ഗംഭീര്‍ ശരിക്കും പേടിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിംഗ്.
പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മമ്പ് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ വാക് പോര് തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകൻ റിക്കി പോണ്ടിംഗ്. ഗംഭീര്‍ ശരിക്കും പേടിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ താരം വിരാട് കോലിയുടെ മോശം ഫോമിനെയും ഇന്ത്യൻ ടീമിലെ സ്ഥാനത്തെയും ചോദ്യം ചെയ്ത റിക്കി പോണ്ടിംഗിനെതിരെ ഗംഭീര്‍ നേരത്തെ രംഗത്തുവന്നിരുന്നു. വിരാട് കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് ബാറ്റിംഗ് കണക്കുകള്‍ നിരത്തിയായിരുന്നു റിക്കി പോണ്ടിംഗ് കോലെയെ വിമര്‍ശിച്ചത്. ഞാന്‍ കഴിഞ്ഞ ദിവസമാണ് ആ കണക്കുകള്‍ കണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോലി ടെസ്റ്റില്‍ രണ്ട് സെഞ്ചുറികള്‍ മാത്രമാണ് നേടിയിട്ടുള്ളത്. അത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി അഥവാ ഈ കണക്കുകള്‍ സത്യമാണെങ്കില്‍ അത് ശരിക്കും ആശങ്കയുണ്ടാക്കുന്നതാണ്. കാരണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രം നേടിയ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരാരും നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നായിരുന്നു പോണ്ടിംഗിന്‍റെ വാക്കുകള്‍.
രഞ്ജി ട്രോഫി: രണ്ടാം ദിനം വില്ലനായി വെളിച്ചക്കുറവ്, കേരള-ഹരിയാന മത്സരം തുടങ്ങാന്‍ വൈകുന്നു
എന്നാല്‍ ഇന്ത്യൻ ടീമിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോണ്ടിംഗ് ആരാണെന്നും അദ്ദേഹം ഓസ്ട്രേലിയന്‍ ടീമിനെക്കുറിച്ചാണ് പറഞ്ഞാൽ മതിയെന്നും ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗൗതം ഗംഭീര്‍ തിരിച്ചടിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ പോണ്ടിംഗ് മറുപടിയുമായി എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ഗംഭീര്‍ ശരിക്കും പേടിച്ചുപോയെന്നും അതുകൊണ്ടാണ് തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിംഗ് പോഡ്കാസ്റ്റില്‍ പറഞ്ഞു.
കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് പറഞ്ഞശേഷം ഓസ്ട്രേലിയയില്‍ കോലി പുറത്തെടുത്ത മികവിനെക്കുറിച്ചും താന്‍ പറഞ്ഞിരുന്നുവെന്നും അതൊന്നും കാണാതെയാണ് ഗംഭീര്‍ തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതെന്നും തന്നോട് ഗംഭീറിന് നേരത്തെ മുതലെ ചില പ്രശ്നങ്ങളുണ്ടെന്നും പോണ്ടിംഗ് വ്യക്താക്കി. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെ കിട്ടിയ അവസരം മുതലാക്കി ഗംഭീര്‍ തിരിച്ചടിക്കുകയായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഗംഭീര്‍ അസ്വസ്ഥതയുള്ളവാക്കുന്ന വ്യക്തിയാണെന്നും പോണ്ടിംഗ് പറഞ്ഞു. 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് കോലിയെ പ്രകോപിപ്പിക്കാന്‍ നോക്കിയ പോണ്ടിംഗിനെതിരെ ഓസ്ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീയും ഇന്നലെ രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക