തെരുവിൽ ഭിക്ഷ യാചിച്ച ബാല്യം, എച്ചിൽക്കൂനയിൽ ഭക്ഷണം തിരഞ്ഞ പെൺകുഞ്ഞ്, 20 വര്‍ഷത്തിന് ശേഷം ഇന്ന് ഡോക്ടർ പിങ്കി!

തെരുവില്‍ ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു പിങ്കി ഹരിയാന്‍. 2004-ൽ ടിബറ്റൻ സന്യാസിയും ധരംശാല ആസ്ഥാനമായുള്ള ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഡയറക്ടറുമായ ലോബ്സാങ് ജംയാങ് അവളെ കണ്ടതോടെയാണ് പിങ്കിയുടെ ജീവിതം മാറിമറിഞ്ഞത്.

success story of pinki haryans himachal pradesh now doctor tibetan monk helps her for education

പ്രതിസന്ധികളോട് പോരാടാൻ തീരുമാനിച്ചവരെ വിജയം എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാകും. അത്തരത്തിലൊരു ജീവിതമാണ് പിങ്കി ഹരിയാൻ എന്ന പെൺകുട്ടിയുടേത്. തെരുവിൽ ഭിക്ഷ യാചിച്ചും മാലിന്യക്കൂമ്പാരങ്ങളിൽ ആഹാരം തേടിയും അലഞ്ഞിരുന്ന ഒരു നാലുവയസുകാരിയിൽ നിന്ന് പിങ്കി ഹരിയാൻ ഇന്നെത്തി നിൽക്കുന്നത് ഡോക്ടറായിട്ടാണ്.  നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും ആൾരൂപമായ പിങ്കിയുടെ ജീവിതം നമ്മെ അത്ഭുതപ്പെടുത്തും, ഒപ്പം സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. 

മക്ലിയോദ്​ഗഞ്ചിലെ തെരുവുകളിൽ ഭിക്ഷ യാചിച്ചും ഒരു നേരത്തെ ആഹാരത്തിനായി തോട്ടിപ്പണി ചെയ്തും ജീവിച്ചിരുന്ന കുടുംബത്തിലെ അം​ഗമായിരുന്നു പിങ്കി ഹരിയാൻ. എന്നാൽ 20 വർഷത്തിനിപ്പുറം പിങ്കി ഇന്ന് ഡോക്ടറാണ്. ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനായി ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്ക് (എഫ്എംജിഇ) തയ്യാറെടുക്കുകയാണ് പിങ്കി ഹരിയാൻ.

വലിയ വഴിത്തിരിവുകളും അത്ഭുതങ്ങളുമാണ് പിങ്കിയുടെ ജീവിതത്തിൽ സംഭവിച്ചത്. 2004-ൽ ടിബറ്റൻ സന്യാസിയും ധരംശാല ആസ്ഥാനമായുള്ള ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഡയറക്ടറുമായ ലോബ്സാങ് ജംയാങ് അവളെ കണ്ടതോടെയാണ് പിങ്കിയുടെ ജീവിതം മാറിമറിഞ്ഞത്. പിങ്കിയും കുടുംബവും അന്ന് ചരൺ ഖുദിലെ ഒരു ചേരിയിലാണ് താമസിച്ചിരുന്നത്. ദാരിദ്ര്യത്തിന്റെ പരകോടിയിൽ നിൽക്കുന്ന ആ പെൺകുഞ്ഞിനെ കണ്ട് അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 

മകളെ വിദ്യാഭ്യാസത്തിന് അയക്കാൻ പിങ്കിയുടെ അച്ഛന് ആദ്യം സമ്മതമായിരുന്നില്ല. പിന്നീട് മണിക്കൂറുകൾ നീണ്ട അനുനയ സംഭാഷണത്തിനൊടുവിൽ പിങ്കിയെ സ്കൂളിലയക്കാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ധരംശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ ജംയാങ്  പിങ്കിയെ ചേർത്തു. നിരാലംബരായ കുട്ടികൾക്കായി ട്രസ്റ്റ് സ്ഥാപിച്ച ഹോസ്റ്റലിൽ താമസിക്കുന്ന ആദ്യത്തെ കുട്ടികളിൽ ഒരാളായി അവൾ മാറി.

തുടക്കത്തിൽ കുടുംബത്തെ പിരിഞ്ഞു താമസിക്കേണ്ടി വന്നെങ്കിലും പിങ്കി പഠനത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. സ്കൂൾ വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും മികച്ച രീതിയിൽ തന്നെ പിങ്കി പൂർത്തിയാക്കി. നീറ്റ് പരീക്ഷയിലും മികവ് തെളിയിച്ചു. യുകെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തോടെ, 2018-ൽ ചൈനയിലെ ഒരു പ്രശസ്ത മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ പിങ്കിക്ക് കഴിഞ്ഞു.

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷം പിങ്കി ധരംശാലയിൽ തിരിച്ചെത്തി. ഇപ്പോൾ എഫ്എംജിഇയ്ക്കായി തയ്യാറെടുക്കുകയാണ് പിങ്കി. സ്വന്തം പോരാട്ടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാവപ്പെട്ടവർക്ക് സേവനമെത്തിക്കാനുള്ള തീരുമാനത്തിലാണ് ഈ പെൺകുട്ടി. തന്റെ ജീവിതത്തിലുടനീളം കടപ്പാട് ജംയാങിനോടാണെന്നും പിങ്കി കൂട്ടിച്ചേർക്കുന്നു. അദ്ദേഹമാണ് ഏറ്റവും വലിയ പ്രചോദനവും. 

നിർധനരായ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജംയാങ്, ടോങ്-ലെൻ ട്രസ്റ്റ് സ്ഥാപിച്ചത്. പിങ്കിയുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും ജംയാങ് പറയുന്നു. പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നല്ല മനുഷ്യരാകാൻ കൂടി കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭിക്ഷാടന ജീവിതത്തിൽ നിന്ന് ഡോക്ടറിലേക്കുള്ള പിങ്കിയുടെ യാത്ര, നിശ്ചയദാർഢ്യവും പിന്തുണയും ഉണ്ടെങ്കിൽ, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെപ്പോലും മറികടക്കാൻ കഴിയുമെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് പിങ്കി ഹരിയാന്റെ ജീവിതം.

10 രൂപ ലാഭിക്കാൻ ദിവസം 3 കിലോമീറ്റർ നടന്നു; ട്യൂഷനെടുത്ത് പഠിക്കാൻ പണം കണ്ടെത്തി; ആരതി നീറ്റ് നേടിയതിങ്ങനെ...

Latest Videos
Follow Us:
Download App:
  • android
  • ios