Asianet News MalayalamAsianet News Malayalam

തീർത്തും വിവേചനപരം, അംഗീകരിക്കാനാവില്ല, കേരളമടക്കം ഭൂരിപക്ഷം സംസ്ഥാനങ്ങളോടും അവഗണന; ബജറ്റിനെതിരെ പിണറായി

എയിംസ്, പ്രളയ സഹായം, ടൂറിസം, എല്ലായിടത്തും അവഗണന, കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളെയും ഒഴിവാക്കി; ബജറ്റിനെതിരെ പിണറായി 

unacceptable discrimination towards kerala in union budget says pinarayi vijayan cm of kerala
Author
First Published Jul 23, 2024, 5:56 PM IST | Last Updated Jul 23, 2024, 5:57 PM IST

തിരുവനന്തപുരം : ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ  ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. 

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ്  പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും  സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. 

ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ  ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്‍റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ  നിരാശാജനകവും പ്രതിഷേധാർഹവുമാണ്. 

'ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാമായിരുന്നില്ലേ, കേരളത്തിലെ സഹമന്ത്രിമാരെ മറന്നോ'? ബജറ്റിൽ വിമർശനം

കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

കാൻസർ മരുന്നിന് വില കുറയും, കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി 

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്.   ഇത്തവണ നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്‍റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്‍റെ നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ്   ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്. 

പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 - 23ൽ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ  12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത്  12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്  2022- 23 ൽ 90, 806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന  പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണ്. ഈ അവഗണനയ്ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios