ഇവരാണ് ഹീറോ, ഒരിക്കലും ഇവരെ നാം മറക്കരുത്; ആരോഗ്യപ്രവര്‍ത്തകരെ വരച്ചു ചേര്‍ത്ത് ചിത്രകാരന്മാര്‍
നാളെ നമ്മുടെ വരും തലമുറ ഗാലറിച്ചുവരുകളിലെവിടെയെങ്കിലും ഇവരുടെ ചിത്രങ്ങള്‍ കാണണം. ഒരു ഇരുണ്ട കാലത്ത് നമ്മെ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷിക്കാനായി ഇറങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍മ്മ എക്കാലവും ഇവിടെ നിലനില്‍ക്കണം എന്നും അദ്ദേഹം പറയുന്നു.
കൊവിഡ് 19 ലോകമാകെ പടര്‍ന്നുപിടിക്കുന്നു. അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവര്‍ക്ക് നാം പലതരത്തിലും ആദരമര്‍പ്പിക്കുന്നുണ്ട്. ഇവിടെ ഈ ചിത്രകാരനും അത് തന്നെയാണ് ചെയ്യുന്നത്. ടോം ക്രോഫ്റ്റ്, ഓക്സ്ഫോര്‍ഡില്‍ നിന്നുള്ളൊരു ആര്‍ട്ടിസ്റ്റാണ്. നിരവധിക്കണക്കിന് നടീനടന്മാരുടെയും രാഷ്ട്രീയക്കാരുടെയും കായികതാരങ്ങളുടെയും രാജകുടുംബാംഗങ്ങളുടെയും എല്ലാം ചിത്രം വരച്ച് തകര്‍ത്തിരുന്നൊരാള്‍. എന്നാല്‍, ഇന്ന് സൌജന്യമായി ആരോഗ്യപ്രവര്‍ത്തകരുടെ ചിത്രം വരക്കുകയാണ് അദ്ദേഹം.
കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ച് ജോലിയിൽ തിരിച്ചെത്തിയ മാഞ്ചസ്റ്റർ റോയൽ ഇൻഫർമറിയിലെ നഴ്‌സായ ഹാരിയറ്റ് ഡർകിന്റെ ഛായാചിത്രമാണ് ടോം വരച്ച നൂറുകണക്കിന് ഛായാചിത്രങ്ങളില്‍ ആദ്യത്തേത്. നേരത്തെ താന്‍ വരച്ചിരുന്നവരിലേറെയും താരങ്ങളോ പ്രശസ്തരോ ഒക്കെയായിരുന്നു. എന്നാല്‍, ഇന്ന് ഇവരെ വരക്കുന്നതിലൂടെ കാലങ്ങളോളം ഓര്‍മ്മിക്കപ്പെടേണ്ടവരെയാണ് വരച്ചിരിക്കുന്നതെന്ന് ടോം ക്രോഫ്റ്റ് പറയുന്നു.
നാളെ നമ്മുടെ വരും തലമുറ ഗാലറിച്ചുവരുകളിലെവിടെയെങ്കിലും ഇവരുടെ ചിത്രങ്ങള്‍ കാണണം. ഒരു ഇരുണ്ട കാലത്ത് നമ്മെ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷിക്കാനായി ഇറങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍മ്മ എക്കാലവും ഇവിടെ നിലനില്‍ക്കണം എന്നും അദ്ദേഹം പറയുന്നു.
ടോം ക്രോഫ്റ്റിനൊപ്പം വരക്കാനിപ്പോള്‍ നൂറുകണക്കിന് ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നു കഴിഞ്ഞു. അതില്‍ ഇമ്മാനുവേല്‍ ഡി സൂസ, അലസ്റ്റെയര്‍ ആഡംസ് എന്നിവരും പെടുന്നു. ഒരു അനസ്തേഷ്യനിസ്റ്റിനെ വരക്കുമ്പോള്‍ തന്‍റെ കുഞ്ഞുങ്ങളെ കൂടി അതിലുള്‍പ്പെടുത്താമോ, അവരാണെപ്പോഴും വീട്ടില്‍ നമ്മെ കാത്തിരിക്കുന്നവരെന്നാണ് അവര്‍ ഇമ്മാനുവേലിനോട് ചോദിച്ചത്. നമ്മെ രക്ഷിക്കാനുള്ള പാച്ചിലിലില്‍ ആ കുഞ്ഞുങ്ങളെ കൂടി പിരിഞ്ഞാണിവരെത്തുന്നത്. അതിനാല്‍ അവരെക്കൂടി ചിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നി. അങ്ങനെ കുഞ്ഞുങ്ങളെ കൂടി വരച്ചുവെന്ന് ഇമ്മാനുവേല്‍ ഡി സൂസ പറയുന്നു.
ഏതായാലും ടോം ക്രോഫ്റ്റിനെ പിന്തുടര്‍ന്ന് സ്പെയിന്‍, ബെല്‍ജിയം, അയര്‍ലന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ ആരോഗ്യപ്രവര്‍ത്തകരെ വരച്ചു തുടങ്ങിയിട്ടുണ്ട്. ഇനിവരുന്നൊരു തലമുറക്ക് ആ പോരാളികളെ കാണിച്ചുകൊടുക്കാന്‍. #portraitsfornhsheroes -ലാണ് ചിത്രങ്ങള്‍ കാണുക.