ലോ-എമിഷനുള്ള അടുത്ത തലമുറ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യുകയാണ് പഠനങ്ങളുടെ ലക്ഷ്യം
കാലിഫോര്‍ണിയ: 2050-ലെ വിമാനങ്ങള്‍ എങ്ങനെയായിരിക്കും? പരിസ്ഥിതി സൗഹാര്‍ദമായ അടുത്ത തലമുറ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യാനും സാങ്കേതികവിദ്യകള്‍ കണ്ടെത്താനും അഞ്ച് സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുകയാണ് നാസ. 97 കോടിയിലധികം രൂപയാണ് ഇവരുടെ പഠനങ്ങള്‍ക്കായി നാസ അനുവദിച്ചത്.
വ്യോമയാന രംഗത്തെ എമിഷന്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുത്തന്‍ പദ്ധതി. ലോ-എമിഷന്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി അഞ്ച് ഡിസൈന്‍ പഠനങ്ങള്‍ക്ക് നാസ അനുമതി നല്‍കി. ആകെ 11.5 മില്യണ്‍ ഡോളര്‍ (97 കോടിയിലധികം രൂപ) വരുന്ന സാമ്പത്തിക സഹായം നാസ ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ഇവയില്‍ നാല് എണ്ണം കമ്പനികളും ഒന്ന് സര്‍വകലാശാലയുമാണ്. ഇവ സമര്‍പ്പിച്ച ഡിസൈനുകള്‍ നാസ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോയിംഗിന്‍റെ അറോറ ഫ്ലൈറ്റ് സയന്‍സ്, വിമാന കമ്പനിയായ ദി ഇലക്‌ട്ര, ഏവിയേഷന്‍ സ്റ്റാര്‍ട്ട്‌അപ്പുകളായ ജെറ്റ്‌സീറോ, പ്രാറ്റ് ആന്‍ഡ് വൈറ്റ്‌നി, സര്‍വകലാശാലയായ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയ്ക്കാണ് നാസയുടെ ധനസഹായം.
ഏറ്റവും പരിസ്ഥിതി സൗഹാര്‍ദവും സുസ്ഥിരവുമായ വിമാന സങ്കല്‍പനങ്ങളും സാങ്കേതികവിദ്യകളും കണ്ടെത്താന്‍ ഈ പഠനങ്ങള്‍ സഹായിക്കും എന്നാണ് നാസയുടെ പ്രതീക്ഷ. ബദല്‍ ഏവിയേഷന്‍ ഇന്ധനങ്ങള്‍, പ്രോപല്‍ഷന്‍ സിസ്റ്റം, എയറോഡൈനാമിക് ടെക്‌നോളജീസ്, എയര്‍ക്രാഫ്റ്റ് കോണ്‍ഫിഗറേഷന്‍സ് തുടങ്ങി നിരവധി സാങ്കേതിക മേഖലകളില്‍ ഈ പഠനങ്ങള്‍ വഴിത്തിരിവുണ്ടാക്കും എന്ന് കരുതുന്നു.
നാസയുടെ നവീനമായ AACES 2050 പ്രൊജക്ടിന്‍റെ ഭാഗമായാണ് ഭാവി കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ രൂപകല്‍പന ചെയ്യാനുള്ള പദ്ധതി. നാസയുടെ അഡ്വാന്‍സ്‌ഡ് എയര്‍ വെഹിക്കിള്‍സ് പ്രോഗ്രാമിന്‍റെ ഭാഗമാണിത്. 2050-ഓടെ നെറ്റ്-സീറോ ഏവിയേഷൻ എമിഷൻ എന്ന യുഎസ് ലക്ഷ്യം സാധ്യമാക്കുക നാസയുടെ കൂടി ദൗത്യമാണ്. നാസയുടെ ധനസഹായം ലഭിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും 2026 പകുതിയോടെ പഠനം പൂർത്തിയാക്കുമെന്ന് നാസ പ്രതീക്ഷിക്കുന്നു. 2050-ല്‍ ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകളിലുള്ള വിമാന സര്‍വീസുകള്‍ തുടങ്ങാനാകും എന്ന് കരുതുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം