ദില്ലി: ഷവോമി നോട്ട് 5, നോട്ട് 5 പ്രോ എന്നിവര്‍ക്ക് വലിയ മുന്നറിയിപ്പുമായി നിര്‍മ്മാതക്കളായ ഷവോമി രംഗത്ത്. എംഐയുഐ 10 ഗ്ലോബൽ ബീറ്റാ പതിപ്പ് അപ്ഡേറ്റ് ചെയ്ത റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഉപയോക്താക്കള്‍ക്കാണ് ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ ബ്രാന്‍റായ ഷവോമിയുടെ മുന്നറിയിപ്പ്.
ഇപ്പോള്‍ ഫോണ്‍ ഇന്‍റര്‍ഫേസ് എംഐയുഐ 10ലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ പഴയ പതിപ്പുകളിലേക്ക് തിരികെ പോകാൻ ശ്രമിച്ചാൽ ഫോൺ പിന്നീട് നിശ്ചലമാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം അവസ്ഥയില്‍ ഫോൺ അടുത്തുള്ള എംഐ സർവ്വീസ് സ്റ്റേഷനിൽ എത്തിക്കണമെന്ന് ഷവോമി പറയുന്നു. ഷവോമി അടുത്തിടെ കൊണ്ടുവന്ന നയമാണ് പഴയ പതിപ്പുകളിലേക്ക് തിരികെ പോകുന്നതിൽ നിന്നും ഉപയോക്താക്കളെ വിലക്കുന്നത്.
എംഐയുഐ സ്റ്റേബിൾ ROM v9.5.19 നോട്ട് 5, നോട്ട് 5 പ്രോ ഉപയോഗിക്കുന്നവർ പുതിയ പതിപ്പുകളിലേക്ക് മാത്രമെ അപ്ഗ്രേഡ് ചെയ്യാൻ പാടുള്ളൂവെന്നും ഷവോമി അറിയിച്ചു. നെക്സസ്, പിക്സൽ ഉപയോക്താക്കൾക്കായി ഗൂഗിൾ നടപ്പിലാക്കിയതിനു സമാനമായ നയമാണ് ഷവോമി ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്.