സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് വീഡിയോ
അഭിമുഖങ്ങളില്‍ പലപ്പോഴും ജീവിതത്തെക്കുറിച്ചുള്ള തന്‍റെ ദര്‍ശനത്തെക്കുറിച്ച് പറയാറുണ്ട് മോഹന്‍ലാല്‍. ഇന്നലെകളെക്കുറിച്ചോ നാളെയെക്കുറിച്ചോ അധികം ആലോചിക്കാതെ ഈ നിമിഷമുള്ള ജീവിതം ആസ്വദിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം മിക്കപ്പോഴും സംസാരിക്കാറ്. അത് വെറുംവാക്കല്ലെന്ന് മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്ക് അറിയാവുന്ന കാര്യവുമാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊക്കെ ചെലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ അവിസ്‍മരണീയമാക്കാറുണ്ട് അദ്ദേഹം. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം മതിമറന്നു പാടുന്ന മോഹന്‍ലാലിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
ഒരു കുടുംബ സദസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗാനം ആലപിക്കുന്ന ലാലിനെ വീഡിയോയില്‍ കാണാം. 'ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു' എന്നാരംഭിക്കുന്ന ഗാനമാണ് അദ്ദേഹം മറ്റൊരാള്‍ക്കൊപ്പം ആലപിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ വീഡിയോ തരംഗമാവുന്നുണ്ട്.
undefined
അതേസമയം 'ബ്രോ ഡാഡി'യാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. 'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത് ഹൈദരാബാദിലാണ്. ആദ്യ ഷെഡ്യൂളിനു ശേഷം ചിത്രീകരണം കേരളത്തിലേക്ക് മാറ്റും. രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് ബ്രോ ഡാഡിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്.
പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം', ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത 'ആറാട്ട്' എന്നിവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് തയ്യാറെടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍. 'ദൃശ്യം 2'നു ശേഷം ജീത്തു ജോസഫ് പ്രഖ്യാപിച്ചിരിക്കുന്ന '12th മാന്‍', തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം 'ബറോസ്' എന്നിവ മോഹന്‍ലാലിന് പൂര്‍ത്തിയാക്കേണ്ട പ്രധാന പ്രോജക്റ്റുകളാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ വേദിയിലാണ് പ്രേക്ഷകര്‍ ഇനി അദ്ദേഹത്തെ കാണുക. ഓഗസ്റ്റ് ഒന്ന് വൈകിട്ട് ഏഴിന് ഏഷ്യാനെറ്റിലാണ് ഷോയുടെ സംപ്രേഷണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona