കൊച്ചിയില്‍ എവിടെയിറങ്ങിയാലും ഇനി സൗജന്യ വൈ-ഫൈ; 'കെ-ഫൈ' എങ്ങനെ ഉപയോഗിക്കാം?

By Web Team  |  First Published Nov 24, 2024, 12:13 PM IST

ഒരു രൂപ പോലും മുടക്കാതെ 1 ജിബി ഡാറ്റ വരെ ഉപയോഗിക്കാം, പരിധി കഴിഞ്ഞാല്‍ ചെറിയ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യം


കൊച്ചി: എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ കേരള ഐടി മിഷന്‍റെ സൗജന്യ വൈ-ഫൈ സേവനം ഉടനെത്തും. ഇന്‍റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്‍റെ പോളിസി അനുസരിച്ചാണ് കൊച്ചി നഗരത്തിലടക്കം ഫ്രീ വൈ-ഫൈ സ്പോട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 'കെ-ഫൈ' എന്നാണ് ഈ സേവനത്തിന്‍റെ പേര്. 

കെ-ഫൈ എന്ന സൗജന്യ വൈ-ഫൈ പദ്ധതി വ്യാപിപ്പിക്കുകയാണ് കേരള ഐടി മിഷന്‍. ഇതിന്‍റെ ഭാഗമായി വരും ആഴ്‌ചകളില്‍ എറണാകുളം ജില്ലയില്‍ 221 ഇടങ്ങളില്‍ സൗജന്യ വൈ-ഫൈ സ്പോട്ടുകള്‍ പൂര്‍ത്തിയാകും. കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഈ സേവനമുണ്ടാകും. മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ദിവസവും 1 ജിബി വരെ ഡാറ്റ 10 എംബിപിഎസ് വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഐടി മിഷന്‍ സൗജന്യ വൈ-ഫൈ വിഭാവനം ചെയ്‌തിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പ്രകാരം റീച്ചാര്‍ജ് ചെയ്‌ത് സൗജന്യ 1 ജിബി പരിധിക്ക് ശേഷവും വൈ-ഫൈ ആക്സസ് ചെയ്യാം. ഒരു ഹോട്ട്‌-സ്പോട്ടില്‍ നിന്ന് ഒരേസമയം 100 പേര്‍ക്ക് വൈ-ഫൈ ആക്സസ് ലഭിക്കും. 

Latest Videos

ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകൂട ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസുകള്‍, പാര്‍ക്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കോടതി, പൊതുസേവന കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിലവില്‍ ഈ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാണ്. പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

'കെ-ഫൈ'യില്‍ എങ്ങനെ ലോഗിന്‍ ചെയ്യാം?

പൊതുയിടങ്ങളില്‍ സൗജന്യ ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ ഫോണിലോ ലാപ്‌ടോപ്പിലോ വൈ-ഫൈ ഓപ്ഷന്‍ ഓണാക്കി K-FI നെറ്റ്‌വര്‍ക്ക് സെലക്ട് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം തുറന്നുവരുന്ന ലാന്‍ഡിംഗ് പേജില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി ജനറേറ്റ് ചെയ്യുക. ഒടിപി നല്‍കുന്നതോടെ സൗജന്യ വൈ-ഫൈ സേവനം ഫോണിലും ലാപ്‌ടോപ്പിലും ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും സൗജന്യമായി ഈ വൈ-ഫൈ വഴി ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. ഇതിനൊപ്പം വിനോദസഞ്ചാര ഇടങ്ങളെ കുറിച്ച് സെര്‍ച്ച് ചെയ്യുന്നതും ടിക്കറ്റ് ബുക്കിംഗും ഹോട്ടല്‍ ബുക്കിംഗും കെ-ഫൈയില്‍ സൗജന്യമാണ്. 

Read more: ചിത്രം കണ്ട് ഞെട്ടണ്ടാ, അടുത്ത തലമുറ വിമാനങ്ങള്‍ ഇങ്ങനെയാവും! പഠിക്കാന്‍ 97 കോടി രൂപ നല്‍കി നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!