വേദികയും സിദ്ധാര്‍ത്ഥും തമ്മിലടിച്ച് പിരിയുമോ ? കുടുംബവിളക്ക് റിവ്യൂ

By Web Team  |  First Published Jul 30, 2021, 9:47 AM IST

സ്വന്തമായി ബിസിനസ് തുടങ്ങുന്നതും, സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതുമെല്ലാം ഒരു സ്ത്രീ കഥാപാത്രത്തോട് കൂടുതല്‍ ആരാധന പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. 


കുടുംബകഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. പേരിന് കോട്ടം തട്ടിക്കുന്ന സംഗതികളാണല്ലോ പരമ്പരയില്‍ നടക്കുന്നതെന്ന ആരാധകരുടെ പരാതിയ്ക്ക് മറുപടിയെന്നോണമാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കണ്ടിവരുന്ന ജീവിതമാണ് പരമ്പര പറയുന്നത്. സാധാരണക്കാരിയായ വീട്ടമ്മ പ്രതിസന്ധികളിലൂടെ മുന്നോട്ടുപോയി കരുത്തുറ്റ കഥാപാത്രമായി മാറുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിട്ടും ജീവിതം കരഞ്ഞുതീര്‍ക്കാതെ പൊരുതാനാണ് സുമിത്ര തീരുമാനിക്കുന്നത്.

സ്വന്തമായി ബിസിനസ് തുടങ്ങുന്നതും, സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതുമെല്ലാം ഒരു സ്ത്രീ കഥാപാത്രത്തോട് കൂടുതല്‍ ആരാധന പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. മകന്റെ വിവാഹത്തെക്കുറിച്ചുള്ള ശക്തമായ തീരുമാനമാണിപ്പോള്‍ സുമിത്ര എടുത്തിരിക്കുന്നത്. സുമിത്രയുടെ മകനായ പ്രതീഷ് പ്രണയിച്ച പെണ്‍കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നവനാണ്. എന്നാല്‍ അന്ന് മകന്റെ ഇഷ്ടത്തിനൊത്ത് നില്‍ക്കാന്‍ സുമിത്രയ്ക്ക് കഴിയുന്നില്ല. പണക്കാരനായ അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങി പ്രതീഷ് സ്‌നേഹിച്ചിരുന്ന സഞ്ജന മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു.

Latest Videos

undefined

എന്നാല്‍ സഞ്ജന വിവാഹം ചെയ്ത ഗള്‍ഫുകാരന്റെ മരണത്തോടെ എല്ലാം തകിടം മറിയുകയാണ്. സഞ്ജനയും പ്രതീഷും വീണ്ടും അടുക്കാന്‍ ഇത് കാരണമാകുന്നുണ്ട്. പ്രതീഷിനേയും സഞ്ജനയേയും വീണ്ടും ഒന്നിപ്പിക്കാനാണ് സുമിത്ര ശ്രമിക്കുന്നത്. എന്നാല്‍ സഞ്ജനയുടെ അച്ഛന്‍ മകളെ പ്രായം കൂടുതലുള്ള ഭദ്രന്‍ എന്ന വ്യക്തിയുമായി വിവാഹം കഴിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അത് തടയാന്‍ പ്രതീഷ് ശ്രമിക്കുന്നതും അനുരഞ്ജനത്തിനായി സുമിത്ര സഞ്ജനയുടെ അച്ഛന്‍ രാമകൃഷ്ണനെ ഫോണില്‍ ബന്ധപ്പെടുന്നതുമെല്ലാം പരമ്പരയില്‍ ആകാംക്ഷ നിറയ്ക്കുന്ന മുഹൂര്‍ത്തങ്ങളാണ്.

വേറെ വിവാഹം കഴിച്ച് സുമിത്രയുടെ ജീവിതത്തില്‍ നിന്നും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മാറുന്നുണ്ടെങ്കിലും, മക്കള്‍ ഇരുവര്‍ക്കുമിടയില്‍ ചില നൂല്‍പ്പാലങ്ങള്‍ പണിഞ്ഞിടുന്നുണ്ട്. എന്നാല്‍ സുമിത്രയും മറ്റ് കുടുംബങ്ങളുമായുമുള്ള സിദ്ധാര്‍ത്ഥിന്റെ ബന്ധങ്ങള്‍ വേരോടെ അറുത്തുമാറ്റാനാണ് പുതിയ ഭാര്യയായ വേദിക ശ്രമിക്കുന്നത്. അതിനായി കെട്ടിച്ചമച്ചതും അല്ലാത്തതുമായ പലതും വേദിക പറഞ്ഞ് പരത്തുന്നുമുണ്ട്. പ്രതീഷ് സഞ്ജന വിവാഹം നടക്കാതിരിക്കാനാണ് വേദിക ശ്രമിക്കുന്നത്. എന്നാല്‍ കുറച്ചുകാലമായി അസ്വാരസങ്ങള്‍ ഉടലെടുക്കപ്പെട്ട സിദ്ധാര്‍ത്ഥ് - വേദിക ബന്ധം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണ്.

പ്രതീഷിന്റെ വിവാഹം രണ്ടാം വിവാഹക്കാരിയായ സഞ്ജനയോടൊപ്പം നടത്തരുതെന്നും, ഇവിടെയെങ്കിലും സിദ്ധാര്‍ത്ഥ് വിജയിക്കണമെന്നുമുള്ള ഗൂഢ ലക്ഷ്യങ്ങളോടെയാണ് വേദിക സിദ്ധാര്‍ത്ഥിനോട് പറയുന്നത്. എന്നാല്‍ പ്രതീഷിന്റെ കാര്യത്തില്‍ എന്തിനാണ് താന്‍ വെറുതെ തലയിടുന്നത് എന്നാണ് സിദ്ധാര്‍ത്ഥ് വേദികയോട് ചോദിക്കുന്നത്. കുറച്ചുനാളുകളായി സിദ്ധാര്‍ത്ഥ് സുമിത്രയിലേക്ക് തിരിച്ച് പോകുകയാണോ എന്നൊരു സംശയം വേദികയ്ക്ക് ഉണ്ട്. അത് സത്യമാവുകയാണോ എന്നാണ് പ്രേക്ഷകരും ചിന്തിക്കുന്നത്. കൂടാതെ പ്രതീഷിനോട്, മകന്റെ ഇഷ്ടം നടക്കട്ടെയെന്നും, അച്ഛന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകുമെന്നും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്. ഇങ്ങനെ മുന്നോട്ടുപോയാല്‍ വേദികയും സിദ്ധാര്‍ത്ഥും എപ്പോള്‍ അടിച്ചുപിരിയും എന്നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!