കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം
'കെജിഎഫ്' എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ പ്രേക്ഷകരെ നേടിയ കന്നഡ താരമാണ് യഷ്. കെജിഎഫിന്‍റെ സീക്വല്‍ ആയ 'കെജിഎഫ് 2' കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീട്ടേണ്ടിവന്ന ചിത്രമാണ്. 2020 ഒക്ടോബര്‍ 23, ഈ മാസം 16 എന്നിങ്ങനെ രണ്ട് റിലീസ് തീയതികള്‍ പലപ്പോഴായി അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ മാസവും ചിത്രം എത്തില്ല. അതേസമയം യഷിന്‍റെ വ്യക്തിപരമായ ഒരു വിശേഷം സോഷ്യല്‍ മീഡിയയില്‍ സന്തോഷത്തോടെ പങ്കിടുകയാണ് ആരാധകര്‍. മറ്റൊന്നുമല്ല, അദ്ദേഹത്തിന്‍രെ പുതിയ വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങിന്‍റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുന്നത്.
undefined
ബംഗളൂരു റേസ് കോഴ്സ് റോഡിലുള്ള ആഡംബര ഫ്ലാറ്റ് സമുച്ചയത്തിലാണ് യഷ് വാങ്ങിയ പുതിയ വീട്. ഇന്നലെയായിരുന്നു ഗൃഹപ്രവേശ ചടങ്ങുകള്‍. കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്കും ചില സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. ഓറഞ്ച് സില്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു യഷിന്‍റെ വേഷം. കാഞ്ചീവരം സാരിയില്‍ ആയിരുന്നു നടിയും യഷിന്‍റെ ഭാര്യയുമായ രാധിക പണ്ഡിറ്റ്.
അതേസമയം കെജിഎഫ് 2 റിലീസിനായുള്ള കാത്തിരിപ്പിലാണ് യഷ്. സെപ്റ്റംബര്‍ 9 എന്നൊരു റിലീസ് തീയതി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.