'നിജ്ജാർ വധവുമായി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല'; മലക്കം മറിഞ്ഞ് കാനഡ

മോദിയെയും നിജ്ജാറിൻ്റെ കൊലപാതകത്തെയും ബന്ധപ്പെടുത്തി കനേഡിയൻ മാധ്യമങ്ങളിൽ അടുത്തിടെ വന്ന വിവാദ റിപ്പോർട്ടുകളെ ട്രൂഡോ സർക്കാർ തള്ളി.

Trudeau Govt Rejects Canadian Media Report Linking PM Narendra Modi To Hardeep Singh Nijjar Killing

ദില്ലി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിം​ഗ് നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിയാമായിരുന്നുവെന്ന വാദത്തിൽ നിന്ന് മലക്കം മറിഞ്ഞ് കാനഡ. നരേന്ദ്ര മോദിയെയും ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തെയും ബന്ധപ്പെടുത്തി അടുത്തിടെ വന്ന വിവാദ റിപ്പോർട്ടുകളെ കനേഡിയൻ സർക്കാർ തള്ളി. മാധ്യമ റിപ്പോർട്ടുകൾ കൃത്യമല്ലെന്നും ഊഹാപോഹങ്ങൾ മാത്രമാണെന്നും കനേഡിയൻ സർക്കാർ അറിയിച്ചു. 

കാനഡയ്ക്കുള്ളിൽ നടന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോ ബന്ധമുള്ളതായി പ്രസ്താവിച്ചിട്ടില്ലെന്നും ഇതിന്റെ തെളിവുകൾ സംബന്ധിച്ച് അറിവില്ലെന്നുമാണ് കാനഡ സർക്കാർ അറിയിച്ചിരിക്കുന്നത്. നിജ്ജാറിനെ കൊല്ലാനുള്ള ഗൂഢാലോചനയെ കുറിച്ച് നരേന്ദ്ര മോദിയ്ക്ക് അറിയാമായിരുന്നു എന്ന കനേഡിയൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോട് രൂക്ഷമായ ഭാഷയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നത്. ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഇത്തരം അപവാദ പ്രചാരണങ്ങൾ ഇതിനോടകം തന്നെ ഉലഞ്ഞുപോയ ബന്ധത്തെ കൂടുതൽ നശിപ്പിക്കുകയേ ഉള്ളൂവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു.

നിജ്ജാർ കൊലപാതകത്തെ കുറിച്ച് നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്നാണ് കനേഡിയൻ സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത കനേഡിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദി ഗ്ലോബ് ആൻഡ് മെയിൽ' റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവൽ, എസ്. ജയശങ്കർ എന്നിവർക്കും ഇതുമായി ബന്ധമുണ്ടെന്നാണ് കനേഡിയൻ, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വിശ്വസിക്കുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മോദിയുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഒരു തെളിവും നൽകാൻ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു സുപ്രധാന ഓപ്പറേഷൻ മോദിയുമായി ചർച്ച ചെയ്യില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നുമായിരുന്നു കനേഡിയൻ സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ട്. ഈ റിപ്പോർട്ട് വലിയ വിവാദമാകുകയും ഇന്ത്യ - കാനഡ ബന്ധത്തെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു.

READ MORE:  അന്ന് ഫിനാൻഷ്യൽ പവ‍ർ ഹബ്, ഇന്ന് 'സെക്സ് ടൂറിസം' സ്പോട്ട്; സാമ്പത്തിക തക‍ർച്ചയിൽ കാലിടറി ടോക്കിയോ

Latest Videos
Follow Us:
Download App:
  • android
  • ios