CUET UG 2022 : സിയുഇടി യുജി ഫലം സെപ്റ്റംബർ 15 ന്? അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസരമുണ്ടോ?
CUET UG അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും എഡിറ്റ് ചെയ്യാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് യുജി ഫലം സെപ്റ്റംബർ 15 ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഉദ്യോഗാർത്ഥികൾക്ക് കറക്ഷൻ വിൻഡോ സംവിധാനം, ഫലം പ്രഖ്യാപിക്കുന്നത് വരെ പ്രയോജനപ്പെടുത്താമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. അപേക്ഷ ഫോമിൽ തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.cuet.samarth.ac.in-ൽ ചെയ്യാം. സെപ്റ്റംബർ 15 രാവിലെ 10 മണി വരെ അപേക്ഷ ഫോമിൽ തിരുത്തൽ വരുത്താൻ ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ട്. 14 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായാണ് സിയുഇടി യുജി ഫലം പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
CUET UG അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും എഡിറ്റ് ചെയ്യാൻ കഴിയില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ പേര്, മാതാപിതാക്കളുടെ പേര്, ജനനതീയതി, ജെൻഡർ, വിഭാഗം, പിഡബ്ലിയുബിഡി, സർവ്വകലാശാലകളുടെ തെരഞ്ഞെടുപ്പ് എന്നിവ മാത്രമേ തിരുത്താൻ സാധിക്കൂ. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in, ൽ നിന്നും ഫലം പരിശോധിക്കുകയും ഡൈൺലോഡ് ചെയ്യുകയും ചെയ്യാം.
സെപ്റ്റംബർ 15 നുള്ളിൽ ഫലം പ്രഖ്യാപിക്കുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ്കുമാർ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 30 വരെ ആറ് ഘട്ടങ്ങളിലായി ഇന്ത്യയിലുടനീളമുള്ള 259 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 9 നഗരങ്ങളിലും സ്ഥിതി ചെയ്യുന്ന 489 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 14,90,000 ഉദ്യോഗാർത്ഥികൾക്കായിട്ടാണ് പൊതുപ്രവേശന പരീക്ഷ നടത്തിയത്.
സ്‌കോർകാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക -- cuet.samarth.ac.in
ഹോം പേജിൽ, CUET UG 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അടുത്ത വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉൾപ്പെടെയുള്ള ക്രെഡൻഷ്യലുകൾ നൽകുക
CUET UG 2022 ഫലം ക്ലിക്ക് ചെയ്ത് ആക്‌സസ് ചെയ്യുക