അന്ന് സ്‍തനങ്ങള്‍, ഇന്ന് അബോര്‍ഷന്‍; ഇന്ദുവിന്‍റെ വരവഴി ഇങ്ങനെയാണ്
അതുവരെ പറയാന്‍ മടിച്ചിരുന്ന ഒരു കാര്യത്തെ കുറിച്ച് അത് അവരവരുടെ ശരീരത്തെക്കുറിച്ചുള്ളതാകട്ടെ, സ്വയംഭോഗത്തെ കുറിച്ചോ, ലൈംഗികതയെ കുറിച്ചോ, അബോര്‍ഷനെ കുറിച്ചോ ആകട്ടെ പറയാനവര്‍ക്ക് ഒരിടം കിട്ടുന്നു.
ശരീരത്തിന്‍റെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്ന, മനുഷ്യരുടെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് നിരന്തരം സംവദിക്കുന്ന ചിത്രങ്ങളാണ് ഇന്ദു ഹരികുമാര്‍ എന്ന ആര്‍ട്ടിസ്റ്റ് വരക്കുന്നത്. മനുഷ്യരുടെ അനുഭവങ്ങളെ തേടിപ്പോവുകയും ആ അനുഭവകഥകളില്‍ നിന്നുകൊണ്ട് വരക്കുകയുമാണ് ഇന്ദു. വെറുതെ വരച്ചവസാനിപ്പിക്കുകയല്ല, ഒരു സംവാദത്തിനുള്ള ഇടം തുറന്നുകൊടുക്കുന്നുണ്ട് ആ ചിത്രങ്ങളെല്ലാം. മലയാളിയാണെങ്കിലും ഇന്ദു ജനിച്ചതും വളര്‍ന്നതുമെല്ലാം ബോംബെയിലാണ്. അവര്‍ ചെയ്‍ത രണ്ട് പ്രൊജക്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധയടക്കം പിടിച്ചുപറ്റിയതായിരുന്നു. #100IndianTinderTales, ബ്രെസ്റ്റ് സ്റ്റോറീസ് (#Identitty ) എന്നീ പ്രൊജക്ടിന് ശേഷം ഇന്ദു ഇപ്പോള്‍ ചെയ്യുന്ന പ്രൊജക്ടാണ് മൈ അബോര്‍ഷന്‍ സ്റ്റോറി.
പല സാഹചര്യങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്തേണ്ടി വരാറുണ്ട്. പക്ഷേ, ആ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ അവളെ ആരും പിന്തുണക്കാറില്ല, ചേര്‍ത്തുപിടിക്കാറില്ല. മറിച്ച് അത് പാപമാണ് എന്ന തരത്തില്‍ അവളെ കുറ്റപ്പെടുത്താനാണ് തുനിയാറ്. അതിനെതിരെയാണ് ഇന്ദു വരയ്ക്കുന്നത്. എങ്ങനെയാണ് ആ സമയത്തെ അതിജീവിച്ചത് എന്നും, ആ അവസ്ഥ എങ്ങനെയായിരുന്നുവെന്നും സ്ത്രീകള്‍ ഇന്ദുവിനോട് പങ്കുവെക്കുന്നു. ഇന്ദു അത് വരയ്ക്കുന്നു. വരയും അനുഭവക്കുറിപ്പും ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നു.
എന്തുകൊണ്ടാണ് ഇത്തരം പ്രൊജക്ടുകള്‍, അത് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്നുണ്ടോ? എന്താണ് പ്രതികരണം? ഇന്ദു ഹരികുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
#MyAbortionStory
മൈ ബോഡി മൈ ചോയ്‍സ് കാമ്പയിനിങ്ങിന്‍റെ ഭാഗമായിട്ടാണ് #MyAbortionStory എന്ന പ്രൊജക്ട് ചെയ്യുന്നത്. അബോര്‍ഷനുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ക്ക് ഒരുപാട് അനുഭവം പറയാനുണ്ടാകുമെന്ന് തോന്നി. അങ്ങനെ നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ മാത്രം വര്‍ഷത്തില്‍ 15.6 മില്ല്യണ്‍ അബോര്‍ഷന്‍ നടക്കുന്നുണ്ടെന്ന് അറിയാനായത്. അത് ഷോക്കിങ്ങായിരുന്നു. പക്ഷേ, അപ്പോഴും അബോര്‍ഷനുമായി ബന്ധപ്പെട്ട് വല്ലാത്തൊരുതരം അപമാനമോ, അത് പാപമാണെന്ന തരത്തിലുള്ള ചിന്തകളോ ഒക്കെ ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും മനസ്സിലായി. എന്തുവന്നാലും ഈ പ്രൊജക്ട് ചെയ്യാമെന്നുറപ്പിക്കുന്നതും അങ്ങനെയാണ്. 21 -നാണ് ഞാന്‍ ഈ പ്രോജക്ട് അനൗണ്‍സ് ചെയ്യുന്നതും അനുഭവം പങ്കുവെക്കാമെന്ന് സോഷ്യല്‍ മീഡിയയിലെഴുതുന്നതും. കുറച്ച് ദിവസത്തിനുള്ളില്‍ത്തന്നെ നിരവധി പേരാണ് മെയിലുകളയച്ചത്. അതില്‍നിന്നു മനസിലായ കാര്യം അബോര്‍ഷന്‍ സമയത്ത് അവരെല്ലാവരും തനിച്ചായിരുന്നുവെന്നും അവരെ പിന്തുണക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നുമാണ്.
പലരും അബോര്‍ഷനെ കുറിച്ച് അന്നോ ഇന്നോ തുറന്ന് സംസാരിക്കാന്‍ പോലും പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല. മാത്രവുമല്ല, അതേല്‍പ്പിക്കുന്ന മാനസികാഘാതങ്ങളില്‍നിന്ന് പുറത്തുകടക്കാനും പലര്‍ക്കും പറ്റിയിരുന്നില്ല. പീഡനത്തിനുശേഷം ഗര്‍ഭിണിയാവുകയും അബോര്‍ഷന്‍ നടത്തുകയും ചെയ്ത അനുഭവം പങ്കുവെച്ചവരുണ്ട്, അതുപോലെതന്നെ അബോര്‍ഷന്‍ നടത്തേണ്ട അവസ്ഥ വന്നു, നടത്തി എന്ന മട്ടില്‍ അത് സ്വന്തം തെരഞ്ഞെടുപ്പായി കണ്ടവരും അനുഭവം പങ്കുവെച്ചവരിലുണ്ടായിരുന്നു. വിവാഹിതരും അവിവാഹിതരും അബോര്‍ഷനുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെച്ചു. ഒരുപാടൊരുപാട് പ്രശ്നങ്ങളും കാരണങ്ങളുമെല്ലാം തന്നെ അബോര്‍ഷന്‍ എന്ന അവരുടെ തീരുമാനത്തിനു പിറകിലുണ്ടായിരുന്നു. ഇതിലെല്ലാം പൊതുവായിട്ടുണ്ടായിരുന്ന ഒന്ന് സമൂഹത്തില്‍നിന്ന്, അവരുടെ ചുറ്റുപാടുമുള്ള മനുഷ്യരില്‍ നിന്നുള്ള പിന്തുണ എത്തരത്തിലുള്ളതായിരുന്നുവെന്നതാണ്. ഒരിക്കലും ആരും ഈ സ്ത്രീകളെ പിന്തുണച്ചിരുന്നില്ല. പല സ്ത്രീകളും അബോര്‍ഷന്‍ നിയമപരമാക്കേണ്ടതുണ്ട് എന്ന അഭിപ്രായമായിരുന്നു പ്രകടിപ്പിച്ചിരുന്നത്.
ഇതുവരെ വരച്ചത്
മൂന്ന് പേരുടെ അനുഭവങ്ങളാണ് ഇപ്പോള്‍ വരച്ച് മുഴുവനാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ കമന്‍റുകളില്‍ത്തന്നെ വിവിധ തരത്തിലുള്ള ചര്‍ച്ചയും അഭിപ്രായപ്രകടനവും നടക്കുന്നുണ്ട്. പല സ്ത്രീകളും അബോര്‍ഷനെ കുറിച്ചുള്ള അഭിപ്രായം അവിടെ തുറന്ന് പ്രകടിപ്പിക്കുന്നു. അബോര്‍ഷന്‍ പാപമാണെന്ന സമൂഹത്തിന്‍റെ ചിന്താഗതിയില്‍ മാറ്റമുണ്ടാകണം എന്ന് കരുതുന്നവരാണ് പലരും. 16 പേര്‍ ഇപ്പോള്‍ത്തന്നെ അവരുടെ അനുഭവം ഈ പ്രൊജക്ടിന്‍റെ ഭാഗമാക്കുന്നതിനായി എനിക്ക് അയച്ചുകഴിഞ്ഞു.
ടിന്‍ഡര്‍ സ്റ്റോറീസ്, ബ്രെസ്റ്റ് സ്റ്റോറീസ്, അബോര്‍ഷന്‍ സ്റ്റോറീസ്
ടിന്‍ഡര്‍ സ്റ്റോറീസ്, ബ്രെസ്റ്റ് സ്റ്റോറീസ്, ഇപ്പോള്‍ അബോര്‍ഷന്‍ സ്റ്റോറീസ്... ഈ മൂന്ന് പ്രൊജക്ടും ഞാന്‍ ചെയ്തത് ആളുകളില്‍നിന്ന് അവരുടെ അനുഭവങ്ങളില്‍ നിന്ന് ഒക്കെയാണ്. അപ്പൊഴൊക്കെ എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം അതിന് ലഭിച്ച പ്രതികരണങ്ങളാണ്. തികച്ചും സ്വകാര്യമാക്കിവെച്ചിരുന്ന ഒന്ന്, അടുത്ത സുഹൃത്തുക്കളോടുപോലും പറയാന്‍ തയ്യാറാകാതിരുന്ന കാര്യം അവര്‍ നമ്മളോട് തുറന്നു പറയാന്‍ തയ്യാറാകുന്നു. അതെന്നെ അദ്ഭുതപ്പെടുത്തി. അതാണ് എന്നെയും പ്രൊജക്ടിനേയും മുന്നോട്ട് നയിച്ച ഒരു പ്രധാന ഘടകം.
നേരത്തെ ചെയ്ത പ്രൊജക്ടും അങ്ങനെ തന്നെയാണ്. ബ്രെസ്റ്റ് സ്റ്റോറീസ് എന്ന പ്രൊജക്ടെടുത്താല്‍, ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശത്തുനിന്നടക്കം പലരും സ്വന്തം സ്തനങ്ങളുടെ ചിത്രം അയച്ചുതരുവാനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും തയ്യാറായി. ആ അനുഭവങ്ങളെല്ലാം പങ്കുവെക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരം എന്താണെന്ന് അറിയുമോ? നമ്മള്‍ ഒറ്റയ്ക്കല്ല എന്ന ചിന്ത ഓരോ സ്ത്രീയിലുമുണ്ടാകുന്നു. അതവര്‍ക്ക് ആശ്വാസം പകരുന്നു. താനനുഭവിക്കുന്നതുപോലെയുള്ള പ്രശ്നങ്ങള്‍ പല സ്ത്രീകളും അനുഭവിക്കുന്നുണ്ട് എന്ന് അവര്‍ക്ക് മനസിലാകുന്നു. അതില്‍ പലതും പലരും തുറന്നു പറയാന്‍ മടിച്ചവയാണ്. കാരണം, സമൂഹം അതെങ്ങനെയെടുക്കുമെന്ന ഭയം കാരണം തന്നെ. എന്‍റെ പ്രൊജക്ടുകള്‍, പറയാന്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാനുള്ള വേദിയാവുന്നു എന്നതിലെനിക്ക് സന്തോഷമുണ്ട്.
ടിന്‍ഡര്‍ സ്റ്റോറീസ്: 2016 -ലാണ് 'ടിന്‍ഡര്‍' എന്ന ഡേറ്റിങ്ങ് ആപ്പിലൂടെ ഉടലെടുക്കുന്ന ബന്ധങ്ങളില്‍ നിന്നുള്ള അനുഭവങ്ങളെ കുറിച്ച് ടിന്‍ഡര്‍ സ്റ്റോറീസ് എന്ന സീരീസ് ചെയ്യുന്നത്. 'ടിന്‍ററിലൂടെയുള്ള ബന്ധം അത്ര നല്ലതല്ല' എന്നാണ് എല്ലാവരും പറയുക.. പക്ഷെ, ഇത്തരം ഡേറ്റിങ്ങ് ആപ്പുകളുണ്ടാക്കിയ വലിയ മാറ്റങ്ങളുണ്ട്. നമ്മുടെയൊക്കെ പല കൂട്ടുകാരും വിവാഹം കഴിച്ചിരിക്കുന്നത് അവര്‍ ആദ്യം പ്രണയിച്ചിരുന്നത് ആരെയാണോ അവരെ തന്നെയാണ്.. കൂടെ പഠിച്ചവര്‍, പരിചയക്കാര്‍, ഒരുമിച്ച് ജോലി ചെയ്തവര്‍ എന്നിങ്ങനെ... അതിനുമപ്പുറത്തേക്കുള്ള ഓപ്ഷനാണ് ടിന്‍ഡര്‍ മുന്നോട്ട് വെക്കുന്നത്. ടിന്‍ഡറിലൂടെ പരിചയപ്പെട്ട് വിവാഹിതരാവുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. അങ്ങനെയുള്ള പ്രണയകഥകളാണ് ഈ സീരിസില്‍ ഉള്‍പ്പെടുത്തിയത്.
ബ്രെസ്റ്റ് സ്റ്റോറീസ്: മുലകളുടെ പേരില്‍ ഒരുവട്ടമെങ്കിലും അപകര്‍ഷത തോന്നുകയോ വേദനിക്കുകയോ ചെയ്തിരിക്കും മിക്ക സ്ത്രീകളും. വലിപ്പക്കൂടുതലായതിന്‍റെ പേരില്‍, വലിപ്പം കുറഞ്ഞതിന്‍റെ പേരില്‍, തുറിച്ചുനോട്ടത്തിന്‍റെ പേരില്‍... അതുപോലെ തന്നെയാണ് അത് നല്‍കുന്ന ഗൂഢാനന്ദവും. ഇങ്ങനെയുള്ള നിരവധി സ്ത്രീകളുടെ, നിരവധി അനുഭവങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു ബ്രെസ്റ്റ് സ്റ്റോറീസ്. ആ അനുഭവവും അതിന്‍റെ വരയുമായിരുന്നു അത്. ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്ന ആളായിരുന്നു ഞാന്‍. പരസ്യങ്ങളും മറ്റും മനുഷ്യരുടെ സൗന്ദര്യസങ്കല്‍പ്പത്തിലുണ്ടാക്കിയ വലിയ മാറ്റമുണ്ട്. വെളുത്തു, മെലിഞ്ഞതൊക്കെയാണ് സൗന്ദര്യം എന്നൊക്കെ. അതുണ്ടാക്കുന്ന അപകര്‍ഷതാബോധം വലുതാണ്. അതിനെ സംബന്ധിച്ചൊക്കെ ചര്‍ച്ച നടക്കാറുണ്ട്.
അതിനിടയിലാണ് ഒരു സ്ത്രീ എന്നോട് പറയുന്നത് അവരുടെ ഒരു അനുഭവം. അവരുടെ മുലകള്‍ വലുതാണ്. 26 വര്‍ഷം വരെ അതവര്‍ക്ക് വലിയ മനപ്രയാസമുണ്ടാക്കിയിരുന്നു. കാരണം, ഏത് പുരുഷനും അവരെ കാണുമ്പോള്‍ ആദ്യം നോക്കുന്നത് അവരുടെ മുലകളിലേക്കായിരുന്നത്രെ. മുഖത്ത് നോക്കാതെ മുലകളിലേക്ക് മാത്രം നോക്കുന്നത് അവരെ വല്ലാതെ വേദനിപ്പിച്ചു. മാത്രവുമല്ല, ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ തുനിഞ്ഞാല്‍ പോലും അതിന് കാരണം അവരുടെ വലിയ മുലകളാണ് എന്നുപോലും പലരും ആരോപിച്ചു. ഇതവരിലുണ്ടാക്കിയ മനപ്രയാസമാണ് അവരെന്നോട് പങ്കുവെച്ചത്. എനിക്കുമുണ്ടായിരുന്നു എന്‍റെ ശരീരത്തെച്ചൊല്ലി ഇത്തരം പ്രശ്നങ്ങള്‍. ഓരോ സ്ത്രീക്കും ഇങ്ങനെ ഒരുപാട് അനുഭവം പറയാനുണ്ടാകും എന്നതില്‍ നിന്നാണ് ബ്രെസ്റ്റ് സ്റ്റോറീസിന്‍റെ പിറവി.
പ്രതികരണങ്ങള്‍/ മാറ്റങ്ങള്‍
ആദ്യത്തെ പ്രൊജക്ട് 'ടിന്‍ഡര്‍ സ്റ്റോറീസ്' ചെയ്യുമ്പോള്‍ പലരും ചോദിച്ചിരുന്നു, എന്താണ് നീ ചെയ്യുന്നത്? ഇതെങ്ങനെ ചെയ്യും? എന്നൊക്കെ പക്ഷേ, അതും ചെയ്ത്, അടുത്ത പ്രൊജക്ടും ചെയ്തുകഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം വളരെ വലുതാണ്. കാരണം, നിരവധിപ്പേര്‍ പ്രതികരിക്കുന്നു. ഒരുപാട് പൊസിറ്റീവായ പ്രതികരണങ്ങള്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒക്കെ കമന്‍റുകളിലും മറ്റുമായി കാണുന്നു. അവരെല്ലാം ഹാപ്പിയാണ്. അപ്പോഴാണ് നമ്മള്‍ ചെയ്യുന്നതിലെ സന്തോഷത്തെ കുറിച്ച് ഒന്നുകൂടി നമുക്ക് ബോധ്യപ്പെടുന്നത്. എന്‍റെ വര്‍ക്കുകളിലൂടെ എന്നെ മനുഷ്യരിഷ്ടപ്പെടുന്നുവെങ്കില്‍ അതിന് കാരണം ആ വര്‍ക്കുകളുമായി അവര്‍ക്ക് അവരുടെ ജീവിതത്തെയും അനുഭവത്തെയും ചേര്‍ത്തുപിടിക്കാനാവുന്നുണ്ട് എന്നതാണ്. എന്‍റെ വേദയുമായി, എന്‍റെ പ്രയാസങ്ങളുമായി ഈ ലോകത്ത് ഞാനൊറ്റക്കല്ല, ഒരുപാട് പേരുണ്ട് എന്ന ബോധ്യം കൂടിയാണ് അത് എന്നിലുണ്ടാകുന്നത്. ഇതൊന്നും തന്നെ ചെയ്യണം എന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച് ചെയ്യുന്ന വര്‍ക്കുകളല്ല. സംഭവിക്കുന്നതാണ്. ഇതിലൂടെ സമൂഹത്തില്‍ ചിലരുടെയെങ്കിലും ചിന്താഗതി മാത്രമല്ല മാറുന്നത്. എന്നിലും അത് മാറ്റമുണ്ടാക്കുന്നു. ഒരു ആര്‍ട്ടിസ്റ്റെന്ന രീതിയില്‍ എന്നെയും അത് പരിഷ്കരിക്കുന്നു.
ചര്‍ച്ചയുണ്ടാവുക എന്നത് തന്നെ വലിയ ഒരു മാറ്റമാണ്. അതുവരെ പറയാന്‍ മടിച്ചിരുന്ന ഒരു കാര്യത്തെ കുറിച്ച് അത് അവരവരുടെ ശരീരത്തെക്കുറിച്ചുള്ളതാകട്ടെ, സ്വയംഭോഗത്തെ കുറിച്ചോ, ലൈംഗികതയെ കുറിച്ചോ, അബോര്‍ഷനെ കുറിച്ചോ ആകട്ടെ പറയാനവര്‍ക്ക് ഒരിടം കിട്ടുന്നു. പലരും ഇതുപോലെ തുറന്നു പറയുമ്പോള്‍ ഇത് ഒരു ഒറ്റപ്പെട്ട കാര്യമല്ലെന്നും ഇതിലൂടെ കടന്നുപോയവര്‍ ഒരുപാടുണ്ടെന്നും മനസിലാകുന്നു. അതൊരാള്‍ക്ക് നല്‍കുന്ന ആശ്വാസം വലുതാണ്. അബോര്‍ഷന്‍റെ കാര്യമെടുത്താല്‍ തന്നെ ഇത് എനിക്കുമാത്രം സംഭവിച്ച എന്തോ ആണെന്ന് കരുതിയിരുന്നവര്‍ക്കിടയിലേക്ക് സമാനമായ അനുഭവത്തിലൂടെ കടന്നുപോയ ഒരുപാട് പേര്‍ വരുന്നു. അപ്പോള്‍ അതിനൊരു നോര്‍മല്‍ സ്വഭാവം കൈവരുന്നു.
ഇതിലെനിക്ക് ചെയ്യാനുള്ളത് ഈ അനുഭവം വരയ്ക്കുക, അത് പങ്കുവെക്കുക എന്നത് മാത്രമാണ്. വരയാണ് എന്‍റെ ആയുധം. അത് ഞാന്‍ ഇങ്ങനെ ഉപയോഗിക്കുന്നു.
Picture credit: Sreekumar Krishnan, Indu Harikumar