മനുഷ്യന് നൃത്തം ചെയ്യാനുള്ള കഴിവ് ലഭിച്ചത് ചിമ്പാന്‍സികളില്‍നിന്നോ?

ചിമ്പാൻസികൾക്ക് മനുഷ്യരെപ്പോലെ ഒരു പരിധിവരെ നൃത്തം ചെയ്യാനാകുമെന്ന് അവർ കണ്ടെത്തി. പുതുതായി കണ്ടെത്തിയ ഈ പെരുമാറ്റ രീതി മനുഷ്യ നൃത്തത്തിന്‍റെ പരിണാമവുമായി ബന്ധപ്പെടുത്താൻ ഗവേഷകർ നിർബന്ധിതരായി. 

two chimpanzees performed duo dance and study reveals dancing skill in human related to this

ആവിഷ്‍കരണത്തിന്‍റെ ഏറ്റവും ഉദാത്തമായ പ്രകടനമാണ് നൃത്തം. നൃത്തം വ്യക്തികളുടെ മനസ്സിനെയും ശരീരത്തെയും ഒന്നിപ്പിക്കുന്നു. എന്നാൽ, ഈ സവിശേഷമായ കഴിവ് എവിടെനിന്നാണ് മനുഷ്യന്  ലഭിച്ചതെന്നത് വളരെ രസകരമായ ഒന്നാണ്. മനുഷ്യന് നൃത്തം വയ്ക്കാനുള്ള കഴിവ് ചിമ്പാൻസികളിൽനിന്നാണ് ലഭിച്ചിട്ടുണ്ടാവുക എന്ന് അടുത്തകാലത്ത് നടത്തിയ ഒരു പഠനം സൂചിപ്പിക്കുകയുണ്ടായി.

യുകെയിലെ വാർ‌വിക് സർവകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. മനുഷ്യരുടെ മാത്രം കഴിവായിട്ടാണ് നൃത്തത്തെ നമ്മൾ കണ്ടിരുന്നത്, എന്നാൽ അതല്ല എന്ന് തെളിയിക്കുകയാണ് ഈ ഗവേഷണം. ഒരു യുഎസ് മൃഗശാലയിലെ രണ്ട് ചിമ്പാൻസികൾ നൃത്തത്തിനോട് സാമ്യമുള്ള ചേഷ്‍ടകൾ കാണിക്കുന്നത് ശാസ്ത്രജ്ഞർ നിരീക്ഷിക്കാൻ ഇടയായി. ഇതവരെ മനുഷ്യനൃത്തം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ പ്രേരിപ്പിച്ചു.

'രണ്ട് പെൺ ചിമ്പാൻസികൾ തമ്മിലുള്ള പെരുമാറ്റം താളംകൊണ്ടും, ഏകോപനംകൊണ്ടും, ഓർക്കസ്ട്ര സംഗീതവുമായി ഇണങ്ങുന്നു എന്നവർ ഗവേഷണത്തിൽ കണ്ടെത്തി. മനുഷ്യർക്ക് മറ്റ് ജീവജാലങ്ങളെ നൃത്ത താളത്തിലുടെ ആനന്ദിപ്പിക്കാൻ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇതാദ്യമായാണ് മനുഷ്യരുടെ ഇടപെടൽ ഇല്ലാതെ, അവരുടേത് മാത്രമായി ചേഷ്ടകളിലൂടെ  സ്വയം വിനോദിക്കാം എന്ന് കണ്ടെത്തുന്നത്' ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ചിമ്പാൻസികൾക്ക് മനുഷ്യരെപ്പോലെ ഒരു പരിധിവരെ നൃത്തം ചെയ്യാനാകുമെന്ന് അവർ കണ്ടെത്തി. പുതുതായി കണ്ടെത്തിയ ഈ പെരുമാറ്റ രീതി മനുഷ്യ നൃത്തത്തിന്‍റെ പരിണാമവുമായി ബന്ധപ്പെടുത്താൻ ഗവേഷകർ നിർബന്ധിതരായി. ഇത്തരം ചേഷ്ടകളിൽനിന്ന് നൃത്തം പോലെയുള്ള മനുഷ്യവർഗ്ഗത്തിന്‍റെ ഏറ്റവും ഉദാത്തമായ ഒരു ആവിഷ്കാര ശൈലി രൂപപ്പെട്ടിരിക്കാം എന്നവർ കണ്ടെത്തി.

"ലോകത്തിലെ നിരവധി വിസ്മയകരമായ സംസ്കാരങ്ങളുടെ ഉത്ഭവവും, അതുപോലെതന്നെ  മനുഷ്യശരീരത്തിന്‍റെ ഉത്ഭവവും നമ്മുക്ക് കണ്ടെത്താനായിട്ടുണ്ട്. പക്ഷേ, നൃത്തത്തിന്‍റെ ഉത്ഭവം എന്നും അജ്ഞാതമായിരുന്നു" വാർ‌വിക് സർവകലാശാലയിലെ അഡ്രിയാനോ ലാമീര പറഞ്ഞു.  “നൃത്തത്തിൽ വ്യക്തികൾക്ക് അവരുടെ  ശരീരത്തെ ആകമാനം പങ്കാളിയുടെ ചലനങ്ങളുമായി സമന്വയിപ്പിക്കണം, അതും വളരെ കൃത്യതയോടെ. പുരാതന പ്രാകൃത മനുഷ്യരുടെ ഇടയിൽ നൃത്തരൂപങ്ങളൊന്നും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു" അവർ പറഞ്ഞു. മനുഷ്യന്‍റെ നൃത്തകലയുടെ പരിണാമത്തെ കുറിച്ച് കൂടുതലായി അറിയാൻ ചിമ്പാൻസികളുടെ താളാത്മക ചലനത്തിന് കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

എന്തായാലും, നൃത്തം പുതുതായി ഉണ്ടായ ഒന്നല്ല, മറിച്ച് അതിനോടുള്ള നമ്മുടെ പ്രണയം ആഴത്തിൽ വേരൂന്നിയതും പ്രാഥമികവുമാണെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios