Aug 5, 2022, 9:53 AM IST
പതിനെട്ടാം വയസിൽ രാജഭരണത്തിനെതിരെ ലേഖനമെഴുതിയതിനു നാട് കടത്തപ്പെട്ട ധീരൻ. തിരുവിതാംകൂറിലെ ആധുനിക ജനാധിപത്യ പ്രസ്ഥാനത്തിന്റെ ജനയിതാവ്. പത്തൊമ്പതാം നൂറ്റാണ്ട് കണ്ട ഏറ്റവും പ്രമുഖ ഇന്ത്യൻ പത്രാധിപർ. ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യരംഗത്തെ പ്രഥമ തലമുറക്കാരൻ. ഗാന്ധിജിയുടെ ഉപദേശകൻ.
ഗോവിന്ദൻ പരമേശ്വരൻ പിള്ള എന്ന ബാരിസ്റ്റർ ജി പി പിള്ളയുടെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് ഹരിഹര അയ്യരുടെയും വളവക്കുന്നത്ത് കാർത്യായനി അമ്മയുടെയും മകൻ ആയി 1864ൽ ജനനം. തിരുവനന്തപുരം മഹാരാജാസ് കോളേജ് എന്ന ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ പിള്ള പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി. തിരുവിതാംകൂർ രാജഭരണത്തിനും ദിവാനുമെതിരെ അതിനിശിതമായ വിമർശങ്ങളായിരുന്നു ആ രചനകൾ. ഭരണത്തിലെ അഴിമതി, സ്വജനപക്ഷപാതം, തദ്ദേശീയർക്കെതിരെയുള്ള വിവേചനം എന്നിവയൊക്കെ ആ രചനകള്‍ക്ക് വിഷയമായി. ഇതോടെ ദിവാന്‍ വെമ്പാക്കം രാമയ്യങ്കാർ മുന്‍കൈയെടുത്ത് അദ്ദേഹത്തെ മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കി. രാജഭരണത്തിനെതിരെ ലേഖനമെഴുതിയതിനു തിരുവിതാംകൂര്‍ നാട് വിടേണ്ടിവന്ന ആദ്യ വ്യക്തിയായി ആ പതിനെട്ടുകാരൻ.
മദിരാശി പ്രസിഡൻസി കോളേജിൽ ആയിരുന്നു പിള്ളയുടെ തുടർ വിദ്യാഭ്യാസം. അതിനുശേഷം അവിടെ മദ്രാസ് സ്റ്റാൻഡേർഡ് എന്ന തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രത്തിന്റെ അധിപനായി. ബ്രാഹ്മണമേധാവിത്തവിരുദ്ധ മുന്നേറ്റത്തിന്റെ നാവായി പത്രം. തിരുവിതാംകൂറിലെ ആധുനിക ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കമിട്ട 1891ലെ മലയാളി മെമ്മോറിയലിന്റെ ശില്പികളിൽ പ്രമുഖനായിരുന്നു ജി പി പിള്ള. തിരുവിതാംകൂറിലെ സർക്കാർ ജോലികളിൽ മഹാഭൂരിപക്ഷവും പരദേശി ബ്രാഹ്മണർ കൈവശം വെക്കുന്നതിനെതിരെ പതിനായിരത്തിലേറെപ്പേർ ഒപ്പിട്ട നിവേദനമായിരുന്നു മലയാളി മെമ്മോറിയൽ. മഹാരാജാവിന് ഈ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടു. പിന്നീട് സ്വാമി വിവേകാനന്ദന്റെയും ഡോക്ടർ പൽപ്പുവിന്റെയും നിർദ്ദേശാനുസരണം ഈഴവ സമുദായത്തിന്റെ അവശതകൾ ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിക്കാൻ ലണ്ടനിലെത്തി അദ്ദേഹം. 1885ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി ജി പി പിള്ളയാണ്. 1894ലും 1898 ലും കോൺഗ്രസിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1898 ല്‍ ലണ്ടനിലെ മിഡിൽ ടെംപിളിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടിയ പിള്ളയുടെ സഹായവും ഉപദേശവും തന്റെ തെക്കേ ആഫ്രിക്കയിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഗാന്ധിജി തേടിയിരുന്നു. തനിക്ക് ഏറ്റവും അധികം സഹായം ചെയ്ത പിള്ളയുടെ മദ്രാസ് സ്റ്റാൻഡേർഡിന്‍റെ ഓഫിസിൽ പോയതും മറ്റും അദ്ദേഹത്തിന്‍റെ ആത്മകഥയിലുണ്ട്. പിള്ളയുടെ ഇന്ത്യൻ പ്രതിനിധികള്‍, ഇന്ത്യൻ കോൺഗ്രസ്മെൻ, ലണ്ടനും പാരീസും, തിരുവിതാംകൂര്‍ തിരുവിതാംകൂര്‍കാര്‍ക്ക് എന്നീ രചനകൾ പ്രസിദ്ധമാണ്. തിരുവിതാംകൂറിൽ അഭിഭാഷകനായിരിക്കവേ 39ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.