വിപണിയിലെ വനിതാ പ്രാതിനിധ്യം കൂട്ടാൻ നിർമ്മല സീതാരാമൻ; ബജറ്റിൽ വാഗ്ദാനം ചെയ്തത് എന്തൊക്കെ
എന്തൊക്കെയാണ് ഇത്തവണ കേന്ദ്ര സർക്കാർ രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വകയിരുത്തിയത് എന്നറിയാം.
ധനമന്ത്രി നിർമ്മല സീതാരാമന്റെ ഏഴാമത്തെ കേന്ദ്ര ബജറ്റിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനം ചെയ്യുന്ന പ്രഖ്യാപനങ്ങളുണ്ട്. എന്തൊക്കെയാണ് ഇത്തവണ കേന്ദ്ര സർക്കാർ രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി വകയിരുത്തിയത് എന്നറിയാം.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി 3 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ വേണ്ടി സർക്കാർ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹോസ്റ്റലുകൾ സ്ഥാപിക്കുക, വനിതാ സ്വയം സഹായ സംഘ സംരംഭങ്ങൾക്ക് വിപണിയിലുള്ള പ്രതിനിധ്യം വർധിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായുള്ള വിഹിതം 2014-സാമ്പത്തിക വർഷത്തിൽ നിന്നും 2025-സാമ്പത്തിക വർഷത്തിൽ 218.8 ശതമാനം വർധിച്ചു, ഇത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിൽ നിന്ന് സ്ത്രീകളുടെ വികസനത്തിലേക്ക് മാറാനുള്ള രാജ്യത്തിൻറെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
കർഷകർ, യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ എന്നിവരുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നതെന്ന് ബജറ്റിന്റെ ആരംഭത്തിൽ തന്നെ നിർമല സീതാരാമൻ പറഞ്ഞിരുന്നു. കരകൗശലത്തൊഴിലാളികൾ, കരകൗശല വിദഗ്ധർ, എസ്എച്ച്ജികൾ, എസ്‌സി/എസ്ടി, വനിതാ സംരംഭകർ, വഴിയോര കച്ചവടക്കാർ, പിഎം വിശ്വകർമ, പിഎം എസ് വാനിധി, എൻആർഎൽഎം, സ്റ്റാൻഡ്-യുപി ഇന്ത്യ തുടങ്ങിയവരുടെ സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്നത് വേഗത്തിലാക്കുമെന്ന് ധനമന്ത്രി എടുത്തുപറഞ്ഞു.
അതേസമയം കഴിഞ്ഞ ബജറ്റുകളിൽ ഉണ്ടായതുപോലെ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമായി പ്രത്യേക നിക്ഷേപ പദ്ധതികളൊന്നും ഇത്തവണ ഉണ്ടായിട്ടില്ല. മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന പോലുള്ള നിക്ഷേപ പദ്ധതികൾ മുൻപ് മോദി സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളാണ്.