ലോക്ക് ഡൗൺ കാലത്ത് എന്ത് ചെയ്യുകയാണ്? ഈ കലാകാരന്മാരെ സൃഷ്ടിച്ചത് ഏകാന്തതയും തടവും
അന്ന് അവരെ പാര്‍പ്പിച്ചിരുന്ന അതേ തടങ്കലില്‍ തന്നെയുണ്ടായിരുന്ന ഒരു ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റിന്‍റെ വാക്കുകളാണ് അസാവയ്ക്ക് ശില്‍പം നിര്‍മ്മിക്കാന്‍ പ്രചോദനമാകുന്നത്. അങ്ങനെയാണ് അസാവ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരുന്നത്.
ഈ വീട്ടിലിരിപ്പ് കാലം പലർക്കും പലതാണ്... എന്നാൽ, കലാകാരന്മാരാകട്ടെ പലരും തങ്ങളുടെ സർഗാത്മകതയേയും സൃഷ്ടികളെയും മെച്ചപ്പെടുത്താനുള്ള കാലമായി ഇതിനെ കാണുന്നുണ്ട്. എഴുത്തുകളും വരകളും നൃത്തവും സംഗീതവുമെല്ലാം തിരക്കിനിടയിൽ മാറ്റിവച്ചവർ അതെല്ലാം ഒരിക്കൽക്കൂടി പൊടിതട്ടിയെടുക്കുന്നു. എന്നാൽ, ഏകാന്തത ചിലപ്പോൾ ഒരു മനുഷ്യന്റെ ജീവിതം തന്നെ എന്നേക്കുമായി മാറ്റിയേക്കാം. ഈ ആർട്ടിസ്റ്റുകളെല്ലാം അങ്ങനെയുള്ളവരാണ്, നിർബന്ധിതമായ തടവുകളാണ് ഇവരിൽ പലർക്കും തങ്ങളെ തന്നെ മനസിലാക്കാനും കലാകാരന്മാരായി സ്വയം തിരിച്ചറിയാനും അവസരമൊരുക്കിയത്.
ബാര്‍ബറ എസ്സ്
2018 -ൽ, ഒരു പിൻ-ഹോൾ ക്യാമറ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങൾക്ക് പേരുകേട്ട അമേരിക്കൻ ഫോട്ടോഗ്രാഫറാണ് ബാർബറ എസ്സ്. ഒരു മാസത്തിലേറെ നീണ്ടുനിന്ന ബ്രോങ്കൈറ്റിസാണ് അവരുടെ ജീവിതത്തില്‍ കലാലോകത്തേക്കുള്ള കയറിച്ചെല്ലലിന് പ്രധാന പങ്കു വഹിച്ചത്. ഒരുമാസം വീടിന്‍റെ ചുവരുകള്‍ക്കകത്ത് മാത്രമായി അവരുടെ കണ്ണുകള്‍ ചുറ്റിക്കറങ്ങി. ആ സമയത്ത് പുറംലോകത്തിനുമപ്പുറം തന്‍റെ തൊട്ടടുത്ത് എന്താണുള്ളതെന്നതിലേക്കായി അവളുടെ കാഴ്ച ചുരുങ്ങിയത്. വളരെ ഗൌരവമായി ആ ലോകത്തെ അവര്‍ വീക്ഷിച്ചു.
ഷട്ട് ഇന്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ഒരു കൂട്ടം ഫോട്ടോഗ്രാഫുകള്‍ പിറവിയെടുത്തതും ആ സമയത്താണ്. വീടിനകത്തെ കോവണി, ഫയര്‍ എസ്കേപ്പിലൂടെ നിഴലും വെളിച്ചവുമായി മാറുന്ന പ്രകാശത്തിന്‍റെ ജനലിലൂടെയുള്ള കാഴ്ച അങ്ങനെ പലതും അന്ന് ചിത്രീകരിക്കപ്പെട്ടു. സത്യം പറഞ്ഞാല്‍ തികച്ചും ഏകാന്തമായ ആ ഒരു മാസത്തിലാണ് ബാര്‍ബറെയുടെ അതിമനോഹരവും ഏകാന്തതയുടെയും ശാന്തതയുടെയും സൂക്ഷ്മകണികകളുള്ള ആ ഷട്ട് ഇൻ സീരീസ് സൃഷ്ടികളുണ്ടായത്.
റൂത്ത് അസാവ
1942 -ല്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമാണ് ജാപ്പനീസ് കലാകാരി റൂത്ത് അസാവ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീടങ്ങോട്ട് അസാവയ്ക്കും കുടുംബത്തിനും എത്രയോ കാലം ടാര്‍പാളികൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കുതിരാലയത്തില്‍ കഴിയേണ്ടി വന്നു. അസാവയും കുടുംബവും മാത്രമായിരുന്നില്ല വേറെയും നിരവധിപ്പേര്‍ അവിടെ തടവിലുണ്ടായിരുന്നു.
അന്ന് അവരെ പാര്‍പ്പിച്ചിരുന്ന അതേ തടങ്കലില്‍ തന്നെയുണ്ടായിരുന്ന ഒരു ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റിന്‍റെ വാക്കുകളാണ് അസാവയ്ക്ക് ശില്‍പം നിര്‍മ്മിക്കാന്‍ പ്രചോദനമാകുന്നത്. അങ്ങനെയാണ് അസാവ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരുന്നത്. ആ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ ഞാനെന്ന കലാകാരിയേ ഉണ്ടാകുമായിരുന്നില്ലായെന്ന് പിന്നീട് അസാവ തന്നെ പറയുമായിരുന്നു.
സെഹ്റാ ദോഗാൻ
കുർദിഷ് കലാകാരിയും പത്രപ്രവർത്തകയുമായ സെഹ്റാ ദോഗാനെ സംബന്ധിച്ചിടത്തോളം ഈ നിർബന്ധിത ഒറ്റപ്പെടൽ ഒരു പുതിയ കാര്യമല്ല. 2016 -ൽ തുർക്കിയും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും തമ്മിലുള്ള യുദ്ധത്തിനിടയിൽ, സെഹ്റാ തുർക്കി നഗരമായ നുസൈബിനിൽ വീട്ടുതടങ്കലിലായിരുന്നു. ആ സമയത്ത് സെഹ്റാ അവളുടെ സ്മാർട്ട്‌ഫോണിൽ വരയ്ക്കാൻ തുടങ്ങി, അത് വൈറലായി.
എന്നാല്‍, ദേശീയ വികാരം വ്രണപ്പെടുത്തി എന്ന പേരില്‍ അവളെ മൂന്ന് വർഷത്തോളം ജയിലിൽ അടച്ചു. തടങ്കലിൽ കഴിയുമ്പോഴും കല സൃഷ്ടിക്കുന്നതിൽ അവൾ പ്രതിജ്ഞാബദ്ധനായിരുന്നു. പലപ്പോഴും വരക്കാനുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു അവര്‍. സ്വന്തം മുടി മുറിച്ച് അവ ബ്രഷാക്കി വരെ അന്നവർ വരച്ചു. പക്ഷേ, തനിക്ക് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും അതിജീവിക്കാനും വരച്ചേ തീരൂ എന്നായിരുന്നു സെഹ്റാ ദോഗാൻ പറഞ്ഞത്.
ഫ്രിദ കാഹ്ലോ
ലോക പ്രശസ്ത മെക്സിക്കന്‍ ചിത്രകാരി ഫ്രിഡ കാഹ്ലോ ഒരപകടത്തെ തുടര്‍ന്നാണ് വീടിനകത്താകുന്നത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുംവഴിയാണ് ആ ബസപകടമുണ്ടായത്. ട്രാമുമായി ബസ് കൂട്ടിയടിക്കുകയായിരുന്നു. പലരും തല്‍ക്ഷണം മരിച്ചു. ഫ്രിഡ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായി. മൂന്നുമാസം അനങ്ങാന്‍ പോലുമാവാതെ കട്ടിലില്‍ കഴിയേണ്ടി വന്നു അവർക്ക്. എന്നേക്കുമായി നടുവിന് അസുഖവും ബാധിച്ചു.
എന്നാല്‍, ആ മൂന്നുമാസം കൊണ്ട് ഫ്രിഡ അവരെത്തന്നെ ആഴത്തില്‍ പഠിച്ചു. ഒരു ചിത്രകാരിയെന്ന നിലയില്‍ അവരുടെ ജീവിതം ആരംഭിക്കുന്നതും അവിടെനിന്നാണ്. പിന്നീട് സർറിയലെന്ന് വിളിക്കപ്പെട്ട എത്രയേത്രയോ ചിത്രങ്ങൾ ഫ്രിദ വരച്ചു. ആ അപകടവും അതേത്തുടർന്നുണ്ടായ ഏകാന്തതയുമായിരിക്കണം തന്നെയൊരു ചിത്രകാരിയാക്കിയതെന്ന് ഫ്രിഡ തന്നെ പറയാറുണ്ടായിരുന്നു.
ഫ്രിഡ കാഹ്ലോ: വരയിലെ നിലവിളി, ഒച്ച, മുദ്രാവാക്യങ്ങള്‍......
ആല്‍ബര്‍ട്ടോ ബ്ലാങ്കോ
വരയായിരുന്നില്ല ആല്‍ബര്‍ട്ടോ ബ്ലാങ്കോയുടെ ആദ്യ മാധ്യമം. കവിയായിരുന്നു അദ്ദേഹം. എന്നാല്‍, 2009 -ല്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ മെക്സിക്കോ സ്കൂളുകളും പൊതുകെട്ടിടങ്ങളും അടച്ചു. അതോടെ പലരേയുംപോലെ ആല്‍ബര്‍ട്ടോയും വീടിനകത്തായി. ആ സമയത്താണ് മെക്സിക്കോ സിറ്റിയിലെ തന്‍റെ വീട്ടിലിരുന്ന് അദ്ദേഹം വരച്ചു തുടങ്ങുന്നത്.
ഒരുപാട് സൃഷ്ടികൾ അദ്ദേഹത്തിൽ നിന്നും അന്നുണ്ടായി. ആ ഐസൊലേഷൻ കാലത്ത് അദ്ദേഹം വരച്ച ചിത്രങ്ങളുടെ പേര് തന്നെ ക്വാളിറ്റി ടൈം എന്നായിരുന്നു. സാമൂഹിക അകലവും സെല്‍ഫ് ഐസൊലേഷനും നല്ലതാണെന്ന് നര്‍മ്മ ഭാവത്തില്‍ അദ്ദേഹം പറയാറുമുണ്ടായിരുന്നു.
റേ മാറ്റേഴ്സൺ
നിരവധി കവർച്ചകൾ നടത്തിയതിന് ശേഷം 15 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട റേ മാറ്റേഴ്സൺ ജയിലിൽ വെച്ചാണ് എംബ്രോയിഡറി ചെയ്യാൻ സ്വയം പഠിക്കുന്നത്. ചെറിയ തുണിത്തരങ്ങൾ തുന്നിക്കെട്ടുന്നതിനായി ഒരു ഗാർഡിൽ നിന്ന് കടമെടുത്ത നൂലുകളും തയ്യൽ സൂചിയും അദ്ദേഹം ഉപയോഗിച്ചു തുടങ്ങി. തടവുകാരിൽ പലരും ബാറുകൾക്ക് പുറത്തുള്ള ജീവിതത്തെയും മയക്കുമരുന്നിനോടുള്ള അടിമത്വത്തിന്‍റെ പരുഷമായ യാഥാർത്ഥ്യങ്ങളും ചിത്രീകരിച്ചപ്പോള്‍ മയക്കുമരുന്നിനടിമയായ മോഷ്ടാവായ മാറ്റേഴ്സണ്‍ എന്തുചെയ്യുമെന്നറിയാതെ ഉഴറുകയായിരുന്നു.
എന്നാല്‍, മറ്റ് വഴികളില്ലാതിരുന്ന ആ സമയത്ത് മാറ്റേഴ്സണ്‍ തന്നെ കുറിച്ചുതന്നെ ചിന്തിച്ചു, തന്നോടുതന്നെ സംസാരിച്ചു. ആ സമയത്താണ് അദ്ദേഹം ചിത്രങ്ങള്‍ ചെയ്തു തുടങ്ങിയത്. ഒടുവില്‍ ജയിലില്‍ നിന്നിറങ്ങുമ്പോഴേക്കും രാജ്യത്തെ പതിനായിരങ്ങള്‍ ആരാധിക്കുന്ന കലാകാരനായി അദ്ദേഹം മാറിയിരുന്നു. അദ്ദേഹത്തിന്‍റെ സൃഷ്ടികളുടെ നിരവധി എക്സിബിഷനുകള്‍ പിന്നീടുണ്ടായി.