ദില്ലി: പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന്. പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ അവസാന പ്രസ് റിലീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ(2) വകുപ്പ്പ്രകാരം സാങ്കേതികമായി പാന്‍ അസാധുവാക്കപ്പെടുമെന്നാണ് സൂചന.
എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന വ്യവഹാരത്തില്‍ തീര്‍പ്പായാല്‍ മാത്രമേ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ജൂണ്‍ 30 ന് മുന്‍പ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ അനുവദിച്ചേക്കില്ല. അതുമല്ല, പാന്‍ ലിങ്ക് ചെയ്യാതെ ഇതിനകം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടേത് ആദായ നികുതി വകുപ്പ് അംഗീകരിച്ചേക്കില്ല. ഈ വാര്‍ത്ത തയ്യാറാക്കുന്നതു വരെ തീയതി നീട്ടി നല്‍കിയേക്കും എന്നും സൂചനയുണ്ട്.