ജാർഖണ്ഡിൽ കേവല ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും: കൽപ്പന സോറൻ
ആ അഞ്ച് മാസങ്ങൾ ജീവിതത്തിൽ ഞാൻ മറക്കില്ല. ഒരു വീട്ടമ്മയിൽ നിന്ന് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലേക്ക് ആ സാഹചര്യമാണ് എന്നെ വളർത്തിയത്.
ഹേമന്ത് സോറൻ സർക്കാർ കേവല ഭൂരിപക്ഷത്തേക്കാൾ സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് ജെഎംഎം നേതാവും ഹേമന്ത് സോറൻ്റെ ഭാര്യയുമായ കൽപ്പന സോറൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
ഒന്നാം ഘട്ടത്തിൽ പോളിംഗ് ഉയർന്നത് ഇതിന് തെളിവെന്നും സോറൻ്റെ ജയിൽവാസം ജീവിതത്തിലെ പ്രതിസന്ധിഘട്ടമായിരുന്നുനെന്നും പറഞ്ഞ കൽപ്പന സോറൻ പാർട്ടിയുടെയും ജനങ്ങളുടെയും പിന്തുണയാണ് തന്നെ വീട്ടമ്മയിൽ നിന്ന് രാഷ്ട്രീയക്കാരിയാക്കിയതെന്നും കൂട്ടിച്ചേർത്തു. ജാർഖണ്ഡിൽ നിന്ന് ധനേഷ് രവീന്ദ്രൻ തയ്യാറാക്കിയ അഭിമുഖത്തിൽ നിന്ന്.
ഉന്നത ബിരുദധാരി, ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട വ്യക്തി എങ്ങനെ കാണുന്നു?
ഉന്നത വിദ്യാഭ്യാസം ലഭിച്ചതിൽ എല്ലാം നന്ദിയും കുടുംബത്തോടും മാതാപിതാക്കളോടുമാണ്. വിവാഹത്തിന് ശേഷമാണ് എംബിഎയ്ക്ക് പഠിക്കാൻ ചേർന്നത്. ഇതിനിടെ രണ്ടാമത്തെ കുട്ടി ജനിച്ചു. കഴിഞ്ഞ വർഷമാണ് എംബിഎ പഠനം പൂർത്തിയാക്കിയത്. എല്ലാ പ്രതിസന്ധിഘട്ടത്തിലും കുടുംബം ഒപ്പം നിന്നതാണ് തന്നെ ശക്തമാക്കിയത്. ഇപ്പോൾ ഗാഡെയിലെ ജനങ്ങളുടെ പ്രതിനിധിയാണ്. ജനക്ഷേമത്തിനാണ് തന്‍റെ മുൻഗണ.
ഹേമന്ത് സോറൻ്റെ അറസ്റ്റ് രാഷ്ട്രീയമായി മാത്രമല്ല വ്യക്തിപരമായും താങ്കളെ ബാധിച്ചു ഇതെങ്ങനെ അതിജീവിച്ചു?
ഭാര്യ എന്ന നിലയിലും രണ്ടു കുട്ടികളുടെ അമ്മ എന്ന നിലയിലും വലിയ പ്രതിസന്ധിഘട്ടമായിരുന്നു അത്. കുടുംബത്തിന്‍റെയും പാർട്ടിയുടെയും വലിയ പിന്തുണ തനിക്ക് ലഭിച്ചു. അങ്ങനെയാണത് അതിജീവിക്കാൻ ആയത്. ഇപ്പോൾ താൻ കൂടുതൽ കരുത്തുറ്റവളാണ്. ആ അഞ്ച് മാസങ്ങൾ ജീവിതത്തിൽ ഞാൻ മറക്കില്ല. ഒരു വീട്ടമ്മയിൽ നിന്ന് ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിലേക്ക് ആ സാഹചര്യമാണ് എന്നെ വളർത്തിയത്. ചെറിയൊരു കുടുംബമായ തനിക്ക് ഇപ്പോൾ ജാർഖണ്ഡിലെ നാലരക്കോടി ജനങ്ങളുടെ വലിയൊരു കുടുംബമുണ്ട്.
താങ്കളെ കൂടുതലും സ്ത്രീകളാണ് കാണാനും സംസാരിക്കാനുമെത്തുന്നത്. റാലികളിലും സ്ത്രീ സാന്നിധ്യം കൂടുതലാണ്, ഇത് വോട്ടെടുപ്പില്‍ നിർണ്ണായകമാകുമോ ?
സ്ത്രീകൾ മാത്രമല്ല മുതിർന്നവരും യുവാക്കളും അടക്കം തന്നെ കേൾക്കാൻ എത്തുന്നുണ്ട്. ഹേമന്ത് സോറൻ സർക്കാർ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കി. ജനങ്ങളോട് ഈ സർക്കാർ സത്യസന്ധത കാണിച്ചു. വീണ്ടും അധികാരത്തിലേക്ക് ജനങ്ങൾ തിരികെ എത്തിക്കും.
ബംഗ്ലാദേശിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്തേക്ക് എത്തുന്നു എന്ന വാദം ബിജെപി ഉയർത്തുന്നുണ്ടല്ലോ, അതിന് മറുപടി എന്താണ് ?
ജാർഖണ്ഡ് അന്താരാഷ്ട്ര അതിർത്തിയുള്ള സംസ്ഥാനമല്ല. ഇത് നടക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി കേന്ദ്രസർക്കാരാണ്. അന്താരാഷ്ട്ര അതിർത്തികളിൽ അവരെന്താണ് ചെയ്യുന്നത്? സർക്കാരിനെതിരെ ഉന്നയിക്കാൻ ഒന്നുമില്ലാത്തപ്പോൾ ഈ വാദം ഉന്നയിക്കാൻ ശ്രമിക്കുകയാണ് ബിജെപി. കോവിഡ് സമയത്ത് അടക്കം ഈ സർക്കാർ ജനങ്ങളെ ഒപ്പം നിർത്തി. തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഗ്രാമീണ മേഖലയിൽ അടക്കം വലിയ രീതിയിലാണ് വോട്ടിംഗ് നടന്നത്. സ്ത്രീകൾ ഉൾപ്പടെ ആവേശത്തോടെ വോട്ട് ചെയ്തു. ഇതിനെല്ലാം അർത്ഥം അവർ ഈ സർക്കാരിനെ ആഗ്രഹിക്കുന്നുവെന്നാണ്. വീണ്ടും ഈ സർക്കാർ തന്നെ അധികാരത്തിലെത്തും.
ചെംബൈ സോറൻ പാർട്ടി വിട്ടത് പ്രതിസന്ധിയാണോ? എത്ര സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ?
കേവല ഭൂരിപക്ഷത്തെക്കാൾ സീറ്റുകൾ ഇക്കുറി ലഭിക്കും. ഗ്രാമമേഖലയിലെ വോട്ടിംഗ് ശതമാനം ഉയർന്നത് പാർട്ടിക്ക് അനുകൂലമാണ്. ഈ സർക്കാരിനോടുള്ള സ്നേഹം ജനങ്ങൾ വോട്ടിംഗിലൂടെ നൽകും.