Interview: 'രാജീവ് രവി എന്ന ലേബൽ ഗുണം ചെയ്തു, ബാക്കി വന്നവർ ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായത്'
അരികുവത്കരിക്കപ്പെട്ട ഒരു മലയാളി ചെറുപ്പക്കാരൻ്റെ ജീവിത സാഹചര്യങ്ങളിലേയ്ക്ക് ഇൻട്രോയില്ലാതെ തള്ളിയിടുകയാണ് സംവിധായകൻ..
2022ലെ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ് അമൽ പ്രാസി സംവിധാനം ചെയ്ത 'ബാക്കി വന്നവർ'. സൗഹൃദക്കൂട്ടായ്മയിൽ നിന്ന് 12,000 രൂപ ചെലവിലൊരുക്കിയ ചിത്രത്തെ രാജീവ് രവിയുടെ നേതൃത്വത്തിൽ കളക്ടീവ് ഫേസ് വൺ കൂടുതൽ പുതുമയോടെ അവതരിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം യൂട്യൂബിൽ ലഭ്യമായത്. 'ഹാർഡ് ഹിറ്റിങ് റിയാലിറ്റി'യാണ് പ്രേക്ഷകർക്ക് ബാക്കി വന്നവർ. അരികുവത്കരിക്കപ്പെട്ട ഒരു മലയാളി ചെറുപ്പക്കാരൻ്റെ ജീവിത സാഹചര്യങ്ങളിലേയ്ക്ക് ഇൻട്രോയില്ലാതെ തള്ളിയിടുകയാണ് സംവിധായകൻ ചെയ്തത്. അടിമുടി പൊളിറ്റിക്കലായ ചിത്രത്തെ ആശങ്കകളോടെയല്ലാതെ കണ്ടുതീർക്കാനാവില്ല. സംവിധായകൻ അമൽ പ്രാസി ഏഷ്യാനെറ്റ് ന്യൂസ് ഒൺലൈനോട് സംസാരിക്കുന്നു...
സത്യസന്ധമായ കഥ
കഥ പറയാമെന്ന് കരുതുമ്പോൾ തന്നെ സത്യസന്ധമായി പറയണമെന്ന തീരുമാനമുണ്ടായിരുന്നു. പ്രധാന റോൾ ചെയ്തിരിക്കുന്നത് കോ-റൈറ്റർ കൂടിയായ സൽമാനുലാണ്. ഡെലിവറി ബോയിയുടെ മോണോലോഗ് എന്ന തരത്തിൽ പ്ലാൻ ചെയ്യുമ്പോൾ ഒട്ടും സിനിമാറ്റിക് ആക്കാതെ യഥാർഥ ജീവിതത്തോട് നീതി പുലർത്തുമെന്ന് തീരുമാനിച്ചു. കഥാപാത്രങ്ങളായവരെല്ലാം മഹാരാജാസിൽ പഠിച്ചവരും നേരിൽ അറിയുന്നവരുമാണ്. ഓരോരുത്തർക്കും അവരുടെ കഥാപാത്രത്തിൻ്റെ എസൻസും സാഹചര്യവുമാണ് പറഞ്ഞുകൊടുത്തത്. ബാക്കി അവരുടെ ഇൻപുട്ടിൽ ഇംപ്രവൈസ് ആയതാണ്. ഓരോരുത്തരും ജീവിതത്തിൽ അതേ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. തൊഴിലിടത്തും വ്യക്തി ജീവിതത്തിലും ഓരോ കഥാപാത്രങ്ങൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഞങ്ങളുടേത് കൂടിയാണ്. ജീവിതാനുഭവങ്ങളാണ് 'ബാക്കി വന്നവരുടെ' നട്ടെല്ല്.
പറയുന്ന കാര്യത്തിൽ ആധികാരികത ഉണ്ടാകണമെന്നുണ്ടായിരുന്നു. പക്ഷേ പൊളിറ്റിക്കൽ ആകണമെന്ന നിർബന്ധത്തോടെ ചെയ്തിട്ടില്ല. ആ കഥാപാത്രത്തിൻ്റെ ജീവിതത്തിൽ എന്തൊക്കെ നടക്കും എന്നാണ് ചിന്തിച്ചത്. ക്യാറ്ററിങ് ജോലിക്ക് പോകുമ്പോൾ നേരിടുന്ന വിവേചനം ഉൾപ്പെടെ അനുഭവിച്ചിട്ടുള്ളതാണ്. അനുഭവങ്ങളെ ഒരു നൂലിൽ എന്നപോലെ കോർത്തു കൊണ്ടുവരികയായിരുന്നു. ആ ഒഴുക്കിലാണ് സിനിമ ഇത്രയും പൊളിറ്റിക്കലായി വന്നത്.
ബൈക്ക് എന്ന മെറ്റഫർ
ബൈക്ക് ഒരു മെറ്റഫറായി വായിക്കപ്പെട്ടു. മുന്നോട്ടു പോകാൻ കഴിയാത്തതിൻ്റെ, നിശ്ചലാവസ്ഥയുടെ.. ഉന്തിത്തള്ളി അതിജീവിക്കാൻ ശ്രമിക്കുന്ന യൗവ്വനത്തിൻ്റെ പ്രതീകം. അങ്ങനെ സിനിമയ്ക്ക് പല റീഡിങ്ങുകൾ ഉണ്ടായിവന്നു. ആത്യന്തികമായി കാണുന്നവരുടേതാണ് സിനിമ. നമ്മളൊരുകാര്യം ക്രിയേറ്റ് ചെയ്തു വിടുന്നു. ചിന്തിക്കാത്ത തരത്തിലുള്ള വ്യാഖ്യാനങ്ങൾ വരുന്നത് സന്തോഷമാണ്.
ഭാഷാപ്രയോഗങ്ങളിലെ നീതി
ഒരുതരത്തിലുമുള്ള മായം ഉണ്ടാകരുത് എന്നാണ് കരുതിയത്. നമ്മുടെ സർക്കിളിൽ നമുക്ക് ഇഷ്ടമുള്ളപോലെ സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമല്ലോ. അങ്ങനെയൊരു കോളേജ് ഹോസ്റ്റലിനകത്ത് ക്യാമറ വയ്ക്കുന്ന സത്യസന്ധതയാണ് കഥയിൽ ആഗ്രഹിച്ചത്. ഭാഷാപ്രയോഗത്തിലും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യാനാകില്ലായിരുന്നു. അത്രയും ഫ്രസ്ട്രേറ്റഡ് ആയായാണല്ലോ ഓരോ കഥാപാത്രങ്ങളും ജീവിച്ചുപോകുന്നത്.
എല്ലാം സംസാരിക്കപ്പെടേണ്ടത്..
ആഗോളവൽകരണം, തൊഴിൽ ചൂഷണം, കേരള മോഡലിലെ അപര്യാപ്തതകൾ, ഭൂമിവിതരണത്തിലെ അനീതിയുമെല്ലാം ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന ബോധ്യമുണ്ടായിരുന്നു. എല്ലാതരത്തിലും ഒരു ചെറിയ സിനിമയാണ് ഞങ്ങളുടേത്. തുച്ഛമായ പണം മുടക്കിയെടുത്ത, പുതുമുഖങ്ങൾ അഭിനയിച്ച, പുതിയ ടെക്നീഷ്യൻസ് ഒരുക്കിയ സിനിമ. അങ്ങനൊരു ചിത്രം ഐഎഫ്എഫ്കെ വേദിയിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ വലിയ അംഗീകാരമായിരുന്നു. സ്കേലിനെ വച്ച് താരതമ്യം ചെയ്താൽ കിട്ടാവുന്നതിൽ മികച്ച ശ്രദ്ധ കിട്ടിയെന്ന് പറയാം. പക്ഷേ പ്രമേയത്തിൻ്റെ വലുപ്പം കൊണ്ട് കുറച്ചുകൂടി ആളുകളിലേയ്ക്ക് എത്തണമെന്നുണ്ട്. ഇതൊരു മുഖ്യധാരാ സിനിമയിലായിരുന്നുവെങ്കിൽ കുറച്ചുകൂടി ആളുകൾ ഇതിനെ അഡ്രസ് ചെയ്തേനെ.
പ്രിവിലേജ് ഇല്ലാതെ അവശേഷിക്കുന്നവരോട്
സർവൈവ് ചെയ്യാൻ സകല വഴിയും നോക്കുക എന്നേ പറയാനുള്ളൂ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ശമ്പളമില്ലാതെ ജോലിചെയ്ത് നട്ടം തിരിഞ്ഞ്, ഒടുക്കം ടെർമിനേറ്റ് ആയി അതേപോലൊരു ഫ്രസ്ട്രേഷനിൽ നിൽക്കുമ്പോഴാണ് ബാക്കി വന്നവർ സിനിമയാക്കാനുള്ള തീരുമാനം. ഞങ്ങളുടെ വഴി ഇതായതുകൊണ്ടാണ് എക്സ്പ്രഷൻസ് സിനിമയിലൂടെ പുറത്തേയ്ക്ക് വിട്ടത്. അതേപോലെ പലരീതിക്കും പ്രതികരിച്ച് ഒന്നിച്ച് മുന്നോട്ട് പോവുക. സിനിമയിലെ പ്രധാന കഥാപാത്രം ഒരിടത്തും പ്രതികരിക്കാത്തൊരാളാണ്. അത് അയാളുടെ സ്വഭാവമാണ്. അതേപോലെ നിസ്സഹായരായി നിൽക്കാനാണ് പലരുടെയും വിധി. അങ്ങനെ നിൽക്കാതെ ഈ മോഡേൺ വേൾഡിൽ എങ്ങനെയെങ്കിലുമൊക്കെ സർവൈവ് ചെയ്ത് പോവുകയാണ് ആകെ ചെയ്യാവുന്ന കാര്യം.
(ലൊക്കേഷൻ ചിത്രം)
തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അനേകൻ
സ്ക്രീനിങ് ഉണ്ടായിടത്തൊക്കെ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ട കഥാപാത്രമാണ് അനേകൻ്റേത്. ഊരിൽ നിന്ന് നഗരത്തിൽ പഠിക്കാൻ വന്ന ആദിവാസി യുവാവ് പഠനം പൂർത്തിയാക്കി വീണ്ടും പറമ്പിൽ പണിയെടുക്കാൻ നാട്ടിലേക്ക് തിരികെ പോകുകയാണ്. കൃഷിപ്പണി ഒരു മോശം കാര്യമാണോ എന്ന ചോദ്യം നമുക്ക് നേരെ വന്നു. അങ്ങനെയല്ല... കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുകയാണ്. അരികുവത്കരിക്കപ്പെട്ടവർക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം മാത്രമാണ് പ്രതീക്ഷ. സിനിമ കണ്ടിട്ട് കൃഷിപ്പണി ഒരു മോശം പണിയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കിൽ നമ്മൾ നമ്മുടെ പ്രിവിലേജിൽ നിന്നാണ് ചോദിക്കുന്നതെന്നാണ് വിശ്വാസം. അതിനകത്ത് നിൽക്കുന്നവർക്ക് പുറത്തു കടക്കാനായിരിക്കും താല്പര്യം. സിറ്റി ലൈഫിൽ വൈറ്റ് കോളർ ജോബിൽ ഇരിക്കുന്നവർക്ക് കൃഷിപ്പണിയാണെങ്കിൽ ആരെയും പെടിക്കണ്ട, സ്വാതന്ത്ര്യമുണ്ട് എന്നൊക്കെ പറയാം. രണ്ടിടത്തും അതിൻ്റെ 'കോൺട്രാസ്റ്റുകൾ' ഉണ്ട്.
ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങൾ തർക്കിക്കുന്ന സീൻ ഉണ്ട്. വിദേശത്തേക്ക് പോകണമെന്നും പോകരുതെന്നുമാണ് തർക്ക വിഷയം. സംവിധായകനും എഴുത്തുകാരനും എന്തിനെ പിന്തുണയ്ക്കുമെന്ന ചോദ്യം വന്നു. അങ്ങനെ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല. അത് സിനിമയിലെ കഥാപാത്രങ്ങളുടെ സംസാരമാണ്. രണ്ടും ഇവിടുത്തെ യാഥാർത്ഥ്യങ്ങളാണ്. ഏത് ഭാഗത്ത് നിൽക്കും എന്നതിലല്ല. രണ്ടുപേരുടെ ആശങ്കകളിലും കാര്യമുണ്ട്, ഇവിടുത്തെ നിസ്സഹായതയാണ് പറയാൻ ശ്രമിക്കുന്നത്.
രാജീവ് രവിയുടെ പിന്തുണ
ഐഎഫ്എഫ്കെയിൽ എത്തി രാജീവ് രവി പടം കണ്ടതിനു ശേഷമാണ് ഇപ്പോൾ കാണുന്ന കൂടുതൽ റിഫൈൻഡ് ആയ വേർഷൻ പുറത്തെത്തിയത്. ടെക്നിക്കൽ പരിമിതികൾ കണ്ടാൽ മനസിലാകും. സൗണ്ട് ഒക്കെ വളരെ റോ ആയാണ് എടുത്തിട്ടുള്ളത്. പുതിയ വേർഷന് ലിജു പ്രഭാകർ ആണ് കളർ ചെയ്തത്. തപസ് നായക് സൗണ്ട് മിക്സിങ്ങും പയസ് മോൻ സണ്ണി സൗണ്ട് ഡിസൈനും ചെയ്തു. കളക്ടീവ് ഫേസ് വണ്ണുമായി ചേർന്ന് സിനിമ കുറച്ചുകൂടി റിഫൈൻ ചെയ്ത് ഒരു ബെറ്റർ ഔട്ട്പുട്ട് ആക്കിയിട്ടാണ് ഇൻഡിപെൻഡൻ്റ് തിയേറ്റർ റിലീസിനും മറ്റും പോയത്. രാജീവ് രവി പ്രസൻ്റ്സ് എന്ന ലേബൽ സിനിമയ്ക്ക് ഗുണം ചെയ്തു.
മറ്റൊരു ചിത്രം
പറയാതെ പോകുന്ന മനുഷ്യരുടെ കഥ പറയാനാണ് ആഗ്രഹിച്ചത്. ബ്ലൂ കോളർ സിനിമാസ് എന്ന പ്രൊഡക്ഷൻ തന്നെ ഉണ്ടാക്കിയത് അതിനാണ്. ഹോണസ്റ്റ് ആയ ചെറിയ സിനിമകൾക്ക് ഒരു കളക്ടീവാണ് ഞങ്ങളുടെ ആഗ്രഹം. പല ആശയങ്ങളും മനസിലുണ്ട്..