കെഎസ്ആർടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകൾ, നെല്ലാക്കോട്ടയിൽ കാട്ടാന കാർ കുത്തിമറിച്ചിട്ടു;ദൃശ്യങ്ങൾ പുറത്ത്
വയനാട് സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. വയനാട്- നീലിഗിരി അതിര്‍ത്തിയിലുള്ള നെല്ലാക്കോട്ട ടൗണിൽ ഒറ്റയാൻ കാര്‍ ആക്രമിച്ചു.
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിൽ രാത്രിയിലാണ് സംഭവം. രണ്ട് കാട്ടാനകള്‍ ബസിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. ബസിന്‍റെ മുൻഭാഗത്ത് കാട്ടാന ആക്രമിച്ചെങ്കിലും ഉടൻ തന്നെ ബസ് പിന്നിലേക്ക് എടുത്തു. ഇതോടെ അല്‍പ്പസമയത്തിനുശേഷം കാട്ടാനകള്‍ റോഡിൽ നിന്ന് മാറിപോവുകയായിരുന്നു. കാട്ടാനകള്‍ കൂടുതൽ ആക്രമണത്തിന് മുതിരാത്തതിനാൽ അപകടമൊഴിവായി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇതിനിടെ, വയനാട് - നീലിഗിരി ജില്ലാ അതിര്‍ത്തിയിലെ നെല്ലാക്കോട്ട ടൗണിൽ ഒറ്റയാൻ വാഹനങ്ങള്‍ ആക്രമിച്ചു. പ്രദേശവാസിയായ സിറാജുദ്ദീന്‍റെ കാര്‍ കുത്തിമറിച്ചിടുകയായിരുന്നു. കാര്‍ ആക്രമിച്ച ഒറ്റയാൻ സ്ഥലത്ത് ഏറെ നേരെ തുടര്‍ന്നു. ആളുകള്‍ ബഹളം വെച്ചും പടക്കം പൊട്ടിച്ചുമാണ് ഒറ്റയാനെ തുരുത്തിയത്. കാട്ടാന കാര്‍ തകര്‍ത്തിടുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റിയിൽ കാട്ടാന ഇറങ്ങി. ഇന്ന് രാത്രി 9.30നാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയത് ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി മേഖലയിൽ ആന ഇറങ്ങുന്നത് പതിവാണ്.