ഡ്രോണുകൾ കയ്യിലുള്ളവര്‍ ജാഗ്രത, ഇനി ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

By MILTON P T  |  First Published Jan 15, 2020, 2:18 PM IST

ഡ്രോൺ രജിസ്ട്രേഷന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.


ആളില്ലാ പറക്കും ക്യാമറകൾ (unmanned aerial vehicles) നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുള്ള എല്ലാ ഡ്രോൺ ഓപ്പറേറ്റർമാരും അവരുടെ ഡ്രോണുകൾ ഡിജിസിഎയുടെ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ ജനുവരി മുപ്പത്തിയൊന്നിനകം രജിസ്റ്റർ ചെയ്യണം എന്നാണ് കേന്ദ്ര സർക്കാരിന്‍റ പുതിയ നിര്‍ദേശം. രണ്ടായിരത്തിപതിനെട്ട് ഡിസംബർ ഒന്നിനാണ് ഇന്ത്യയില്‍ 'ഡ്രോൺ റെഗുലേഷൻസ് 1.0' എന്ന ആദ്യത്തെ ഡ്രോൺ പോളിസി നിലവിൽ വന്നത്. ഡ്രോണുകളുടെ രജിസ്‌ട്രേഷനും ഉപയോഗിക്കാനുള്ള അനുമതിക്കുമൊക്കെയായി ഡിജിറ്റൽ സ്കൈ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും അന്നുതന്നെ നിലവിൽ വന്നെങ്കിലും ആശയക്കുഴപ്പങ്ങൾ അവസാനിച്ചിരുന്നില്ല.

ജനുവരി പതിമൂന്നാം തിയ്യതി കേന്ദ്ര വ്യോമയാന ജോയിന്‍റ് സെക്രട്ടറി സത്യേന്ദ്ര കുമാർ മിശ്രയുടെ പുതിയ ഉത്തരവോടുകൂടി കാര്യങ്ങൾ അടിമുടി മാറിയിരിക്കുകയാണ്. നിലവിലുള്ള ഇന്ത്യൻ, വിദേശ നിർമിത ഡ്രോണുകളുടെ രജിസ്ട്രേഷൻ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ആരംഭിച്ചുകഴിഞ്ഞു.

Latest Videos

undefined

രജിസ്ട്രേഷന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2020 ജനുവരി 31ന് അഞ്ച് മണിക്കു മുമ്പായി ഇന്ത്യയിൽ ഡ്രോൺ ഉടമകൾ എല്ലാവരും രജിസ്റ്റർ ചെയ്യേണ്ടതാണ്.

വ്യോമയാന മന്ത്രാലയം 13 ജനുവരി 2020ന്  പ്രസിദ്ധീകരിച്ച അറിയിപ്പ് notice No. AV-22011/4/2015-DG ല്‍ ലഭ്യമാണ്- ക്ലിക്ക് ചെയ്യുക

ആളില്ലാ പറക്കും ക്യാമറകളെല്ലാം (unmanned aerial vehicles) രജിസ്റ്റർ ചെയ്യേണ്ടതാണ്. മാതൃകകള്‍, പ്രോട്ടോടൈപ്പുകള്‍, കളിപ്പാട്ടങ്ങളും റിമോട്ട് കണ്‍ട്രോള്‍ വിമാനങ്ങളും, സ്വയം നിയന്ത്രിക്കുന്നവ അല്ലെങ്കിൽ വിദൂര നിയന്ത്രിത വിമാനങ്ങൾ എന്നിവയും രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

ഡ്രോണുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോമിന് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഡ്രോൺ ഉടമയുടെ വ്യക്തിഗത  വിവരങ്ങൾ സമർപ്പിച്ചു കഴിയുമ്പോൾ ഉടമക്ക്  Ownership Acknowledgement Number (OAN) ലഭിക്കും. OAN ഉപയോഗിച്ച് ഉടമ ഡ്രോണിന്റെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ   Drone Acknowledgement Number (DAN) ലഭിക്കും.

എല്ലാ ഡ്രോണുകൾക്കും പുതിയ രജിസ്ട്രേഷൻ  ആവശ്യമാണ്. ഒരു ഉടമയ്‍ക്ക് ഒന്നിലധികം ഡ്രോണുകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഉടമയുടെ OAN ഉപയോഗിച്ചുവേണം അവരുടെ എല്ലാ ഡ്രോണുകളും രജിസ്റ്റർ ചെയ്യാൻ. ഓരോ ഡ്രോണിനും പ്രത്യേക DAN ലഭിക്കും. ഇന്ത്യയിൽ സാധുവായ OAN ഉം DAN ഉം ഇല്ലാതെ ഡ്രോണുകൾ കൈവശം വെക്കുന്നത് ശിക്ഷാർഹമാണ്. കൈവശം വെച്ചാൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് ഉത്തരവ് പറയുന്നു.

OANഉം DANഉം ഇന്ത്യയിൽ ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള അനുമതിയാകുന്നില്ല.  Civil Aviation Requirements (CAR), Section 3- Air Transport Series X, Part I, Issue I, dated 27 August, 2018ഉം   ഡിജിസിഎ സമയാസമയങ്ങളിൽ ഡ്രോൺ ഉടമസ്ഥതയെയും ഉപയോഗക്രമങ്ങളെയും കുറിച്ച് പുറത്തിറക്കിയിട്ടുള്ള അറിയിപ്പുകളും പരിശോധിച്ചുമാത്രമേ ഉപയോഗിക്കാനാകു.

രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു തുടങ്ങുന്നതിനു  മുമ്പെ താഴെപറയുന്ന വിവരങ്ങൾ ലഭ്യമാണ് എന്ന് ഉറപ്പുവരുത്തുക

  •    പാസ്സ്പോർട്ടിന്‍റെ ആദ്യത്തെയും അവസാനത്തെയും പേജുകളുടെ സ്‍കാൻ ചെയ്‍ത പകർപ്പ് (ഒരേ ഷീറ്റിൽ) അല്ലെങ്കിൽ, ആധാർ കാർഡിന്റെ ഇരുവശത്തിന്റെയും  പകർപ്പ് (ഒരേ ഷീറ്റിൽ)
  •     ഡ്രോണിന്‍റെ മൂന്ന് ചിത്രങ്ങൾ

    ഡ്രോണിന്‍റെ മുൻഭാഗത്തിനു നിന്നുള്ള ദൃശ്യം, മുകളിൽ നിന്നുള്ളത്
    പിന്നെ നിർമാതാവിന്റെ സീരിയൽ നമ്പർ കാണത്തക്ക രീതിയിൽ ഒരു ക്ലോസപ്പ് ചിത്രം
    ഓരോ ചിത്രത്തിലും ഡ്രോണിന്‍റെ നീളം, വീതി തുടങ്ങിയവ മനസിലാകുന്ന രീതിയിൽ ഒരു മെഷറിങ് സ്കെയിൽ അരികിൽ വെക്കേണ്ടതാണ്.

  •     മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഏതെങ്കിലും യൂട്ടിലിറ്റി ബില്ലിന്‍റെ പകർപ്പ് (വൈദ്യുതി, വെള്ളം, ഗ്യാസ്, ലാൻഡ് ലൈൻ ഫോൺ) അല്ലെങ്കിൽ ബാങ്ക് സ്റ്റെയിറ്റ്മെന്‍റ്   പകർപ്പ്. ബാങ്ക് സ്റ്റെയിറ്റ്മെന്‍റ് ആണ് അപ്‌ലോഡ്    ചെയ്യുന്നതെങ്കിൽ അതിലെ സാമ്പത്തിക വിവരങ്ങൾ മറച്ചതിനു  ശേഷം അപ്‌ലോഡ് ചെയ്യ്താലും മതിയാകും.
  •      ഏറ്റവും ഉയർന്ന വിദ്യാഭാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ് (ഉടമ ഒരു വ്യക്തി ആണെങ്കിൽ മാത്രം)
  •     സ്ഥാപനത്തിന്‍റെ പാൻ കാർഡ് (വ്യക്തികൾക്ക് ഇത് ആവശ്യമില്ല )
  •     സ്ഥാപനത്തിന്‍റെ  പ്രതിനിധിയായി ഒപ്പിടുന്നയാളെ ചുമത്തപ്പെടുത്തുന്ന സാക്ഷ്യപത്രം ഔദ്യോഗിക ലെറ്റർഹെഡിൽ. (വ്യക്തികൾക്ക് ബാധകമല്ല)
  •     മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഒന്നും പാസ്‌വേഡ് പ്രൊട്ടക്ടഡ് ആയിരിക്കരുത്. ഓരോ രേഖയും അല്ലെങ്കിൽ ചിത്രവും 300കെബിയിൽ കൂടുതൽ ആകരുത്.

മുകളിൽ പറഞ്ഞ രേഖകൾ എല്ലാം ലഭ്യമാണെങ്കിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഏകദേശം 25 മിനുട്ട് മതിയാകും. ഫോമിൽ "Save and fill later" ഓപ്ഷൻ ഇല്ല എന്ന് ഓർമിക്കുക. അതിനാൽ എല്ലാ വിവരങ്ങളും രേഖകളും ഒരേ സമയം തന്നെ സബ്‍മിറ്റ് ചെയ്യേണ്ടി വരും. ശേഖരിക്കപ്പെടുന്ന വിവരങ്ങൾ അധികൃതരുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കപ്പെടുകയുള്ളു.

ഡ്രോൺ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി 2020 ജനുവരി 31ന് അഞ്ച് മണി ആണ്. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ സമർപ്പിക്കുക- ക്ലിക്ക് ചെയ്യുക

രജിസ്ട്രേഷൻ സമയത് ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ support-digisky@gov.in എന്ന ഇമെയിൽ വിലാസത്തിൽ ഡിജിറ്റൽ സ്കൈ ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

click me!