ന്യൂയോര്‍ക്ക്: വെടിവച്ചുകൊല്ലുന്ന ഗെയിം പ്രദര്‍ശിപ്പിച്ചതിന് ഫേസ്ബുക്ക് മാപ്പുപറഞ്ഞു. ഫ്‌ളോറിഡയിലെ സ്‌കൂളില്‍ 17 വിദ്യാര്‍ത്ഥികളെ, മുന്‍ വിദ്യാര്‍ത്ഥി വെടിവെച്ചുകൊന്നതിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഫേസ്ബുക്കിന്‍റെ നടപടി. മേരിക്കന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ഫേസ്ബുക്ക് വിവാദ ഗെയിം പ്രദര്‍ശിപ്പിച്ചത്.
പബ്ലിക് ട്രെയിന്‍ സ്റ്റേഷനില്‍ സാങ്കല്‍പ്പിക ആയുധങ്ങള്‍ ഉപയോഗിച്ച് ശത്രുക്കളെ വെടിവെച്ചുകൊല്ലുന്ന ഒക്കലസ് റിഫ്റ്റ് എന്ന ഗെയിം ആണ് ഫെയ്സ്ബുക്ക് പ്രദര്‍ശനത്തിനുവെച്ചത്. എന്നാല്‍ സംഭവത്തില്‍ ഖേദമുണ്ടെന്നും ഗെയിം പ്രദര്‍ശനത്തില്‍ നിന്നും നീക്കം ചെയ്തുവെന്നും ഫെയ്സ്ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി മേധാവി ഹ്യൂഗോ ബറ ട്വീറ്റ് ചെയ്തു.
ഞങ്ങള്‍ ഗെയിം പ്രദര്‍ശനത്തില്‍ നിന്ന് നീക്കം ചെയ്തു, ഇത് ഡെമോ ചെയ്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങളുടെ ഡെമോകള്‍ ഒരു സാധാരണ ഉള്ളടക്കത്തിന്റെ ഭാഗമാണ്, ചില ആക്ഷന്‍ ഗെയിമുകള്‍ അക്രമം നിറഞ്ഞതാണ്. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ പ്രദര്‍ശിപ്പിക്കരുതായിരുന്നു- ഹ്യൂഗോ പറഞ്ഞു.