കോര്‍ കമ്മിറ്റി അംഗത്വം തുടക്കം മാത്രം? സുരേഷ് ഗോപിയിൽ പ്രതീക്ഷയര്‍പ്പിച്ച് കേന്ദ്രനേതൃത്വം

അടുത്തിടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് സംസ്ഥാനത്ത് നടത്തിയ രഹസ്യസർവ്വെയിൽ സുരേഷ് ഗോപി പാര്‍ട്ടിയെ നയിച്ചാൽ നേട്ടമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടെന്നാണ് വിവരം. 

Party central leadership to groom Suresh Gopi as the face of the BJP

തിരുവനന്തപുരം: ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ കൊണ്ടു വരുന്നതിലൂടെ സംസ്ഥാന ബിജെപിയിൽ മാറ്റങ്ങൾക്ക് കൂടിയാണ് കേന്ദ്രനേതൃത്വം തുടക്കമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തെ തന്നെ ദേശീയ നേതൃത്വം ശ്രമം നടത്തിയിരുന്നു. അമിത് ഷാ തന്നെ പലതവണ ഇക്കാര്യത്തിൽ മുൻകൈയ്യെടുത്തെങ്കിലും  തനിക്ക് സിനിമകളിൽ സജീവമാകണമെന്ന് പറഞ്ഞ് താരം പിന്മാറുകയായിരുന്നു. 

 എന്തായാലും സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്താൻ പാര്‍ട്ടി തീരുമാനിച്ചതിൻ്റെ  ഭാഗമായാണ് ഇപ്പോൾ അദ്ദേഹത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. സാധാരണ നിലയിൽ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷന്മാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് പാർട്ടിയുടെ ഉന്നത ഘടകമായ കോർ കമ്മിറ്റിയിലെ അംഗങ്ങളായി വരാറുള്ളത്.  ആ പതിവ് തെറ്റിച്ചത് തന്നെ സുരേഷ് ഗോപിക്ക് തുടർന്നും ഔദ്യോഗിക ചുമതലകൾ നൽകാനുള്ള കേന്ദ്രനേതൃത്വത്തിൻ്റെ നീക്കങ്ങളുടെ ഭാഗമായാണ്. അടുത്തിടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് നടത്തിയ രഹസ്യസർവ്വെയിലും സുരേഷ് ഗോപി നയിച്ചാൽ നേട്ടമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടെന്നാണ് സൂചന.

നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന് ആ പദവിയിൽ ഡിസംബര്‍ വരെ കാലാവധിയുണ്ട്. ലോക്സഭാ തെര‍ഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ കോര്‍ കമ്മിറ്റി അംഗത്വത്തിനപ്പുറം സുരേഷ് ഗോപിക്ക് പുതിയ റോളുകൾ കൂടി ലഭിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വമടക്കം എല്ലാ പദവികളിലും തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോടെ അഭിപ്രായം ആരായുകയോ ചര്‍ച്ചകൾ നടത്തുകയോ ചെയ്തിട്ടില്ല. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും ദില്ലിയിൽ നിന്നും പുറത്തു വരുമ്പോൾ മാത്രമാണ് സംസ്ഥാന നേതാക്കൾ അറിയാറുള്ളത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios