തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ് ബുക്ക് കൂട്ടായ്മക്കെതിരെ നടപടിയുമായി എക്സൈസ് വകുപ്പ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മക്കെതിരെ വകുപ്പ് ഫേസ്ബുക്കിനെ സമീപിച്ചു. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും അഥവാ എന്ന ജിഎൻപിസി എന്ന ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിലെ വലിയ ചർച്ചയാണ്. ഇരുപത് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ സിനിമാ നടന്മാരടക്കമുള്ള പ്രമുഖരുമുണ്ടെന്നാണ് വിവരം.
മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും ഇടാൻ അംഗങ്ങളോട് ആവശ്യപ്പെടുന്നുവെന്നും , ജിഎൻപിസി അംഗങ്ങൾക്ക് ബാറുകളിൽ നിരക്കിളിവുണ്ടെന്നും എക്സൈസ് വകുപ്പ് പറയുന്നു. മദ്യപനത്തെ പ്രൊത്സാഹിപ്പിക്കുന്നത് കൊണ്ടാണ് ഫേസ്ബുക്കിനെ സമീപിച്ചതെന്ന് എക്സൈസ് കമ്മീഷണർ റിഷിരാജ് സിംഗ് അറയിച്ചു. അതേ സമയം ജിഎൻപിസി ക്ലോസ്ഡ് ഗ്രൂപ്പാണെന്ന്, ഇതേ പേരിലുള്ള വ്യാജ ഗ്രൂപ്പുകളിലാണ് മദ്യപാനത്തെ അനുകൂലിക്കുന്ന പോസ്റ്റുകളുള്ളതെന്ന് ഗ്രൂപ്പ് അഡ്മിൻ അജിത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .
ഭക്ഷണത്തെ കുറിച്ചും യാത്രകളെ കുറിച്ചും മാത്രമുള്ള ചർച്ചകളാണ് ഗ്രൂപ്പിലുള്ളതെന്നും വിശദീകരിച്ചു. ജിഎൻപിസി ഗ്രൂപ്പ് അഡ്മിൻ അടക്കമുള്ളവരോട് കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് വിശദീകരണം തേടിയിരുന്നു. പരാതി വാസ്തവമെന്ന് തെളിഞ്ഞാൽ ഗ്രൂപ്പ് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഫേസ് ബുക്ക് കടക്കും.