'റെക്സ്, സുരക്ഷിത അകലം പാലിക്കൂ, ഇത് കൊറോണക്കാലമാണ്'; വരകളിലൂടെ നിയ പറയുന്നു...

ഒരു കൊച്ചുപെൺകുട്ടി അവളുടെ പ്രിയപ്പെട്ട വളർത്തുനായയോട് പറയുകയാണ്, 'റെക്സ് സുരക്ഷിതമായ അകലത്തിൽ നിൽക്കൂ, ഇത് കൊറോണക്കാലമാണ്.' പട്ടിക്കുട്ടി തലകുലുക്കി സമ്മതിക്കുന്നു 'ഓകെ.' തൊട്ടടുത്ത് കരഞ്ഞു കൊണ്ട് കൊറോണയും നിൽപ്പുണ്ട്. ഇവരുടെ അടുത്ത് വരാൻ പറ്റാത്തതിന്റെ സങ്കടത്തിലാണ് കൊറോണ. ഒരു കുഞ്ഞുലോകത്തെ വലിയ വരയാണിത്...

paintings of niya muneer says about the covid fear

ഒരു കൊച്ചുപെൺകുട്ടി അവളുടെ പ്രിയപ്പെട്ട വളർത്തുനായയോട് പറയുകയാണ്, റെക്സ് സുരക്ഷിതമായ അകലത്തിൽ നിൽക്കൂ, ഇത് കൊറോണക്കാലമാണ്. പട്ടിക്കുട്ടി തലകുലുക്കി സമ്മതിക്കുന്നു ഓകെ. തൊട്ടടുത്ത് കരഞ്ഞു കൊണ്ട് കൊറോണയും നിൽപ്പുണ്ട്. ഇവരുടെ അടുത്ത് വരാൻ പറ്റാത്തതിന്റെ സങ്കടത്തിലാണ് കൊറോണ. ഒരു കുഞ്ഞുലോകത്തെ വലിയ വരയാണിത്.

ലോകം മുഴുവൻ ലോക്കാക്കി വച്ചിരിക്കുകയാണ് കൊവിഡ്. ഓടിക്കളിക്കാൻ മുറ്റമില്ലാതെ, കൂടെയിരിക്കാൻ കൂട്ടുകാരില്ലാത്ത ഒരു അവധിക്കാലമാണ് ലോക്ക് ഡൗൺ കാലത്തെ കുഞ്ഞുങ്ങൾക്ക് കിട്ടിയത്. 'അതിന് അവരൊക്കെ എപ്പോഴും കാർട്ടൂൺ കണ്ടും മൊബൈൽ ​ഗെയിം കളിച്ചും സമയം കളയുകയല്ലേ' എന്നൊന്നും ചോദിച്ചേക്കരുത്. അവധിക്കാലം വ്യത്യസ്തമാക്കുന്ന ധാരാളം കുഞ്ഞുങ്ങളുണ്ട്. അവരിലൊരാളാണ് നിയ മുനീർ എന്ന ഏഴ് വയസ്സുകാരി. പ്രിയപ്പെട്ടവരുടെ ഇച്ചപ്പൻ. 

paintings of niya muneer says about the covid fear

പുറകിൽ കൈ കെട്ടി നിൽക്കുകയാണ് മുഖ്യമന്ത്രി. വിദേശത്ത് നിന്ന് വലിയ പെട്ടിയുമായി വരുകയാണ് പെൺകുട്ടി. ഒപ്പം അവളുടെ ഓമന നായയുമുണ്ട്. നായയുടെ വായിൽ ഒരു കുഞ്ഞു ബാ​ഗമുണ്ട്. അവന് അത്രയല്ലേ എടുക്കാൻ പറ്റൂ. ഇവരോട്  മുഖ്യമന്ത്രി പറയുകയാണ്. 'കേരളത്തിലേക്ക് സ്വാ​ഗതം. സുരക്ഷിതരായിരിക്കൂ' എന്ന്. ഇച്ചപ്പൻ എന്ന നിയമോളുടെ ഒരുപാട് വരകളിൽ ഒന്നാണിത്. ചുറ്റുമുള്ള ലോകത്തെ അവിടത്തെ കാഴ്ചകളെ എങ്ങനെയാണ് ഒരു ഏഴുവയസ്സുകാരി വരയാക്കുന്നതെന്ന് അറിയാൻ ഈ ഒരൊറ്റ ചിത്രം മതി. 

paintings of niya muneer says about the covid fear

അജ്മാനിൽ ഹാബിറ്റാറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നിയമോൾ. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ നിയമോൾ വരയ്ക്കുമായിരുന്നെന്ന് ഉമ്മ അൻഷ പറയുന്നു. ''സ്ഥിരമായി വരക്കുന്നത് കണ്ടപ്പോഴാണ് ചിത്രരചനയിൽ താല്പര്യം ഉണ്ടെന്ന് മനസ്സിലായത്. മുൻപ് വൈകുന്നേരങ്ങളിലും അവധി ദിവസവും ഒക്കെ കൂട്ടുകാരുടെ കൂടെ അപാർട്ട്മെന്റിന്റെ കോറിഡോറിൽ കളിയ്ക്കാറുണ്ടായിരുന്നു. പക്ഷെ കൊറോണ കാലത്ത് ലോക്ക് ഡൗണായതോടെ കളിക്കാൻ പോകുന്നില്ല. വീട്ടിൽ തനിച്ചിരിക്കുന്ന സമയത്താണ് അവളെത്തന്നെ വരച്ചു നോക്കാൻ പറഞ്ഞത്.'' നിയമോൾ  വരച്ചുതുടങ്ങിയതെങ്ങനെയെന്ന് അൻഷയുടെ വാക്കുകൾ.
 
ഇച്ചപ്പനും റെക്സും

നിയമോളുടെ വരകളിലെല്ലാം കൂട്ടായി ഒരു കുഞ്ഞുനായയുണ്ട്. ഇച്ചപ്പൻ നിയമോളാണ്. റെക്സ് ആരാണെന്നല്ലേ? ''രണ്ട് വർഷം മുൻപ് നിയയുടെ പെറ്റ് ആയിരുന്നു റെക്സ്. നിയയുടെ അഞ്ചാം പിറന്നാളിന് കുടുംബസുഹൃത്ത് നൽകിയ സമ്മാനം. നിയയുടെ കയ്യിലേക്ക് കിട്ടുമ്പോൾ റെക്സിന് വെറും പത്ത് ദിവസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 6 മാസത്തോളം വളർത്തി. നിയമോളുടെ ഉറ്റചങ്ങാതി ആയിരുന്നു. അപാർട്ട്മെന്റിൽ പെറ്റ്സിനെ അനുവദിയ്ക്കാതെ വന്നപ്പോൾ അവനെ മറ്റൊരാൾക്ക് കൈമാറേണ്ടി വന്നു. നിയയ്ക്ക് ഇപ്പഴും അതൊരു മിസ്സിങ് ആണ്. അതുകൊണ്ടുതന്നെ പിന്നീട് വരയ്ക്കുന്ന ചിത്രങ്ങളിൽ അധികവും റെക്സ് ഉണ്ടായിരുന്നു.'' അങ്ങനെയാണ് നിയയുടെ വരകളിലെല്ലാം കൂടെയൊരു പട്ടിക്കുട്ടി വന്നത്. ഇച്ചപ്പൻ ആന്റ് റെക്സ് എന്ന പേരിൽ സിരീസായിട്ടാണ് നിയമോൾ വരച്ചു തുടങ്ങിയത്.

paintings of niya muneer says about the covid fear

ചിത്രകല പഠിച്ചില്ല

ചിത്രകല പഠിക്കാതെയാണ് ഇത്രയും നന്നായി വരയ്ക്കുന്നതെന്ന് അറിയുമ്പോഴാണ് നിയയുടെ ചിത്രങ്ങൾ കാണുന്നവരൊക്കെ അത്ഭുതപ്പെടുന്നത്. ആദ്യം വരച്ചത് പാർക്കിൽ നടക്കാൻ പോകുന്ന അവളെയും റെക്സിനെയും ആയിരുന്നു.  അപ്പോൾ കൊറോണ പിടിയ്ക്കില്ലേ? എന്ന് ചോദിച്ചപ്പോൾ കൊറോണയെ വരച്ചു. കൊറോണ വരാതിരിക്കാൻ എന്തു ചെയ്യണം എന്ന ചോദ്യത്തിൽ സോഷ്യൽ ഡിസ്റ്റൻസിങും മാസ്കും ഒക്കെ ഉത്തരങ്ങളായി വരച്ചു കാണിച്ചു. “എന്തായിരിക്കും റെക്സ് പറയുന്നത്?“  “കൊറോണ എന്തിനാകും കാത്തിരിക്കുന്നത്?“  ഇത്തരം കുഞ്ഞു കുഞ്ഞു ചോദ്യങ്ങളിലൂടെ വരകൾക്ക് ഒരു പൂർണ്ണത കൊടുക്കാൻ സപ്പോർട്ട് ചെയ്യാറുണ്ടെന്ന് മുനീറും അന്‍ഷയും. അവളുടെ വരകളിൽ ഇഷ്ടം തോന്നാറുള്ളത് ഡീറ്റേലിങിലും എക്സ്പ്രെഷൻസിലും ആണ്. ഒരുപാട് സമയമെടുത്ത് വരയ്ക്കുന്ന പതിവൊന്നും ഇല്ല. പെട്ടെന്ന് വരച്ചു തീർക്കും.

paintings of niya muneer says about the covid fear

വരകളിൽ‌ നിറയുന്ന കൊറോണക്കാലം

ലോക്ക് ഡൗൺ കാലത്തെ സങ്കടക്കാഴ്ചകളിലൊന്നായിരുന്നു കയ്യിൽ കിട്ടിയതെടുത്ത് നടന്നു നാടുപിടിക്കുന്ന അതിഥി തൊഴിലാളികൾ. വാർത്ത കാണുന്ന പതിവുള്ളത് കൊണ്ട് ആ കാഴ്ചകളെയും നിയ വരയാക്കി. അച്ഛനും അമ്മയും മൂന്നു കുട്ടികളുമടങ്ങുന്ന ഒരു കുടുംബമാണ് ചിത്രത്തിലുള്ളത്. നിയ റെക്സിനോട് പറയുന്നുണ്ട്, 'അവർ നടക്കുകയാണ്. ഒരുപാട് ദൂരത്താണ് അവരുടെ വീട്,' എപ്പഴത്തെയും പോലെ കൂടെയുള്ള റെക്സ് ചോദിക്കുന്നുണ്ട്, 'ഒരുപാട് ദൂരെയാണോ?' എല്ലാ ചിത്രങ്ങളലും കൊറോണയുണ്ട് എന്നതാണ് മറ്റൊരു വ്യത്യസ്തത. 

ടിവിയിൽ കണ്ട ദൃശ്യങ്ങളൊക്കെ നിയയെ സങ്കടപ്പെടുത്താറുണ്ട്. അതൊക്കെ വരച്ചു നോക്കാൻ അച്ഛനും അമ്മയും പറഞ്ഞപ്പോഴാണ് നിയമോൾ അതിഥി തൊഴിലാളികളുടെ സങ്കടവും കൊറോണ പ്രശ്നങ്ങളുമൊക്കെ വരയിലാക്കിയത്. ''കേരളത്തിൽ എത്തിയാൽ വീടെത്തി, സുരക്ഷിതരായി എന്ന ചിന്ത എല്ലാ പ്രവാസികളിലുമെന്നപോലെ ഞങ്ങൾക്കും ഉണ്ട്. അതിൽ നിന്നൊക്കെയാകണം നാട്ടിലെത്തുന്നതോടെ സുരക്ഷിതരാകും എന്ന ചിന്ത അവൾക്കും കിട്ടിയത്.'' അൻ‌ഷ പറയുന്നു.

paintings of niya muneer says about the covid fear

ഏറ്റവുമൊടുവിൽ അമേരിക്കൻ പൊലീസിന്റെ കാൽമുട്ടിന് കീഴിൽ ശ്വാസം മുട്ടി മരിച്ച ജോർജ്ജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ വംശജനും നിയയുടെ ചിത്രത്തിലുണ്ട്. ചിത്രംവരയിൽ താത്പര്യമുള്ള കാലത്തോളം മുന്നോട്ടുപോകാൻ മകൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അൻഷയും മുനീറും ഒരേ സ്വരത്തിൽ പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios