ഭാഷാ പഠനം: ദേശചരിത്രത്തെ രൂപപ്പെടുത്തിയ ഭാഷ

By Arun Asokan  |  First Published Mar 31, 2023, 12:12 PM IST

118 മൂലകങ്ങൾ കൊണ്ടാണ് ഇക്കാണായ പ്രപഞ്ചം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സൂക്ഷ്മമായി ചിന്തിച്ചാൽ വളരെക്കുറച്ച് അടിസ്ഥാന കണങ്ങളും നാല് ബലങ്ങളും ചേർന്നാണ് പ്രപഞ്ച നിർമ്മാണം നടന്നിരിക്കുന്നതെന്ന് ഒരു കൂട്ടം ഭൌതികശാസ്ത്രജ്ഞർ പറയുന്നു.

article on malayalam language study and research seventh part by arun ashokan rlp

ഒരു നിമിഷത്തേയ്ക്ക് ഒന്ന് കണ്ണടയ്ക്കുക, എന്നിട്ട് നിങ്ങളെക്കുറിച്ച് തന്നെ ചിന്തിക്കുക. അപ്പോൾ നിങ്ങളുടെ ഉള്ളിലേയ്ക്ക് ഓടിയെത്തുന്നത് എന്താണ്? എല്ലാ ദിവസവും അണിയിച്ചൊരുക്കുകയും,നാഴികയ്ക്ക് നാൽപ്പതുവട്ടം സെൽഫിയെടുത്ത് ആസ്വദിക്കുന്നതുമായ സ്വ-രൂപമാണോ? ആ ശരീരമാണോ നിങ്ങൾ? അങ്ങനെയെങ്കിൽ പത്ത് വർഷം മുമ്പുള്ള ഒരു ഫോട്ടോ കയ്യിലെടുക്കൂ. ഇന്നത്തെ രൂപവുമായി താരതമ്യം ചെയ്ത് നോക്കൂ. അന്നത്തെ മുഖം, മുടി, കൈകാലുകൾ, ശരീരം ഒക്കെ എത്രയോ മാറിപ്പോയിരിക്കുന്നു. കോശതലത്തിൽ നോക്കിയാലും നിങ്ങളുടെ ശരീരം ഒരുപാട് മാറ്റിപ്പണിയപ്പെട്ടിരിക്കുന്നു. അന്ന് ഉണ്ടായിരുന്ന എത്ര കോശങ്ങളാണ് ഇന്നും അതുപോലെ തന്നെ ശരീരത്തിൽ നിലനിൽക്കുന്നത്? എന്നിട്ടും അന്നത്തെയും ഇന്നത്തെയും ശരീരത്തെ നോക്കി നമ്മൾ ഓരോരുത്തരും പറയുന്നു ‘ഞാൻ ‘. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ശരീരത്തിനുള്ളിൽ ഞാനായിത്തന്നെ അവശേഷിക്കുന്ന എന്തോ ഒന്ന് നിലനിൽക്കുന്നുണ്ട്. 'ഞാനി'നെക്കുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ച് നോക്കൂ. ആ ഞാനിനെ നിർവചിക്കാൻ  ഉള്ളിലേയ്ക്ക് വാക്കുകൾ വരിവരിയായി നിരന്നുവരുന്നത് നമുക്ക് അറിയാൻ കഴിയും. നമ്മെത്തന്നെ നിർവചിക്കാൻ നമ്മെ സഹായിക്കുന്നത് വാക്കുകളാണെന്ന് ആ നിമിഷത്തിൽ നമുക്ക്  തിരിച്ചറിയാൻ കഴിയും. ആ നിമിഷത്തിലാണ് ഭാഷയുടെ അദ്ഭുതവും നമ്മൾ തിരിച്ചറിയുന്നത്. 

നമ്മെക്കുറിച്ചുള്ള നിർണ്ണയത്തിൽ മാത്രമാണോ വാക്കുകൾ നമ്മെ സഹായിക്കുന്നത്? അഗാഥമായ നിദ്രയിലല്ലാത്ത ഓരോ നിമിഷത്തെക്കുറിച്ചും ഓർത്തുനോക്കാം. വാക്കുകളുടെ രൂപം ധരിച്ച് എന്തൊക്കെയാണ് ഓരോ നിമിഷവും നമ്മുക്കുള്ളിലെത്തുന്നത്. സന്തോഷങ്ങളും അവയ്ക്ക് പിന്നിലെ സങ്കടങ്ങളും. അപമാനങ്ങളെ ധീരമായി നേരിട്ട് നേടിയെടുക്കുന്ന അഭിമാനങ്ങൾ. പൂവിൽ പിറന്ന കായ്കൾ, കായ് കൊത്തിയെടുത്ത് പറന്നുപോയ പറവകൾ. അവർ ഉയർന്ന് പൊങ്ങിയ ആകാശങ്ങൾ. ആകാശനീലയ്ക്കും അപ്പുറം തെളിയുന്ന ആകാശഗംഗകൾ. ആകാശഗംഗകളെയും ഉള്ളിലൊതുക്കുന്ന സൂക്ഷ്മകണങ്ങൾ. ഇവയെല്ലാം പരന്നുകിടക്കുന്ന അനന്തമായ കാലം. അങ്ങനെ പ്രപഞ്ചത്തിൽ ഉള്ളതെല്ലാം വാക്കുകളിൽ നിരന്നുവരുന്നു. പ്രപഞ്ചത്തിൽ ഉള്ളത് മാത്രമാണോ വരുന്നത്. ഭൂമിയിലൂടെ നടക്കുന്ന മനുഷ്യരും ആകാശത്തിലൂടെ പറക്കുന്ന പറവകളും മാത്രമാണോ ഉള്ളത്? അല്ല, ആകാശത്തിലൂടെ പറക്കുന്ന മനുഷ്യരും നമ്മുടെ ഉള്ളിലുണ്ട്. ഒരു തലയുള്ളവനെക്കൂടാതെ പത്ത് തലയുള്ള രാവണനെയും കാണാം. തീ തുപ്പുന്ന വ്യാളികൾ. കരിമ്പന മുകളിലെ മാളികകളിൽ നിന്ന് ഇറങ്ങിവരുന്ന സുന്ദരി യക്ഷികൾ. അങ്ങനെ വാക്കുകൾ കൊണ്ട് നമ്മൾ എന്തെന്തെല്ലാം സൃഷ്ടിച്ചെടുക്കുന്നില്ല? 

Latest Videos

ഒന്നാം ഭാഗം: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?

അക്ഷരങ്ങൾക്ക് മുന്നിൽ അത്ഭുതം കൂറിയവർ

118 മൂലകങ്ങൾ കൊണ്ടാണ് ഇക്കാണായ പ്രപഞ്ചം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സൂക്ഷ്മമായി ചിന്തിച്ചാൽ വളരെക്കുറച്ച് അടിസ്ഥാന കണങ്ങളും നാല് ബലങ്ങളും ചേർന്നാണ് പ്രപഞ്ച നിർമ്മാണം നടന്നിരിക്കുന്നതെന്ന് ഒരു കൂട്ടം ഭൌതികശാസ്ത്രജ്ഞർ പറയുന്നു. പ്രപഞ്ച നിർമ്മാണത്തിലെ ഈ മാന്ത്രികവിദ്യക്ക് മുന്നിൽ അദ്ഭുതം കൂറാനേ മനുഷ്യന് കഴിയൂ. അതേ, അദ്ഭുതം... വാക്കുകൾക്ക് മുന്നിലും കൂറിയവരുണ്ട്. വാക്കുകളിലൂടെ ഇന്നോളം നിർമ്മിക്കപ്പെട്ട മഹാപ്രപഞ്ചങ്ങളെയും മഹാദ്ഭുതങ്ങളെയും കുറിച്ച് ചിന്തിച്ചാൽ ആർക്കാണ് അദ്ഭുതം തോന്നാത്തത്. 

ഇംഗ്ലീഷ് ഭാഷയെത്തന്നെ ഏടുക്കുക. വെറും ഇരുപത്തിയാറ് അക്ഷരങ്ങളിൽ ഏതൊക്കെയോ മനുഷ്യരുടെ ഉള്ളിൽ ഉദയം ചെയ്ത വാക്കുകളാണ് നൂറ്റാണ്ടുകൾ നമ്മെ അടിമയാക്കിയത്. ആ ഭാഷയിൽ രൂപം കൊണ്ട അറിവുകൾ ഇന്നും ലോകത്തെ ഭരിക്കുന്നു. എങ്ങനെയാണ് 26 അക്ഷരങ്ങൾക്ക് ലോകത്തെത്തന്നെ ഭരിക്കാനുളള ശക്തിയുണ്ടാകുന്നത്? 

ക്ഷണനേരം കൊണ്ട് ഭൌതിക പ്രപഞ്ചത്തിലെത്തി വായുവിലെ പ്രകമ്പനമായി അസ്തമിച്ചു പോകുന്ന ശബ്ദത്തിൻറെ അണു മാത്രകളെ 'അക്ഷരം' എന്ന വാക്കുമായാണ് ഭാരതീയർ ബന്ധപ്പെടുത്തിയത്. നാശമില്ലാത്തതെന്ന് അർത്ഥം. ഭൌതിക പ്രപഞ്ചത്തിൽ ശബ്ദമായി ഒരു മാത്രയുടെ മാത്രം നിലനിൽപ്പാകും ഭാഷയിലെ അടിസ്ഥാന വസ്തുവിന് ഉണ്ടാകുക. എന്നാൽ, മനുഷ്യമനസ്സ് ഉള്ളിടത്തോളം കാലം അതിന് നാശമില്ലാത്ത അനാദികാലത്തെ നിലനിൽപ്പുണ്ട്. അതിനാലാണ് അതിന് 'ക്ഷരമില്ലാത്തത്' എന്ന അർത്ഥത്തിൽ 'അക്ഷരം' എന്ന പേര് വന്നത്. അതിന് നിർമ്മിക്കാൻ കഴിയുന്ന ലോകങ്ങളുടെ ശക്തി തിരിച്ചറിഞ്ഞതിനാലാണ് പ്രപഞ്ചനാഥനായ ശിവൻ താണ്ഡവ നടനത്തിന് ഒടുവിൽ മുഴക്കിയ ഢമരുവിൻറെ നാദത്തിൽ നിന്നാണ് അക്ഷരജാലം മുഴുവൻ പിറവിയെടുത്തതെന്ന ഇന്ത്യൻ മിത്ത് രൂപം കൊണ്ടത്. 

രണ്ടാം ഭാഗം: ഭാഷാ പഠനം; മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളത് ?

മൂന്നാം ഭാഗം: ഭാഷാ പഠനം; എങ്ങനെയാണ് മനുഷ്യൻ അറിവ് സ്വന്തമാക്കുന്നത്?

ദേശവും ഭാഷയും 

മനുഷ്യൻറെ ഉള്ളിലെ പ്രപഞ്ചങ്ങളെ മുഴുവൻ നിർമ്മിക്കുന്ന  ഭാഷയിലെ ശബ്ദമാത്രകളോട്, അവയെ പ്രതിനിധാനം ചെയ്യുന്ന അക്ഷരങ്ങളോട്, വാക്കുകളോട്, വാക്യങ്ങളോട് മനുഷ്യപ്രതിഭയ്ക്ക് തോന്നിയ ആദരവാണ് ഭാഷാപഠനങ്ങളുടെയെല്ലാം അടിത്തട്ട്. ആ അടിത്തട്ടിൽ നിന്ന് പുറത്തേയ്ക്ക് വന്നാൽ ഭാഷയിലൂടെ മനുഷ്യർ രൂപപ്പെടുത്തിയെടുക്കുന്ന ലോകങ്ങളും കാണാൻ കഴിയും. അങ്ങനെ പ്രദേശഭേദം അനുസരിച്ചും മനുഷ്യപ്രകൃതിയുടെ ഭേദമനുസരിച്ചും പല നാടുകളിൽ പല ലോകങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിന് വിവിധ ഭാഷകൾ അടിത്തട്ടായി വർത്തിച്ചിട്ടുമുണ്ട്. അങ്ങനെ പല സ്ഥലങ്ങളിൽ പല ലോകങ്ങൾ നിർമ്മിക്കപ്പെട്ടത് പോലെ, നമ്മുടെ നാട്ടിലും ഒരു ലോകം നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിന് അടിത്തട്ടായി ഒരു ഭാഷ വർത്തിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിൻറെയും പേരാണ് മലയാളം. അതിനാലാണ് ഒരുകാലത്ത് നമ്മുടെ നാടിനെയും മലയാളം എന്ന് തന്നെ വിളിച്ചിരുന്നത്.

മൂന്നരക്കോടി ജനങ്ങൾ ഇന്ന് അവരുടേതായി കൊണ്ടുനടക്കുന്ന ലോകം. അത് കുമ്പള മുതൽ പാറശ്ശാലവരെയുള്ള ഭൂമിശാസ്ത്ര മേഖലയിൽ അല്ല രൂപം കൊണ്ടിരിക്കുന്നത്. അത് മനുഷ്യരുടെ മനസ്സുകളിലാണ്. മനസ്സിലെ ആ ലോകത്തിന് വാക്കുകളുടെ രൂപമാണുള്ളതത്. ആ ലോകം ഇന്നിൻറെ മൂന്നരക്കോടി മനസ്സിലെ വാക്കുകളിൽ രൂപം കൊണ്ടതല്ല. ഈ ഭൂമിയിൽ  ജീവിച്ചുപോയ എത്രയോ കോടി മനുഷ്യ മനസ്സുകളിലെ വാക്കുകളാണ് അത് രൂപപ്പെടുത്തിയത്. ഇനി വരാനിരിക്കുന്ന എത്രയോ കോടി മനസ്സുകളിലെ വാക്കുകൾ അത് രൂപപ്പെടുത്താനും ഉണ്ട്. അതറിയുന്നിടത്താണ് മലയാളം എന്ന ഒറ്റ വാക്കിൽ പറയുന്ന വിഷയത്തിൻറെ ജ്ഞാനശാസ്ത്ര അടിത്തറ നിലനിൽക്കുന്നത്.

ഭാഷയിലേക്ക് കയറി വന്ന ശാസ്ത്രം

മലയാള ഭാഷയും സാഹിത്യവും എന്നാണ് സർവകലാശാലകളിലും കോളേജുകളിലും ഔപചാരികമായി പഠിക്കുന്ന വിഷയത്തിൻറെ പേര്. മലയാള ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ആഴത്തിൽ പഠിക്കുക. അതിൽത്തന്നെ പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആ പഠനത്തിൽ നേരിടുന്ന ജ്ഞാനശാസ്ത്ര പ്രശ്നങ്ങളും കണ്ടുകഴിഞ്ഞു. ഇത് കൂടാതെ മലയാളമെന്ന ഭാഷയിൽ രൂപപ്പെടുന്ന വ്യവഹാരങ്ങൾ കൂടി മലയാള വിഭാഗങ്ങൾ തങ്ങളുടെ പഠനമേഖലയിൽ പലപ്പോഴും ഉൾപ്പെടുത്താറുണ്ട്. കേരള സംസ്കാരവും  കേരള ചരിത്രവും മലയാള ഭാഷയുടെയും സാഹിത്യത്തിൻറെയും ചരിത്രം പഠിക്കാൻ അത്യാവശ്യമാണ്. മലയാള സിനിമയും പത്ര-മാസികകളും ഒക്കെ ഇന്നത്തെ ഭാഷയുടെ അവസ്ഥയിലും സാഹിത്യത്തിൻറെ അവസ്ഥയിലും നിർണായകമാകുന്നുണ്ട്. എന്നാൽ സാഹിത്യത്തെയും ഭാഷയെയും കേന്ദ്രസ്ഥാനത്ത് നിർത്താതെ തന്നെ ഈ വിഷയങ്ങളിലേയ്ക്ക് കയറിപ്പോകാനുള്ള പ്രവണത മലയാള വിഭാഗങ്ങൾക്ക് ഉണ്ട്. അങ്ങനെ കേരളത്തിൻറെ പ്രാദേശിക ചരിത്രങ്ങളും സാംസ്കാരിക ചരിത്രങ്ങളും  ഫോക് ലോറും, മാധ്യമ പഠനവും, സിനിമാ പഠനങ്ങളും, നരവംശ ശാസ്ത്ര പഠനങ്ങളും, സാമ്പത്തിക ശാസ്ത്രം, ഫിലോസഫി, രാഷ്ട്രതന്ത്രം മനഃശാസ്ത്രം എന്നിവയെല്ലാം ഭാഷയുടെയും സാഹിത്യത്തിൻറെയും  പഠനത്തിനുള്ള സപ്പോർട്ടീവ് മെക്കാനിസം അല്ലാതെ തന്നെ മലയാളവിഭാഗത്തിലേയ്ക്ക് എത്തി.

നാലാം ഭാഗം: ഭാഷാ പഠനം: മനസും തലച്ചോറും ഒരു ശാസ്ത്രീയ പഠനം


  

അഞ്ചാം ഭാഗം:  ഭാഷാ പഠനം; മനുഷ്യ ബുദ്ധിക്ക് അളക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടോ?

അങ്ങനെ നോക്കുമ്പോൾ മലയാള ഭാഷയും സാഹിത്യവും എന്നതിൽ ഒതുങ്ങാതെ മലയാളിയെ സമഗ്രമായി പഠന വിധേയമാക്കുക എന്ന ലക്ഷ്യം മലയാള വിഭാഗങ്ങൾ ഏറ്റെടുത്തതായി കാണാൻ കഴിയും. കാരണം ഭാഷയിലൂടെയല്ലാതെ മനുഷ്യർ ഒരു വ്യവഹാര രൂപവും ജ്ഞാനവും രൂപീകരിക്കുന്നില്ല. അങ്ങനെ ഏറ്റെടുത്തതിൻറെ ഗുണവും ദോഷവും ജ്ഞാന ശാസ്ത്രപരമായി മലയാള പഠനത്തിൽ കാണാൻ കഴിയും.ആദ്യം ഗുണത്തിൽ നിന്ന് തുടങ്ങാം. 

ഭാഷയിൽ നിന്ന് ദേശ ചരിത്രത്തിലേക്ക്

എല്ലാ ജനതകളും ചരിത്രത്തിലാണ് ചവിട്ടിനിൽക്കുന്നത് (ചരിത്രം എന്നാൽ എന്ത് എന്ന വലിയ ചോദ്യം ഉണ്ട്. ആ ചോദ്യത്തിൽത്തന്നെ ഒരു ജ്ഞാനശാസ്ത്ര പ്രതിസന്ധിയുമുണ്ട്). മലയാളിയും വ്യത്യസ്തനല്ല. മലയാളിക്ക് ആ ചരിത്ര ബോധം പകർന്ന് നൽകിയതിൽ മലയാള വിഭാഗങ്ങൾ നൽകിയ പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ കാലങ്ങൾക്ക് ആഖ്യാനരൂപം നൽകിയത് ഇളംകുളം കുഞ്ഞൻ പിള്ളയെപ്പോലുള്ള മലയാളം അധ്യാപകരാണ്. അവർ ആ ചരിത്രം തെളിയിച്ചെടുത്തത് ക്ഷേത്രങ്ങളിലും ചെമ്പോലകളിലും ഒക്കെ കോറിയിട്ടിരുന്ന അക്ഷരങ്ങളിൽ നിന്നാണ്, താളിയോലകളിൽ നിന്നാണ്, സാഹിത്യകൃതികളിൽ നിന്നാണ്. അവിടെ ഉണ്ണിയച്ചീ ചരിതത്തിനും, ഉണ്ണിയാടീ ചരിതത്തിനും അനന്തപുര വർണനത്തിനും ഉണ്ണുനീലി സന്ദേശത്തിനും ഒക്കെ സ്ഥാനമുണ്ട്. വരുംകാലത്തിലും പ്രാചീന ലിപികളും പ്രാചീന ഭാഷാരൂപങ്ങളും അറിയുന്ന മനുഷ്യരുടെ സഹായമില്ലാതെ ഇതൊന്നും സാധ്യമാകുകയുമില്ല. പണ്ഡിതരായ മലയാള ഗവേഷകർ തീർത്തുകൊടുത്ത അടിത്തറയിൽ തന്നെയാണ് കേരള ചരിത്രം കാലൂന്നിനിൽക്കുന്നത്. ആ ചരിത്രം വിസ്മരിച്ചാണ് കേരളത്തിൽ ശാസ്ത്ര ഗവേഷണവും ചരിത്ര ഗവേഷണവും ഒക്കെ പോരെ, എന്തിനാണ് മലയാള ഗവേഷണം എന്ന് ചിലർ വാദിക്കുന്നത്. 

ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും, മലയാള ഗവേഷണം ചരിത്രത്തിൻറെ ഉള്ളറകളിലേയ്ക്ക് കടന്നപ്പോൾ കേരളീയ വിജ്ഞാനത്തിന് ഉണ്ടായ നേട്ടമാണ് മേൽവിവരിച്ചത്. എന്നാൽ  ഭാഷയിലൂടെ ഏത് മേഖലയിലേയ്ക്കും മലയാള ഗവേഷകർക്ക് കടന്നുകയറാം എന്ന് വന്നപ്പോളുണ്ടായ ദോഷങ്ങൾ കൂടി കാണേണ്ടതുണ്ട്. ഇളംകുളത്തെപ്പോലൊരു പണ്ഡിതൻ ചരിത്രം എന്ന വിഷയത്തിലേയ്ക്ക് അഗാധമായി കടന്നുപോയപ്പോഴാണ് പെരുമാക്കൻമാരും അവരുടെ രാജധാനിയായ മഹോദയപുരമെന്ന മായാനഗരിയും ആ മായാനഗരിയെ തകർത്തുകളഞ്ഞ നൂറ്റാണ്ടുയുദ്ധമെന്ന ഘോരയുദ്ധവുമെല്ലാം ഉണ്ടാകുന്നത്. ഏതൊരു കഥാകാരനെയും വെല്ലുന്ന ഭാവനാവിലാസങ്ങൾ ഇളംകുളത്തിൽ നമുക്കിവിടെ കാണാൻ കഴിയും. ഒരു ചരിത്രത്തെളിവും സ്വയം കടന്നുവന്ന് ഭൂതകാലം അനാവൃതമാക്കാറില്ല. എല്ലാ തെളിവുകളും മനുഷ്യമനസ്സിലൂടെ കടന്നാണ് ചരിത്രമായി പരിണമിക്കുന്നത്.

ചരിത്രം നഷ്ടപ്പെടുന്ന ഭാഷാ പഠനം

തനിക്ക് മുന്നിൽ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചരിത്രത്തിൻറെ അഗാധതകളിലേയ്ക്ക് പോകാൻ ഇളംകുളത്തിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ചരിത്രവിഭാഗങ്ങളിൽ പോലും ഇളംകുളം ആദരണീയനാകുന്നത്. ഇളംകുളം എന്ന പാണ്ഡിത മനസ്സിനോട് ചേർന്നപ്പോഴാണ് തെളിവുകൾ അതിൻറെ അഗാധതയിൽ ചരിത്രമായി മാറിയത്. അത്തരമൊരു പണ്ഡിത മനസ്സില്ലാതെ അവിടേയ്ക്ക് കടന്നുകയറിയാൽ അത് ചരിത്രമാകില്ല. ആ ചരിത്രത്തിൽ നിന്ന് കിട്ടുന്ന ആദരവുമുണ്ടാകില്ല. 

ഭാഷയിലൂടെയാണ് മലയാളിയുടെ എല്ലാ വ്യവഹാര രൂപങ്ങളും രൂപപ്പെടുന്നതെന്ന  ബോധ്യത്തിൻറെ അടിസ്ഥാനത്തിൽ മലയാളപഠനം സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം, രാഷ്ട്രതന്ത്രം, ഫിലോസഫി, മനഃശാസ്ത്രം എന്നിങ്ങനെ എല്ലാ വിഷയങ്ങളിലേയ്ക്കും കടന്നുകയറുന്നുണ്ട്. കേരളചരിത്രത്തിന് അടിത്തറ പണിതത് പോലെ  കേരളവുമായി ബന്ധപ്പെട്ട് മറ്റ് വിഷയങ്ങളിൽ കൂടി അടിത്തറ പണിയാൻ മലയാള ഗവേഷകർക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ,  ഈ മേഖല ഇങ്ങനെ പരന്നതും ആഴമില്ലാത്തതുമായി മാറിയതോടെ മലയാള പഠന വിഭാഗങ്ങൾക്ക് അടിത്തറയുണ്ടായിരുന്ന ഭാഷ, വ്യാകരണം, സാഹിത്യ സിദ്ധാന്തങ്ങൾ തുടങ്ങി പല സ്ഥലത്തെയും അടിത്തറ കൂടി ഇളകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.

ഇന്ന് പല സർവകലാശാലകളും മലയാളം ഡിഗ്രി പിജി സിലബസുകളിൽ നിന്ന് വ്യാകരണവും ഇന്ത്യൻ കാവ്യസിദ്ധാന്തങ്ങളും ഒക്കെ എടുത്ത് കളയുന്ന തിരക്കിലാണ്. ഇവയെല്ലാം എടുത്ത് കളയുന്നതോടെ മെഷീൻ ട്രാൻസലേഷൻ, നാച്ചുറൽ ലാഗ്വേജ് പ്രോസസിംഗ്, സെൻറിമെൻസ് ആനിലിസിസ്, ഭാഷയെയും സാഹിത്യത്തെയും ഏറ്റവും നവീനമായ തിയറികളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കൽ അങ്ങനെ പുതിയ പുതിയ  കാര്യങ്ങൾ ചേർക്കപ്പെടും എന്ന് നമ്മൾ കരുതുന്നു. എന്നാൽ, അതും ഉണ്ടാകുന്നില്ല. മനഃശാസ്ത്രത്തിൻറെയോ സാമ്പത്തിക ശാസ്ത്രത്തിൻറെയോ ഫിലോസഫിയുടെയോ  രാഷ്ട്രതന്ത്രത്തിൻറെയോ ഒക്കെ അരികുകൾ മാത്രം ചികഞ്ഞ് ആർക്കും മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ എഴുതിക്കൂട്ടുന്ന സ്ഥലങ്ങളായി മലയാള വിഭാഗങ്ങൾ മാറി. 

തീസീസുകളിലെ സ്ത്രീവിരുദ്ധതയും പൊളിറ്റിക്കൽ കറക്ടനസും  അക്ഷരത്തെറ്റുകളും വാക്യത്തെറ്റുകളും മാത്രം ചർച്ച ചെയ്യപ്പെടുന്ന സന്ദർഭങ്ങളായി ഓപ്പൺ ഡിഫൻസുകൾ അധഃപതിച്ചു. ചരിത്രത്തിൽ അന്ന് സംഭവിച്ചത് ഇന്ന് എന്തുകൊണ്ട്  മലയാളത്തിൻറെ കേന്ദ്ര പഠന മേഖലയായ ഭാഷയിലും സാഹിത്യത്തിലും പോലും സംഭവിക്കുന്നില്ലെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുളളൂ. ഇളംകുളം, എ.ആർ, എൽ.വി ആർ, ആറ്റൂർ,  വേദബന്ധു തുടങ്ങിയത് പോലെയുള്ള തലച്ചോറുകൾ  മലയാള വിഭാഗങ്ങളിലേയ്ക്ക് എത്തുന്നത് വളരെ അപൂർവമായി മാറുന്നുവെന്നത് തന്നെ. അങ്ങനെ നഷ്ടപ്പെട്ടതിൻറെ കാരണം എന്ത് എന്നാണ്  അന്വേഷിക്കേണ്ടത്. അത് അന്വേഷിക്കാതെ മലയാള ഗവേഷണത്തെക്കുറിച്ച് നടത്തുന്ന മറ്റെല്ലാ വിലാപങ്ങളും കപട വിലാപങ്ങൾ മാത്രമാണ്. പക്ഷേ അത് അന്വേഷിക്കാനും തുറന്നുപറയാനും  ആർക്കാണ് ധൈര്യം എന്നതാണ് ചോദ്യം?  

ആറാം ഭാഗം: ഭാഷാ പഠനം: ഭാഷയിൽ രൂപപ്പെടുത്തിയ കാഴ്ചയെന്ന യാഥാര്‍ത്ഥ്യം


(കേരള സർവകലാശാലയ്ക്ക് കീഴിൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകൻ. )
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image