'ഒരു വിദേശവനിത അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്‍തു'; ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് അശ്വതി

By Web Team  |  First Published Aug 18, 2021, 1:13 PM IST

സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് അശ്വതി


കുറച്ച് ദിവസം മുന്‍പാണ് നടി അശ്വതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മനോഹരമായ സ്‌റ്റോറികളും പോസ്റ്റുകളുമൊക്കെ വന്നിരുന്ന അക്കൗണ്ടില്‍നിന്നും മോശം പോസ്റ്റുകള്‍ വന്നുതുടങ്ങിയപ്പോള്‍ ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കാര്യം തിരിച്ചറിഞ്ഞു. ഇപ്പോഴിതാ തിരിച്ചുകിട്ടിയ അക്കൗണ്ടിലൂടെത്തന്നെ ആ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അശ്വതി. തന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് അത് തന്‍റെ പ്രവൃത്തിയല്ലെന്ന് മനസ്സിലായെന്നും, എന്നാല്‍ ചിലരെങ്കിലും അത് ചെയ്തത് ഞാന്‍ തന്നെയാണെന്ന് കരുതിയെന്നും അശ്വതി പറയുന്നു.

ഏതായാലും, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് താരം. പേജിന്‍റെ പ്രൊമോഷന്‍ എന്നുപറഞ്ഞ്, പരിചയപ്പെട്ട വിദേശവനിത അയച്ചുനല്‍കിയ ഏതാനും ലിങ്ക് ഓപ്പണ്‍ ചെയ്തതോടെയാണ്, തന്‍റെ ഫേസ്ബുക്ക് ആക്‌സസ് നഷ്ടമായതെന്നാണ് താരം പറയുന്നത്. തനിക്ക് സംഭവിച്ചത് ഇനിയാര്‍ക്കും വരരുതെന്നും, സൂക്ഷിച്ച് വേണം സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യേണ്ടതെന്നും അശ്വതി അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നുണ്ട്.

Latest Videos

undefined

അശ്വതിയുടെ കുറിപ്പിലൂടെ

'മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക.. ആദ്യം കയ്ക്കും.. പിന്നെ മധുരിക്കും'. കണ്ണില്‍ക്കണ്ട ലിങ്കിലെല്ലാം കയറിയിറങ്ങി എന്‍റെ മുജ്ജന്മത്തിലെ രൂപം എന്ത് ഏതു എന്നൊക്കെ  നോക്കുമ്പോളെല്ലാം എനിക്ക് താക്കീതു നല്‍കിയിട്ടുള്ള ആളാണ് മിഥുന്‍ ചേട്ടന്‍. പക്ഷെ ജാത്യാലുള്ള കുരുകുരു സ്വഭാവം കൂടെയുള്ളതിനാല്‍ ഇങ്ങനത്തെയൊക്കെ കാണുമ്പോള്‍ കൈ തരിക്കും. അങ്ങനൊക്കെ കയറി ഇറങ്ങിയതിന്‍റെ ഫലമായിട്ട് ആയിരിക്കും, അത്തം ദിനത്തിന്‍റെ അന്ന് ഒരു മദാമ്മ എന്നെ പാട്ടിലാക്കി. നല്ല സുന്ദരിയായ മദാമ്മ 'മേഘങ്ങളില്‍ ഞാന്‍ കണ്ട മാലാഖ' പോലൊരു സാധനം. പേജിന്‍റെ യാതൊരു ആക്‌സസ്സും അവര്‍ക്കു വേണ്ട, പ്രൊമോഷന്‍ മാത്രം ചെയ്താല്‍ മതി എന്ന് പറഞ്ഞു. അവരുടെ കുറച്ചു ലിങ്ക് അയച്ചുതന്നു. ആ ലിങ്ക് ഓപ്പണ്‍ ചെയ്തതേ എന്‍റെ ഓര്‍മയില്‍ ഉള്ളൂ. അത് വന്ന വേഗത്തില്‍ എന്‍റെ പേജും പ്രൊഫൈലും കൊണ്ടുപോയത് അറിഞ്ഞില്ലാ.

പിറ്റേ ദിവസം രാവിലെ ഉണര്‍ന്നത് ഫേസ്ബുക്കിന്‍റെ സ്റ്റാറ്റസില്‍ മുഖം കാണിക്കാന്‍ നാണം ഉള്ളതുകൊണ്ട് പിന്തിരിഞ്ഞു ഒരു യുവതി നില്‍ക്കുന്നേ എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. (അതും അതിനു ശേഷം ഇട്ട സ്റ്റോറീസും കണ്ടു ആസ്വദിച്ചു അത് ഞാന്‍ തന്നെ പോസ്റ്റുകയാണെന്നു  കരുതിയും പറഞ്ഞും കമെന്‍റ് ഇട്ടവരെ ഒക്കെ ഞാന്‍ കണ്ട് കേട്ടാ. അവരോടൊക്കെ  പറയാനുള്ളത് തലയണമന്ത്രം സിനിമയില്‍ നമ്മടെ മേസ്തിരി ജിജിച്ചേച്ചിടെ ഭര്‍ത്താവിനോട് പറഞ്ഞു കഴിഞ്ഞത് കൊണ്ട് റിപീറ്റ് അടിക്കുന്നില്ല). സംഭവം കേട്ടതും എന്‍റച്ചായന് കത്തി ലവള് പറഞ്ഞ മാഖാല പതിനെട്ടിന്റെ പണി കൊടുത്തിട്ടൊണ്ടെന്ന്. പേജില്‍ എന്ത് കുരുത്തക്കേട് ഞാന്‍ കാണിച്ചാലും എനിക്ക് ധൈര്യമായി വിളിക്കാന്‍ ഒറ്റ പേരെ ഒള്ളൂ 'മിഥുന്‍ ചേട്ടാ എന്ന്'. വഴക്ക് പറഞ്ഞത് മിണ്ടാതിരുന്നു കേട്ടു. ഞാന്‍ അത് കേള്‍ക്കേണ്ടവളാണ്. അങ്ങനെ സ്മാര്‍ട്പിക്‌സ് മീഡിയയുടെയും ശരത്ത് എടക്കണത്തിന്റേയും ആശ്രാന്ത പരിശ്രമത്തില്‍ എനിക്ക് പേജ് തിരിച്ചു എടുത്തു തന്നു.

വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്. അന്നേരം എനിക്കും, എന്നെ അറിയാവുന്നോര്‍ക്കും ഇന്‍സ്റ്റയിലും വാട്‌സാപ്പ് വഴിയും മെസ്സേജ് അയച്ചു അന്വേഷിച്ചവര്‍ക്കും, കൂടെ തന്നെ എന്‍റെ വിഷമത്തില്‍ നിന്ന എന്‍റെ സുഹൃത്തുക്കള്‍ക്കും എന്‍റെ ഇന്‍സ്റ്റാ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്കും എല്ലാം ഞാന്‍ എന്‍റെ സ്‌നേഹം അറിയിക്കുന്നു.

ഇനി ശബരിമല ശാസ്താവാണെ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ.... ഒരു ലിങ്കേലും നോക്കൂലാന്ന് ശപഥമെടുത്തു. ഇത് എനിക്ക് മാത്രം സംഭവിക്കാവുന്ന ഒന്നല്ല. എല്ലാ ലിങ്കിലും ക്ലിക് ചെയ്യുമ്പോള്‍ നിങ്ങളും ശ്രദ്ധിക്കേണ്ട ഒന്നാണ്. നിങ്ങളുടെ ഏവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയും കൂടെ ഉള്ളത് കൊണ്ട് കൂടിയാണ് ഇന്നിപ്പോള്‍ ഈ സന്തോഷം തിരിച്ചു കിട്ടിയത്.. തുടര്‍ന്നും ഇതേ സ്നേഹവും, പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട് നിങ്ങടെ സ്വന്തം, അശ്വതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!