്റ്, ബോട്ട്സ്വാന, സെര്‍ബിയയിലെ താര നാഷണല്‍ പാര്‍ക്ക് ഇങ്ങനെ ഒന്നിനൊന്ന് വ്യത്യസ്തവും വൈജാത്യവും നിറഞ്ഞ പ്രകൃതിയും മൃഗങ്ങളെയും ഫോട്ടോകള്‍ക്കായുള്ള യാത്രയില്‍ കണ്ടിട്ടുണ്ട്. ഇവ ഓരോന്നും ഓരോ അനുഭവ പാഠങ്ങളാണ്. നമ്മള്‍ മനുഷ്യര്‍ എപ്പോഴൊങ്കിലുമൊക്കെ ഇത്തരം വ്യത്യസ്ത പ്രദേശങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം.
ഒരോ ചിത്രവും പകര്‍ത്തുന്നതിനുള്ള കാത്തിരിപ്പിനെ ഏങ്ങനെ കാണുന്നു?
ഓരോ ചിത്രമെടുക്കാനുമുള്ള ഫോട്ടോഗ്രാഫറുടെ കാത്തിരിപ്പ് വ്യക്തപരമാണെന്നാണ് എന്‍റെ അഭിപ്രായം. അത് മറ്റൊരാളോട് പറഞ്ഞ് എക്സാജിറേറ്റ് ചെയ്യേണ്ട ഒന്നാണെന്ന് വ്യക്തിപരമായി ഞാന്‍ കരുതുന്നില്ല. ചിലര്‍ മാര്‍ക്കറ്റിംഗിന് വേണ്ടി പറയുന്നതാകും. മാസങ്ങളോളം കാത്തിരുന്ന് ഒരു ചിത്രം ലഭിക്കുമ്പോള്‍, ആ കാത്തിരിപ്പിന്‍റെ സുഖം ഫോട്ടോഗ്രാഫര്‍ സ്വയം അനുഭവിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് ഓരോ ചിത്രവും എന്‍റെ കുഞ്ഞാണ്. കുഞ്ഞിനെ വളര്‍ത്തിയതിന്‍റെ കണക്ക് പറയുന്നത് ശരിയായ കാര്യമല്ലെന്ന് വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നു. ഒരോ സ്പീഷീസിന്‍റെ പുറകില്‍ മാസങ്ങളോളം പോയി എന്ന് പറഞ്ഞ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് പകരം ആ ചിത്രത്തില്‍ നിന്ന് കാഴ്ചക്കാരന് എന്ത് സാറ്റിസ്ഫാക്ഷന്‍ കിട്ടുന്നുവെന്നാണ് ഞാന്‍ ശ്രദ്ധിക്കാറ്. മാത്രമല്ല, ചിലപ്പോള്‍ നമ്മള്‍ സ്ഥലത്ത് എത്തിയ നിമിഷം തന്നെ നല്ല ചിത്രങ്ങള്‍ ലഭിക്കും. അതുകൊണ്ട് ആ ചിത്രത്തിന്‍റെ മൂല്യം കുറയുന്നില്ല. മറിച്ച് ലഭിക്കുന്ന അവസരത്തില്‍ ചിത്രമെന്താണോ ഡിമാന്‍റ് ചെയ്യുന്നത് അത് പകര്‍ത്താന്‍ കഴിയുകയെന്നതാണ്. അതിന് പ്രത്യേകിച്ചൊരു കാത്തിരിപ്പിന്‍റെ ആവശ്യമില്ല. മുന്നിലുള്ള നിമിഷത്തെ പകര്‍ത്തുക എന്നതാണ്. അതിന് കാത്തിരിപ്പ് ആവശ്യമുണ്ടെങ്കില്‍ അത് എക്സാജിറേറ്റ് ചെയ്യേണ്ടതില്ലെന്ന് തന്നെയാണ് എന്‍റെ പക്ഷം. എന്ന് വച്ച് ഉദ്ദേശിക്കുന്ന ചിത്രം കാത്തിരിപ്പ് ആവശ്യപ്പെടുന്നതാണെങ്കില്‍ ഫോട്ടോഗ്രാഫര്‍ അത് ചെയ്യേണ്ടതുണ്ട്.
വ്യത്യസ്ത ടെറൈനുകളില്‍ വ്യത്യസ്ത ലൈറ്റ് സോഴ്സുകളാകും. ഫോട്ടോഗ്രാഫില്‍ ലൈറ്റ് ഏറെ പ്രധാനവും എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടുന്നത്?
ലൈറ്റിംഗ് ഫോട്ടോഗ്രാഫിയില്‍ വളരെ പ്രധാനമാണ്. പലപ്പോഴും ഉള്‍വനങ്ങളിലും മൌണ്ടെന്‍ ടെറൈനിലും കൂടുതല്‍ എക്യുപ്പ്മെന്‍റ് കൊണ്ട് പോകുന്നതില്‍ ബുദ്ധിമുട്ട് നേരിടും. നട്ടുച്ചയ്ക്ക് പോലും സൂര്യവെളിച്ചം കയറാത്ത റെയിന്‍ ഫോറസ്റ്റില്‍ സ്പീഷീസുകളെ കാത്തിരുന്ന് ചിത്രമെടുക്കുകയെന്നാല്‍ വലിയ വെല്ലുവിളിയാണ്. പുറമേ നിന്ന് ലൈറ്റുകള്‍ അധികം കൊണ്ടുപോകാറില്ല. കഴിയുന്നതും പുറത്ത് നിന്നുള്ള ലൈറ്റ് ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധിക്കുക. വെളിച്ചം തീരെ ഇല്ലാത്ത, നിവര്‍ത്തിയില്ലാത്ത സ്ഥലങ്ങളില്‍ ടോര്‍ച്ച് ലൈറ്റ് ഉപയോഗിക്കും. മാക്രോ ഫോട്ടോഗ്രഫിക്ക് മാത്രമാണ് ഫ്ലാഷ് ഉപയോഗിക്കുക.
ഭൂമിക്ക് ചൂടു കൂടുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ എന്താണ് പറയാനുള്ളത്?
മരങ്ങള്‍ വെച്ച് പിടിപ്പിച്ചത് കൊണ്ട് മാത്രം പ്രശ്നപരിഹാരമാകുന്നില്ല. കടലും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാരണം മരങ്ങളില്‍ നിന്ന് പുറം തള്ളുന്നതിനേക്കാള്‍ ഓക്സിജന്‍ കടല്‍ സസ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഒപ്പ രാജ്യങ്ങളും വ്യാവസായ ശാലകളും കാര്‍ബണ്‍ ന്യൂട്രല്‍ ആയിട്ടുള്ള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഒപ്പം പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്‍റ് കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. ഫോസില്‍ എനര്‍ജിക്ക് പകരമായി ഹൈഡ്രോ ഇലക്ട്രിക്ക്, സോളാര്‍, വിന്‍റ് എനര്‍ജികള്‍ കൂടുതലായി ഉപയോഗിക്കുകയും അതിലേക്ക് കൂടുല്‍ ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട്.
പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍?
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കൂടുതലും 'കൂട് നേച്ചേര്‍ സൊസൈറ്റി'യുമായി ചേര്‍ന്നാണ് ചെയ്തിട്ടുള്ളത്. 'കൂട്' ഒരു നേച്വർ മാസിക പ്രസിദ്ധീകരിച്ചിരുന്നു. ആറ് വര്‍ഷത്തോളം അത് പുറത്തിറങ്ങി. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പ്രസിദ്ധീകരണം നിലച്ചു. വീണ്ടും തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. പാരിസ്ഥിതിയുമായി ബന്ധപ്പെട്ട ലീഗല്‍ കാര്യങ്ങള്‍ക്ക് സംഘടനകളുമായി ചേര്‍ന്ന് ധനസമാഹരണം നടത്തുന്നു. ആഫ്രിക്ക, വടക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട എന്‍ജിയോകളുമായി സഹകരിക്കുന്നു. ഓരോ യാത്രയിലും തദ്ദേശീയ ജനതകളെ സഹായിക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍ജിയോകളുമായി ബന്ധപ്പെട്ട് ചെയ്യുന്നു.
ഫോട്ടോഗ്രാഫിയും കോപ്പി റൈറ്റ് പ്രശ്നങ്ങളും?
എന്‍റെ ചിത്രങ്ങള്‍ക്ക് ഞാന്‍ സിഗ്നേച്ചര്‍ വയ്ക്കാറില്ല. എന്‍റെ പടങ്ങള്‍ തന്നെയാണ് എന്‍റെ സിഗ്നേച്ചര്‍ എന്ന് ഞാന്‍ കരുതുന്നു. അതേസമയം പ്ലേഗറിസം ചെയ്യുന്ന ആളുകള്‍ നമ്മുടെ നാട്ടിലുമുണ്ട്. മറ്റുള്ളവരുടെ ചിത്രങ്ങള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ട് ലോഗോ വച്ച് പ്രദര്‍ശനം നടത്തിയവര്‍ വരെയുണ്ട്. കാഴ്ചക്കാരന് അത് മനസിലായില്ലെങ്കിലും ഈ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് പെട്ടെന്ന് മനസിലാകും. ഒരു പാഷനേറ്റ് ഫോട്ടോഗ്രാഫര്‍ എന്ന നിലയിലും കണ്‍സര്‍വേഷന്‍ ആക്റ്റിവിറ്റിക്ക് വേണ്ടിയും അല്ലെങ്കില്‍ ഒരു മെസേജ് പാസ് ചെയ്യാനുമൊക്കെയായി ആരെങ്കിലും ചിത്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഹൈ റസല്യൂഷന്‍ ചിത്രങ്ങള്‍ തന്നെയാണ് ഞാന്‍ കൊടുക്കാറുള്ളത്. പക്ഷേ ഫുള്‍ടൈം ഫോട്ടോഗ്രാഫി ചെയ്യുന്ന ഒരാള്‍ക്ക് അത് ചെയ്യാന്‍ പറ്റണമെന്നില്ല. കാരണം അത് അവരുടെ ലൈഫാണ്. കോപ്പിറൈറ്റ് വിഷയങ്ങള്‍ വലിയൊരു കണ്‍സേണ്‍ തന്നെയാണ്. വ്യക്തിയെയും വ്യക്തിയുടെ താത്പര്യങ്ങളെയും മാനിക്കുക എന്നത് ഒരു മനുഷ്യനെന്ന നിലയില്‍ നമ്മുടെ കടമ കൂടിയാണ്.
സന്ദര്‍ശിച്ച ഓരോ നാടും ഏങ്ങനെയാണ് തങ്ങളുടെ വനങ്ങളെയും വന്യമൃഗങ്ങളെയും കൈകാര്യം ചെയ്യുന്നത്?
ഈ യാത്രകളില്‍ നിന്ന് വ്യക്തിപരമായി എനിക്ക് തോന്നിയത്, നമ്മുടെ ജനങ്ങള്‍ മൃഗങ്ങളെ പരിഗണിക്കുന്നതിനേക്കാള്‍ കുറച്ച് കൂടി സൗമ്യമായി മറ്റ് രാജ്യങ്ങളിലുള്ളവര്‍ മൃഗങ്ങളെ, കാടിനെ പരിഗണിക്കുന്നതിന് നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലായാലും കാട്ടിലായാലും എന്തിന് ഓരോ വ്യൂപോയന്‍റിലും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യകൂനകളാണ് ആദ്യം കാണുക. അതേസമയം ബോട്സ്വാനയിലെ കാട്ടില്‍ കൂടി പത്ത് ദിവസത്തോളം ഞങ്ങള്‍ നടന്നിട്ടും അതും ആയിരക്കണക്കിന് സന്ദര്‍ശകരെയും കൊണ്ട് പോകുന്ന വാഹനങ്ങള്‍ കടന്ന് പോകുന്ന കാട്ടില്‍ കൂടിയുള്ള വഴികളില്‍ പോലും ഒരു പേപ്പര്‍ കഷ്ണം പോലും എവിടെയും കണ്ടിട്ടില്ല. ഇനി അങ്ങനെ എന്തെങ്കിലും കണ്ടാല്‍ വാഹനത്തിലെ ഡ്രൈവര്‍ വന്യമൃഗ സാമീപ്യമുണ്ടോയെന്ന് ശ്രദ്ധിച്ച ശേഷം വാഹനം നിര്‍ത്തി. ആ മാലിന്യം അതെന്തായാലും എടുത്ത് സന്ദര്‍ശകരെ കൊണ്ട് പോകുന്ന വാഹനത്തില്‍ കയറ്റി കാടിന് പുറത്ത് എത്തിക്കും. അങ്ങനെയാണ് അവര്‍ സ്വന്തം കാടുകളെ സംരക്ഷിക്കുന്നത്. അതേ സമയം നമ്മുടെ കാട്ടില്‍ കൂടി പോകുമ്പോള്‍ റോഡിന്‍റെ ഇരുവശത്തും പ്ലാസ്റ്റിക്ക് മാലിന്യം മാത്രമാണ് കാണാനാകുക.
വന്യജീവി - മനുഷ്യ സംഘര്‍ഷത്തെ കുറിച്ച്?
അത് ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ചിലയിടത്ത് അത് സംസ്കാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റ് ചില സ്ഥലങ്ങളില്‍ അത് രാഷ്ട്രീയ പ്രശ്നമായിരിക്കും. ബോട്സ്വാനയില്‍ ആനകളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് കാശ് കൊടുത്ത് ആനവേട്ടയ്ക്ക് അനുമതി കൊടുത്തു. കെനിയയിലെ മസായികളെ സംബന്ധിച്ച് സിംഹത്തെ കൊന്നാലാണ് ആണായി അംഗീകരിക്കുക. ഇത് സര്‍ക്കാര്‍ ബോധവത്കരണം നടത്തി നിര്‍ത്തലാക്കി. ഇതൊക്കെ ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കി വലിയ പഠനം നടത്തേണ്ട വിഷയമാണ്.
നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്ത് തോന്നി?
ജീവിതത്തില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നാണ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ അവാര്‍ഡ് ലഭിച്ചപ്പോള്‍ തോന്നിയത്. അതും ഏറ്റവും കൂടുതല്‍ കോമ്പറ്റീഷനുള്ള ആനിമല്‍ പ്രോര്‍ട്രേറ്റ് വിഭാഗത്തില്‍ തന്നെ നേടാന്‍ കഴിഞ്ഞതിലും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, വന്യജീവി ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവാര്‍ഡ് കേരളത്തിലേക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു.
അടുത്ത ലക്ഷ്യങ്ങള്‍ ?
മഡഗാസ്കറിലേക്കും (ഡിസംബര്‍ - ജനുവരി), ആര്‍ട്ടിക്കിലേക്ക് (ജൂണ്‍) ഇങ്ങനെ രണ്ട് യാത്രകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്.
'ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍' മലയാളിക്ക്; വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡ് !