'ലക്ഷ്യം ആളുകളെ രസിപ്പിക്കുകയല്ല, ബോധവൽക്കരിക്കുക', കൊറോണ ഹെൽമറ്റിനു രൂപം നൽകിയ കലാകാരൻ പറയുന്നു
ഓരോ മനുഷ്യനും കൊറോണ വൈറസിനെ തോല്‍പ്പിക്കാനിറങ്ങുന്ന പോരാളിയാകണമെന്നും എങ്കില്‍ മാത്രമേ നമ്മെയും നമ്മുടെ സമൂഹത്തേയും ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നമുക്കാകൂവെന്നുമാണ് ഗൗതം പറയുന്നത്.
മാര്‍ച്ച് 28... കൊവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് നാല് ദിവസമായതേ ഉള്ളൂവായിരുന്നു. അപ്പോഴാണ് ചെന്നൈയില്‍ നിന്നുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചെന്നൈയിലെ
മലയാളി പൊലീസുദ്യോഗസ്ഥനായ രാജേഷ് ബാബു കൊവിഡ് 19 -ന് കാരണമാകുന്ന കൊറോണ വൈറസിന്‍റെ ആകൃതിയിലുള്ളൊരു ഹെല്‍മറ്റ് ധരിച്ച് ആളുകളോട് സംസാരിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതായിരുന്നു ചിത്രത്തില്‍. ബി. ഗൗതം എന്ന ആര്‍ട്ടിസ്റ്റാണ് ഈ ഹെല്‍മറ്റിന് രൂപം നല്‍കിയത്.
ഗൗതം ഇതിനുമുമ്പും ഒരുപാട് വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, ഈ ഹെല്‍മെറ്റ് വേണ്ടിവന്നു ആളുകള്‍ ഈ കലാകാരനെ കുറിച്ച് സംസാരിക്കാന്‍. 'ഇതിനുമുമ്പും ഒരുപാട് വര്‍ക്ക് ഞാന്‍ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്‍റെ വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇതുപോലൊരു ആഗോളപ്രതിസന്ധി വേണ്ടിവന്നു' എന്നാണ് ഗൗതം സ്ക്രോളിനോട് പറഞ്ഞത്.
വില്ലിവാക്കം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് രാജേഷ് ബാബു. ഗൗതം ഈ സ്റ്റേഷനടുത്തായാണ് താമസം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് നഗരത്തിലേക്കിറങ്ങുന്നത് ഗൗതമും കാണുന്നുണ്ടായിരുന്നു. ഗൗതം ആദ്യം ചെയ്തത് കൊറോണ വൈറസിനെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്ന ഒരു ബാനറാണ്. പ്ലൈവുഡ് കൊണ്ടാണ് ഇത് നിര്‍മ്മിച്ചത്. അത് നിര്‍മ്മിച്ച ശേഷം രാജേഷ് ബാബുവിന് നല്‍കുകയും ചെയ്തു.
എന്നാല്‍, ബാനറിലൊന്നും കാര്യം നടന്നില്ല. ആളുകള്‍ അതൊന്നും ശ്രദ്ധിക്കുകയോ പൊലീസ് പറയുന്നത് കാര്യമായി കൈക്കൊള്ളുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണ് ഗൗതം ഇങ്ങനെയൊരു ഹെല്‍മറ്റ് ഉണ്ടാക്കാന്‍ ശ്രമം തുടങ്ങുന്നത്. കൊറോണ വൈറസിന്‍റെ ആകൃതിയുണ്ടാക്കിയത് പത്രങ്ങള്‍ കൂടി ഉപയോഗിച്ചാണ്. വെറും ഹെല്‍മറ്റല്ല ഒരു 'കൊറോണ വൈറസ് പാക്കേജ്' തന്നെ ഗൗതം ഉണ്ടാക്കി. അതില്‍ കൊറോണ വൈറസിന്‍റെ ആകൃതിയിലുള്ള ഒരു ഹെല്‍മറ്റ്, ദണ്ഡ്, ഷീല്‍ഡ് എന്നിവയെല്ലാമാണ് വരുന്നത്.
ഓരോ മനുഷ്യനും കൊറോണ വൈറസിനെ തോല്‍പ്പിക്കാനിറങ്ങുന്ന പോരാളിയാകണമെന്നും എങ്കില്‍ മാത്രമേ നമ്മെയും നമ്മുടെ സമൂഹത്തേയും ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കാന്‍ നമുക്കാകൂവെന്നുമാണ് ഗൗതം പറയുന്നത്. ഒപ്പം ഒന്നുകൂടി ഗൗതം പറയുന്നു. താന്‍ രൂപം നല്‍കിയ ഹെല്‍മറ്റടക്കമുള്ളവയുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുക എന്നതല്ല. പകരം ആളുകളെ ബോധവല്‍ക്കരിക്കുക എന്നതാണ്. കൊവിഡ് 19 ഒരു തമാശയല്ല എന്നും വളരെ ഗൗരവത്തോടെ കാണേണ്ടുന്ന ഒന്നാണെന്നും ഗൗതം പറയുന്നു.
മെക്കാനിക്കല്‍ എഞ്ചിനീയറായി പരിശീലനം നേടിയ ഗൗതത്തിന് ഇഷ്ടം കലയായിരുന്നു. പരിസ്ഥിതിക്ക് വേണ്ടിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ തന്‍റെ കലയിലൂടെ ഗൗതം നടത്തുന്നുണ്ട്. 'ഈഗോ മറന്നുകളയുക, പരിസ്ഥിതിയെ നിലനിര്‍ത്തുക' (Forget the ego and maintain the eco) എന്നതാണ് ഗൗതമിന്‍റെ മന്ത്രം തന്നെ.
(കടപ്പാട്: സ്ക്രോള്‍)