തിരക്ക് പിടിച്ച മെട്രോ നഗരങ്ങളിൽ കണ്ടിട്ടുള്ള തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമീണ അന്തരീക്ഷത്തിലേക്കും മാറുകയാണ്
കൊല്ലം: കുളക്കട പഞ്ചായത്ത് ആഗോള കമ്പനികളുടെ തൊഴിൽ ഹബ്ബാകുന്നു. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്കിൽപാർക്കിലാണ് അമേരിക്കൻ കമ്പനിയായ ജിആർ 8 അഫിനിറ്റി പ്രവർത്തനം തുടങ്ങിയത്. കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കന്പനികൾ തൊഴിൽ അവസരമൊരുക്കുന്നത്.
തിരക്ക് പിടിച്ച മെട്രോ നഗരങ്ങളിൽ കണ്ടിട്ടുള്ള തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമീണ അന്തരീക്ഷത്തിലേക്കും മാറുകയാണ്. ഇതിന്റെ ആദ്യ ചുവടാണ് കൊട്ടാരക്കര കുളക്കട പഞ്ചായാത്തിൽ യാഥാർത്ഥ്യമായത്. കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ അവസരം നൽകുന്ന അമേരിക്കൻ കമ്പനിയാണ് ജിആർ 8 അഫിനിറ്റി സർവീസസ്. വർക്ക് നിയർ ഹോം എന്ന സർക്കാർ പദ്ധതി പ്രകാരം മന്ത്രി കെഎൻ ബാലഗാപോലാണ് സ്വന്തം മണ്ഡലത്തിൽ തൊഴിൽ ഹബ്ബിന് പിന്നിൽ.
ആദ്യ ഘട്ടത്തിൽ 18 പേർക്കാണ് ഇവിടെ ജോലി ലഭിച്ചത്. ആസാപിലെ എൻറോൾഡ് ഏജന്റ് കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നാണ് ഉദ്യോഗാത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവർഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം. ഓൺലൈൻ വഴിയാണ് ജോലികൾ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തിൽ വൻകിട കമ്പനികളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷം ഉദ്യോഗാത്ഥികൾക്കുമുണ്ട്. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും അവസരങ്ങൾ വ്യാപിക്കാനാണ് സർക്കാർ ആലോചന. കൂടുതൽ ആഗോള കമ്പനി പ്രതിനിധികളുമായും ചർച്ചകൾ നടക്കുന്നുണ്ട്.