സംസ്കൃത സർവ്വകലാശാലയിൽ ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം

ചുമർചിത്ര ആലേഖനവുമായി ബന്ധപ്പെട്ട് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്ക് സർവ്വകലാശാല കൺസൾട്ടൻസി സർവ്വീസ് നൽകും. 

Mural Art Heritage Conservation Center at Sanskrit University


എറണാകുളം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം (SSUS Centre for Preservation and Promotion of Mural Arts & Cultural Heritage – SSUS C-MACH) ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ തുടങ്ങുന്ന കേന്ദ്രം, ഫൈൻ ആർട്സ് കൺസോർഷ്യത്തിന് കീഴിലായിരിക്കും പ്രവർത്തിക്കുക. ചുമർചിത്രകലയുടെ പരിപോഷണം, വ്യാപനം, സംരക്ഷണം എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രത്തിലൂടെ ചുമർചിത്രകലയിലും അനുബന്ധ കലാവിഷയങ്ങളിലും സർവ്വകലാശാലയിൽ നടക്കുന്ന പഠനഗവേഷണ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് പ്രാപ്യമാക്കുവാൻ സർവ്വകലാശാല ഉദ്ദേശിക്കുന്നു. 

ക്ഷേത്രങ്ങൾ, പളളികൾ, മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ചുമർചിത്രങ്ങൾ ആലേഖനം ചെയ്യുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതുൾപ്പെടെ നിലവിലുളള ഇത്തരം ചുമർചിത്രങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുളള പദ്ധതികൾ തയ്യാറാക്കുന്നതിനുളള നിർവ്വഹണം, നിർവ്വഹണ മേൽനോട്ടം എന്നിവ ഈ കേന്ദ്രത്തിലൂടെ സർവ്വകലാശാല ഏറ്റെടുക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പറഞ്ഞു. ചുമർചിത്ര ആലേഖനവുമായി ബന്ധപ്പെട്ട് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾക്ക് സർവ്വകലാശാല കൺസൾട്ടൻസി സർവ്വീസ് നൽകും. 

ഇന്ത്യയ്ക്കകത്തും പുറത്തും ചുമർചിത്രകലയുടെ വ്യാപനത്തിനായി ഇത്തരത്തിലുളള പദ്ധതികൾ ആവിഷ്കരിക്കുവാനും നിർവ്വഹിക്കുവാനും ഈ കേന്ദ്രത്തിലൂടെ സർവ്വകലാശാലയ്ക്ക് കഴിയും. കേരളത്തിലെ പൗരാണിക ചുമർചിത്രങ്ങളുടെ വിവരശേഖരണം നടത്തി പഠനഗവേഷണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുവാനും സർവ്വകലാശാല ഈ കേന്ദ്രത്തിലൂടെ ഉദ്ദേശിക്കുന്നുണ്ട്. വിവിധ കൺസൾട്ടൻസി ആവശ്യങ്ങൾക്കായി സർവ്വകലാശാലയിൽ സെക്ഷൻ 8 കമ്പനി ആരംഭിക്കും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണകേന്ദ്രം ഈ സെക്ഷൻ 8 കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കും, ഡോ. എം. വി. നാരായണൻ പറഞ്ഞു.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ചുമർചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി സർവ്വകലാശാലയിലെ ചുമർചിത്രകലാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാജു. ടി. എസിനെ നിയമിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പിനായി ഡയറക്ടർ കൺവീനറായി ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, നാടക വിഭാഗം അധ്യാപിക ഉഷ പി. കെ., ഫിനാൻസ് ഓഫീസർ സുനിൽകുമാർ എസ്., ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, സോഷ്യോളജി വിഭാഗം അധ്യാപിക ഡോ. ശീതൾ എസ്. കുമാർ, മലയാള വിഭാഗം അധ്യാപിക ഡോ. നിനിത ആ‍ർ. എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.

Latest Videos
Follow Us:
Download App:
  • android
  • ios