ഇനി തരൂര്‍ 2.0: പുതിയ നേതൃത്വത്തിൽ സ്ഥാനം പ്രതീക്ഷിച്ച് തരൂര്‍, അവഗണിച്ചാൽ പരസ്യമായി തിരുത്തും?
പ്രവർത്തക സമിതി, വർക്കിംഗ് പ്രസിഡൻറ് തുടങ്ങിയ പദവികളിലൊന്നിലേക്ക് തരൂര്‍ ക്ഷണം പ്രതീക്ഷിക്കുന്നുണ്ട്. തന്നെ അവഗണിച്ച് മുന്നോട്ട് പോകാനാണ് നേതൃത്വം ഉദ്ദേശിക്കുന്നതെങ്കിൽ പാര്‍ട്ടിക്കുള്ളിൽ പോരാടാനും അദ്ദേഹം മടിക്കില്ല.
ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പാർട്ടിക്കുള്ളിൽ തരംഗമുണ്ടാക്കാൻ ശശി തരൂരിന് കഴിഞ്ഞു. പാർട്ടിയിൽ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്പോൾ ഇനി തരൂരിനെ അവഗണിച്ചു പോകാൻ നേതൃത്വത്തിനാവില്ല. യുവനിരയ്ക്കിടയിൽ ചലനമുണ്ടാക്കാനായ തരൂർ, തന്‍റെ നിർദ്ദേശങ്ങൾ അംഗീകരിക്കണം എന്ന നിലപാട് വരും ദിവസങ്ങളിൽ കടുപ്പിക്കും
ശശി തരൂർ ആയിരത്തിനു മുകളിൽ നേടിയ വോട്ടുകൾ വിജയമെന്ന് അവകാശപ്പെട്ട് എഐസിസി ഓഫീസിലെത്തിയ അനുയായികൾ. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ തരൂർ വളരെ നേരത്തെ തുടങ്ങിയിരുന്നു. ആദ്യം ജി 23 ഗ്രൂപ്പിൻറെ ഭാഗമായിരുന്നു തരൂർ. എന്നാൽ വിമതനായി നില്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയ തരൂർ ഗാന്ധി കുടുംബത്തോട് എതിപ്പില്ലെന്ന നിലപാട് ആദ്യം പരസ്യമാക്കി.
സോണിയ ഗാന്ധിയെ കണ്ട് മത്സരിക്കുന്ന കാര്യം അറിയിച്ചു. ഗാന്ധി കുടുംബം ഇല്ലെങ്കിലേ മത്സരിക്കാനുള്ളു എന്ന് വ്യക്തമാക്കി. തരൂർ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നതോടെ കോൺഗ്രസ് നേതൃതവും സമ്മർദ്ദത്തിലായി. എൺപത് കഴിഞ്ഞ മല്ലികാർജ്ജുൻ ഖർഗയെ നാടകീയ നീക്കങ്ങൾക്കൊടുവിൽ തീരുമാനിച്ച് വിജയം ഉറപ്പാക്കേണ്ടി വന്നു.
ഈ വിവാദങ്ങളിലൂടെ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് രാജ്യശ്രദ്ധ ആകർഷിക്കാൻ തരൂരിനായി. പത്ത് സംസ്ഥാനങ്ങളിലെങ്കിലും എത്തിയ തരൂരിന് കാർത്തി ചിദംബരം, സൽമാൻ സോസ്, പ്രിയദത്ത്, സന്ദീപ് ദീക്ഷിത്, എംകെ രാഘവൻ തുടങ്ങിയ നേതാക്കളെ കൂടെ നിറുത്താനായി. തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമല്ലെന്ന് തെളിയിച്ച തരൂർ തിരുത്തലുകൾക്ക് എഐസിസിയെ പ്രേരിപ്പിച്ചു.
സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് കിട്ടിയ വോട്ടുകളുടെ പത്തിരട്ടി വോട്ടുകൾ നേടിയ തരൂർ കോൺഗ്രസ് സംഘടനയിലും ഒരു സ്ഥാനം ഉറപ്പാക്കുകയാണ്. പ്രവർത്തക സമിതി, വർക്കിംഗ് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ തരൂർ പരിഗണന പ്രതീക്ഷിക്കുന്നുണ്ട്. താൻ മുന്നോട്ടു വച്ച ആശയങ്ങൾ കൂടി പാർട്ടി നയരൂപീകരണത്തിൽ കണക്കിലെടുക്കണം എന്ന ആവശ്യം തരൂർ ശക്തമാക്കും. പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ മുഖമായി മാറുമ്പോൾ ശശി തരൂരിൻറെ നീക്കങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ല. തരൂരിനെ ഒതുക്കാനാണ് നേതൃത്വം നോക്കുന്നതെങ്കിൽ അത് വലിയ പൊട്ടിത്തെറികളിലേക്കും നയിക്കും.