23 രൂപ പ്ലാന്‍ പഴയപോലെയല്ല, ആനുകൂല്യം വെട്ടിക്കുറച്ച് വോഡാഫോണ്‍ ഐഡിയ, പക്ഷേ മറ്റൊരു ആശ്വാസം
ദില്ലി: ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍ ഐഡിയ (വിഐ) അവരുടെ 23 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ മാറ്റം വരുത്തി. ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 1.2 ജിബി 4ജി ഡാറ്റയാണ് മുമ്പ് ലഭ്യമായിരുന്നതെങ്കില്‍ ഇപ്പോഴത് 1 ജിബിയായി കുറച്ചു. എന്നാല്‍ ഈ പ്ലാനിന് സര്‍വീസ് വാലിഡിറ്റിയില്ല. മറ്റ് റീച്ചാര്‍ജ് പ്ലാനുകള്‍ ആക്‌റ്റീവായിരിക്കുമ്പോള്‍ മാത്രം ചെയ്യാനാവുന്ന ബൂസ്റ്റര്‍ റീച്ചാര്‍ജാണ് 23 രൂപയുടേത്. സിം ആക്റ്റീവായി നിലനിര്‍ത്താന്‍ ആക്റ്റീവ് സര്‍വീസ് വാലിഡിറ്റി ലഭ്യമാവുന്ന പ്രീപെയ്‌ഡ് പ്ലാന്‍ നിര്‍ബന്ധമായും റീച്ചാര്‍ജ് ചെയ്‌തിരിക്കണം.
2023 മുതല്‍ വോഡാഫോണ്‍ ഐഡിയയുടേതായുള്ള റീച്ചാര്‍ജ് പ്ലാനാണ് 23 രൂപയുടേത്. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് 200 എംബി ഡാറ്റ കമ്പനി ഇപ്പോള്‍ കുറയ്ക്കുകയായിരുന്നു. അതേസമയം 26 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ വിഐ 1.5 ജിബി ഡാറ്റ നല്‍കുന്നുമുണ്ട്. ഇതും ഡാറ്റ ബൂസ്റ്റര്‍ പ്ലാനാണ്, സര്‍വീസ് വാലിഡിറ്റിയോടെയുള്ളതല്ല. മൂന്ന് രൂപ അധികം നല്‍കുമ്പോള്‍ കൂടുതലായി ലഭിക്കുന്നത് 500 എംബി ഡാറ്റ.
49 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ഒരു ദിവസം 20 ജിബി ഡാറ്റ ലഭിക്കുന്ന റീച്ചാര്‍ജ് പ്ലാനും വോഡാഫോണ്‍ ഐഡിയക്കുണ്ട്. ഈ പ്ലാനും സര്‍വീസ് വാലിഡിറ്റി നല്‍കുന്നില്ല. ഈ മൂന്ന് പ്ലാനുകളുടെ വാലിഡിറ്റിയും രാത്രി 11.59ന് അവസാനിക്കും.
ഒരു മണിക്കൂര്‍ നേരത്തേക്ക് 10 ജിബി ഡാറ്റ നല്‍കുന്ന പ്രത്യേക ബൂസ്റ്റര്‍ പ്ലാന്‍ മറ്റൊരു സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. 11 രൂപയാണ് ഈ പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനിന്‍റെ വില. ഉപയോഗിച്ച് ബാക്കിയാവുന്ന ഡാറ്റ സമയപരിധി കഴിഞ്ഞതോടെ അസാധുവാകും. ഇതേ വിലയിലും ഡാറ്റ പരിധിയിലും ഒരു മണിക്കൂര്‍ നേരത്തേക്ക് ഭാരതി എയര്‍ടെല്ലിനും ഡാറ്റ പ്ലാനുണ്ട്.
Read more: 11 രൂപയ്ക്ക് 10 ജിബി ഡാറ്റ; എയര്‍ടെല്ലുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ജിയോ, വമ്പന്‍ പ്രഖ്യാപനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം