മോഹവിലയില്‍ കുഞ്ഞന്‍ ഡ്യൂക്ക് അവതരിച്ചു
നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി. 1.18 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.
നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി. 1.18 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില. സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ ABS (ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം) 125 ഡ്യൂക്കില്‍ സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഈ ശ്രേണിയില്‍ എബിഎസ് ഉള്‍പ്പെടുത്തുന്ന ആദ്യ കമ്പനി കൂടിയാണ് കെടിഎം ഡ്യൂക്ക്. അടുത്ത ഏപ്രിൽ ഒന്നു മുതൽ 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ഇന്ത്യയിൽ എ ബി എസ് നിർബന്ധമാക്കിയ സാഹചര്യത്തിലാണിത്. രാജ്യത്ത് 125 നിരയില്‍ ഏറ്റവും വില കൂടിയ പ്രീമിയം ബൈക്കാണ് ഡ്യൂക്ക് 125.
ഡ്യൂക്ക് 200 ഡിസൈനുമായി ഏറെ സാമ്യമുണ്ട് പുതിയ വാഹനത്തിന്. മുന്‍ഗാമികളെ പോലെ ട്രെല്ലീസ് ഫ്രെയിമില്‍ തന്നെയാണ് ഡ്യൂക്ക് 125 ഒരുങ്ങുന്നത്. ചെറിയ ഹെഡ്ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ, വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍സീറ്റ് എന്നിവ തന്നെയാണ് പുതിയ ഡ്യൂക്ക് 125-ലും. വാഹനത്തിനു പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്.124.7 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 15 ബി.എച്ച്.പി. കരുത്തും 12 എന്‍.എം. ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. സിക്സ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.
മുന്നില്‍ യു.എസ്.ഡി. ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനുമായിരിക്കും. 148 കിലോഗ്രാമാണ് ഇന്റര്‍നാഷ്ണല്‍ സ്‌പെക്കിന്റെ ഭാരം. മണിക്കൂറില്‍ വേഗത 120 കിലോമീറ്ററും. സുരക്ഷയ്ക്കായി ഇന്ത്യന്‍ സ്‌പെക്കിലും ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കും. ഡ്യൂക്ക് 125 ന് നിലവിൽ ഇന്ത്യയിൽ എതിരാളികളില്ലെങ്കിലും വില പരിഗണിച്ചാൽ യമഹ ആർ വൺ ഫൈവ് വി 3.0, ടി വി എസ് അപാച്ചെ ആർ ടി ആർ 200 ഫോർ വി എ ബി എസ്, ബജാജ് പൾസർ എൻ എസ് 200 തുടങ്ങിയവയാവും എതിര്‍പക്ഷത്ത്. രാജ്യത്തെ 450 കെടിഎം ഡീലര്‍ഷിപ്പുകളിലൂടെയും വാഹനം ലഭ്യമാകും.