Budget 2022 : 5G Spectrum 5 ജി സ്പെക്ട്രം ലേലം ഈ സാമ്പത്തിക വർഷം തന്നെയെന്ന് നിർമല സീതാരാമൻ
5ജിക്കൊപ്പം ഗ്രാമീണ മേഖലയിൽ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം.
ദില്ലി: 5ജി സ്പെക്ട്രം (5G Spectrum) ലേലം ഈ സാമ്പത്തിക വർഷം തന്നെയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ .5ജി സാങ്കേതിക വിദ്യ കൂടുതൽ ജോലി സാധ്യതകൾ തുറക്കുമെന്നാണ് ധനമന്ത്രി ബജറ്റിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്. 2022-2023 സാമ്പത്തിക വർഷത്തിൽ തന്നെ 5ജി സേവനങ്ങൾ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നൽകിത്തുടങ്ങുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
5ജിക്കൊപ്പം ഗ്രാമീണ മേഖലയിൽ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഗ്രാമീണ മേഖലയിലുള്ളവർക്ക് നഗരമേഖലയിലുള്ളത് പോലെ തന്നെ ഇൻ്റർനെറ്റ് സേവനങ്ങൾ ലഭ്യമാവണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി നടപടികൾ സ്വീകരിക്കു. ഒപ്ടിക്കൽ ഫൈബർ ശൃംഖല മെച്ചപ്പെടുത്താനും കൂടുതൽ വിപുലപ്പെടുത്താനും നടപടികളുണ്ടാകുമെന്നാണ് പ്രഖ്യാപനം. 2025ഓടെ മുഴുവൻ ഗ്രാമങ്ങളെയും ഒപ്ടിക്കൽ ഫൈബർ ശൃംഖല വഴി ബന്ധിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറപാകുന്ന ബജറ്റെന്നാണ് ഒന്നര മണിക്കൂർ പ്രസംഗത്തെ ധനമന്ത്രി വിശേഷിപ്പിച്ചത്. ആദായ നികുതി സ്ലാബുകളിൽ മാറ്റമോ പുതിയ ഇളവുകളോ ഈ ബജറ്റിൽ പ്രഖ്യാപിച്ചില്ല. ആദായ നികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തി. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷം വരെ സമയം ഉണ്ടാകും. ഡിജിറ്റൽ കറൻസിയിലേക്ക് രാജ്യം പോകുന്നുവെന്ന നിർണ്ണായക പ്രഖ്യാപനവും നിർമ്മല സീതാരാമൻ നടത്തി.