ഇരുപതുകളില്‍ തന്നെ നിയമസഭയിലേക്ക്; ഇന്ന് മുഖ്യമന്ത്രിക്കസേരയ്ക്കായി നേര്‍ക്കുനേര്‍
മുഖ്യമന്ത്രിക്കസേര തന്നെ ലക്ഷ്യമിട്ടാണ് ഇരുവരും ഇക്കുറി ജനവിധി തേടാനൊരുങ്ങുന്നത്. ഒരുപക്ഷേ ഇനിയൊരു അവസരം ലഭിക്കുമോയെന്ന സംശയമുള്ളത് പോലെ, അത്രമാത്രം ബലാബലമുള്ള പോരിന് തന്നെയാണ് കേരളക്കര സാക്ഷിയാകുന്നത്
യൗവ്വനത്തിന്റെ തീക്ഷണമായ കാലഘട്ടത്തില്‍ തന്നെ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുറമെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്ന രണ്ട് നേതാക്കന്മാരാണ് പിണറായി വിജയനും രമേശ് ചെന്നിത്തലയും. ഇരുവരും തമ്മില്‍ ഒരു പതിറ്റാണ്ടിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും രാഷ്ട്രീയത്തിലെത്തുമ്പോള്‍ പലപ്പോഴും മുഖാമുഖം നിന്ന് പോരാടുന്ന പ്രബലരായ നേതാക്കന്മാരായി പിന്നീട് ഇരുവരും മാറി.
തന്റെ ഇരുപത്തിയഞ്ചാം വയസിലാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നായിരുന്നു അന്ന് പിണറായി, നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതേ മണ്ഡലത്തില്‍ നിന്ന് പിന്നീട് രണ്ട് തവണ കൂടി പിണറായി തെരഞ്ഞെടുക്കപ്പെട്ടു. ഓരോ തവണയും വലിയ തോതില്‍ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം ഒരു ജനപ്രതിനിധിയാകാനുള്ള തന്റെ യോഗ്യതയെ ഉറപ്പിച്ചുകൊണ്ടിരുന്നു.
എന്നാല്‍ മന്ത്രിപദത്തിലേക്ക് എത്താന്‍ പിണറായിക്ക് പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1996ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതമന്ത്രി ആയിക്കൊണ്ടാണ് ഭരണപക്ഷ സാരഥികള്‍ക്കിടയില്‍ പിണറായി ആദ്യമായി സ്ഥാനം നേടിയത്. അന്ന് പിണറായിക്ക് അമ്പത് വയസാണ് പ്രായം.
പിണറായി ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തിയെങ്കില്‍ ചെന്നിത്തല, ഇരുപത്തിയാറാം വയസിലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജന്മനാടായ മാവേലിക്കരയില്‍ നിന്ന് അത്ര അകലെയല്ലാത്ത ഹരിപ്പാട് മണ്ഡലത്തില്‍ നിന്നായിരുന്നു രമേശ് ചെന്നിത്തല അന്ന് ജനവിധി തേടിയത്.
ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം മന്ത്രിപദത്തിലേക്ക് കാത്തിരിപ്പും ഹ്രസ്വമായിരുന്നു. മുപ്പതാം വയസില്‍ തന്നെ അദ്ദേഹത്തിന് ആ നേട്ടം കൊയ്‌തെടുക്കാനായി. അങ്ങനെ കെ കരുണാകരന്റെ മൂന്നാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി രമേശ് ചെന്നിത്തല സ്ഥാനമേറ്റു. വൈകാതെ തന്നെ എംപിയുമായി. 1991ലും, 1996ലും 1999ലും പാര്‍ലമെന്റിലേക്ക് അദ്ദേഹം ഈ വിജയം ആവര്‍ത്തിച്ചു.
രണ്ടായിരത്തിലേക്ക് കടക്കും മുമ്പ് തന്നെ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് മുഴുവനായി മുഴുകിപ്പോയിരുന്നു പിണറായി. സംസ്ഥനതലത്തില്‍ മാത്രമല്ല, ദേശീയതലത്തിലും പാര്‍ട്ടിയുടെ അനിഷേധ്യ ശബ്ദമായി പിണറായി മാറാന്‍ തുടങ്ങുകയായിരുന്നു. നീണ്ട പതിനഞ്ച് വര്‍ഷത്തിലധികം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇതിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പിണറായി എത്തുന്നത് 2016ലാണ്. അന്ന് ധര്‍മ്മടത്ത് നിന്ന് വിജയിച്ച പിണറായി, കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.
രണ്ടായിരത്തിന്റെ തുടക്കങ്ങളില്‍ തന്നെ സജീവ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയും ചുവടുമാറിയിരുന്നു. എഐസിസി സെക്രട്ടറിയായി ദേശീയതലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രവര്‍ത്തനം. എന്നാല്‍ 2005ല്‍ തന്നെ കെപിസിസി പ്രസിഡന്റായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി. 2011ല്‍ വീണ്ടും ഹരിപ്പാട് നിന്ന് ജനവിധി തേടി നിയമസഭയിലെത്തി. തുടര്‍ന്ന് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ 2014ഓടെ ആഭ്യന്തര മന്ത്രിസ്ഥാനത്തെത്തി.
ദീര്‍ഘകാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയെന്ന ആദരവും പരിഗണനയും അവകാശവും പിണറായിക്ക് പാര്‍ട്ടിക്കകത്ത് നിന്ന് ലഭിക്കുന്നുണ്ട്. മോശമല്ലാത്ത പ്രതിച്ഛായ തന്നെയാണ് കോണ്‍ഗ്രസിനകത്ത് രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നേട്ടത്തിന്റെ കാര്യത്തിലും പിണറായിയും ചെന്നിത്തലയും ഏറെക്കുറെ സമാനര്‍ തന്നെ. അങ്ങനെ യൗവനകാലഘട്ടം മുതല്‍ തന്നെ രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളില്‍ വിവിധ മുഖങ്ങളില്‍ സജീവമായ പ്രബലരെന്ന് വിളിക്കാവുന്ന രണ്ട് നേതാക്കള്‍ ആദ്യമായി നേര്‍ക്കുനേര്‍ പോരാടുന്ന ചിത്രമാണ് ഇപ്പോള്‍ കാണാനാകുന്നത്.
മുഖ്യമന്ത്രിക്കസേര തന്നെ ലക്ഷ്യമിട്ടാണ് ഇരുവരും ഇക്കുറി ജനവിധി തേടാനൊരുങ്ങുന്നത്. ഒരുപക്ഷേ ഇനിയൊരു അവസരം ലഭിക്കുമോയെന്ന സംശയമുള്ളത് പോലെ, അത്രമാത്രം ബലാബലമുള്ള പോരിന് തന്നെയാണ് കേരളക്കര സാക്ഷിയാകുന്നത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടും അണികളുടെ ശക്തിയില്‍ ആത്മവിശ്വാസമര്‍പ്പിച്ചും പോര്‍ക്കളത്തിലേക്കിറങ്ങുന്ന പിണറായിയെ, തുടരെത്തുടരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ച് ചോദ്യം ചെയ്തുകൊണ്ടാണ് ചെന്നിത്തല നേരിടുന്നത്. ജനവിധി എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ പോലുമാകാത്ത വിധം ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരിക്കും ഇപ്രാവശ്യം കേരളം കാണുകയെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. അവസാനവിധി എന്തായാലും അതറിയാന്‍ രണ്ട് മാസത്തെ കൂടി കാത്തിരിപ്പ് ഇനി ബാക്കി കിടക്കുന്നു.
Also Read:- നിലമ്പൂരിൽ അൻവർ, പൊന്നാനിയിൽ ശ്രീരാമകൃഷ്ണൻ, തവനൂരിൽ ജലീൽ, മലപ്പുറം പട്ടിക ഇങ്ങനെ...