Budget 2022 : ബജറ്റ് അവതരണം തുടങ്ങി: മഹാമാരിയുടെ പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമെന്ന് ധനമന്ത്രി

മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓർമ്മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അവർ വ്യക്തമാക്കി

nirmala sitaraman presents India budget 2022 Live

ദില്ലി: കേന്ദ്രബജറ്റ് 2022 ന്റെ അവതരണം പാർലമെന്റിൽ തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയത്. പാ‍‍ർലമെന്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോ​ഗമാണ് ബജറ്റിന് അം​ഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.

മഹാമാരിയുടെ ആഘാതം നേരിട്ടവരെ ഓർമ്മിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. പ്രതിസന്ധികളെ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അവർ വ്യക്തമാക്കി. വാക്സീനേഷൻ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സഹായകമായി. സമ്പദ്‌രംഗം മെച്ചപ്പെടുന്നു. 60 ലക്ഷം പുതിയ തൊഴിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. ആരോഗ്യമേഖലയും മെച്ചപ്പെട്ട് വരുന്നു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിൽ സൃഷ്ടിക്കാൻ ആകും. അടുത്ത 25 വർഷത്തെ വികസനത്തിന്റെ ബ്ലൂ പ്രിൻറാണ് ബജറ്റ് 2022. നടപ്പ് സാമ്പത്തിക വർഷം 9.2% വളർച്ച രാജ്യം കൈവരിക്കും. കഴിഞ്ഞ ബജറ്റുകളിൽ സ്വീകരിച്ച നടപടികൾ രാജ്യത്തിന്റെ ഉണർവ്വിന് സഹായകമായെന്നും ധനമന്ത്രി പറഞ്ഞു.

ഇക്കുറിയും കടലാസ് രഹിതമാണ് ബജറ്റ് അവതരണം. ചുവന്ന തുകൽപ്പെട്ടിയിലാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ബജറ്റ് രേഖകൾ പാർലമെന്റിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ഇന്ന് രാവിലെ ധനമന്ത്രാലയത്തിൽ എത്തിയ നിർമല അവിടെ നിന്നും സഹമന്ത്രിമാർക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കുമൊപ്പം രാഷ്ട്രപതി ഭവനിലേക്ക് പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട ശേഷം ധനമന്ത്രിയും സംഘവും പാർലമെന്റിലേക്ക് പോവുകയായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios