‘കങ്കുവ’യുടെ പ്രമോഷന്‍റെ ഭാഗമായാണ് സൂര്യ എത്തിയത്.
റിയാദ്: ചരിത്രത്തിലാദ്യമായി ഒരു തമിഴ് സിനിമയുടെ പ്രമോഷന് വേണ്ടി തെന്നിന്ത്യ ചലച്ചിത്ര താരവും നിർമാതാവുമായ സൂര്യയും ബോളിവുഡ് താരമായ സണ്ണി ഡിയോളും റിയാദിലെത്തി. നവംബർ 14-ന് ലോകത്താകെ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ പ്രമോഷൻ പരിപാടി മലസ് ലുലു പാർക് അവന്യൂവിൽ അരങ്ങേറിയപ്പോൾ താരങ്ങളെ കാണാൻ ഒഴുകിയെത്തിയത് ആയിരക്കണക്കിന് ചലച്ചിത്ര പ്രേമികൾ.
ഹിറ്റ് മേക്കറും ബ്ലോക് ബസ്റ്റർ സംവിധായകനുമായ ശിവ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ത്രീഡി സിനിമയുടെ നിർമാണ ചെലവ് 350 കോടിയോളം രൂപയാണ്. ലോകത്താകെ പതിനായിരത്തിലധികം സ്ക്രീനുകളിലാണ് അഞ്ച് ഭാഷകളിലുള്ള ഈ പാൻ ഇന്ത്യൻ സിനിമ പുറത്തിറങ്ങുന്നത്. ജനാരവങ്ങളിലേക്ക് വന്നിറങ്ങിയ സൂര്യയെ ലുലു അധികൃതരും തമിഴ് സംഘാടകരും മി ഫ്രൻഡ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. കൈവീശി സ്വാഗതമരുളിയ കുരുന്നുകൾക്കൊപ്പം റിയാദ് ടാക്കീസിന്‍റെ ‘ഡോൾ ഓഫ് അറേബ്യ’യുടെ വാദ്യമേളവും നടിപ്പിൻ നായകനെ വരവേറ്റു. സണ്ണി ഡിയോളിനെയും വാദ്യപ്പൊലിമയോടെ സംഘാടകർ സ്വീകരിച്ചു. ഇരുവർക്കും ആദരവ് നൽകി വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിച്ച സ്വാഗതനൃത്തത്തിന് ഒടുവിൽ താരങ്ങളെ കൈപിടിച്ചു കുട്ടികൾ വേദിയിലേക്ക് ആനയിച്ചു.
undefined
Read Also - 37000 ചതുരശ്ര അടി, ലോകോത്തര സൗകര്യങ്ങൾ; റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ പുതിയ ഹൈപ്പര്‍മാർക്കറ്റ് തുറന്ന് ലുലു
മനുഷ്യരാശി പിന്നിട്ട വഴികളിലൂടെ, ആയിരക്കണക്കിന് വർഷം മുമ്പുള്ള അവരുടെ ജീവിതത്തിലേക്കുള്ള സഞ്ചാരമാണ് സിനിമയുടെ ഇതിവൃത്തമെന്നും ആക്ഷനും ഫാൻറസിക്കുമൊപ്പം വിസ്മയകരമായ കഥാസന്ദർഭങ്ങളിലൂടെയാണ് ദൃശ്യഭാഷയൊരുക്കിയതെന്നും സൂര്യ പറഞ്ഞു. പല തുരുത്തുകളിൽ ജീവിക്കുകയും നീര്, നെരുപ്പ്, ആകാശം, രക്തം എന്നിങ്ങനെയുള്ള വിവിധ പ്രതിഭാസങ്ങളെ ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്കും കലഹങ്ങൾക്കുമിടയിലേക്ക് പുതിയൊരു വിഭാഗത്തിെൻറ ആഗമനം സൃഷ്ടിക്കുന്ന സംഘർഷങ്ങളാണ് ‘കങ്കുവ’യുടെ ഉള്ളടക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം, മറക്കുവാനും പൊറുക്കുവാനുമുള്ള മനുഷ്യസഹജമായ വികാരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സിനിമ കാണിച്ചു തരുന്നു. താരങ്ങളെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ പ്രവാസികൾക്കും സ്വദേശി പൗരർക്കും സൂര്യയും ഇതിഹാസ താരം ധർമ്മേന്ദ്രയുടെ പുത്രൻ സണ്ണി ഡിയോളും നിരവധി തവണ നന്ദി പറയുകയും അനുവാചകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.