"ആ തെരഞ്ഞെടുപ്പ് തെറ്റായിരുന്നു. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട.."
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി ആര്യ എത്തിയിട്ട് വർഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികൾ ആര്യയെ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. പിന്നീട് ബിഗ് ബോസിൽ എത്തിയ താരം നിരവധി ആരാധകരെ സ്വന്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ 31-ാം പിറന്നാൾ. ആഘോഷത്തിന്‍റെ ചിത്രങ്ങളെല്ലാം പങ്കുവച്ച് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് ആര്യ. ദീർഘമായ കുറിപ്പാണെന്ന മുഖവുരയോടെയാണ് താരം എഴുതി തുടങ്ങുന്നത്. കഴിഞ്ഞ, മുപ്പതാം പിറന്നാളിന് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ചാണ് ആര്യ എഴുതുന്നത്.
ആര്യയുടെ കുറിപ്പ്
undefined
'കഴിഞ്ഞ വർഷം ഇതേ ദിവസം എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു സമയത്തിലൂടെയായിരുന്നു ഞാൻ കടന്നുപോയത്. പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷാദത്തിലൂടെയായിരുന്നു ആ യാത്ര. വിഷാദം എന്നെ ഇങ്ങനെ പിടികൂടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. യുഎഇയിലെ ഒരു അപ്പാർട്ട്മെന്‍റില്‍ പൂട്ടിയിട്ടതുപോലെ ആയിരുന്നു അന്നത്തെ ദിവസം. ഒരു ബോട്ടില്‍ വൈനും കുറച്ച് ഭക്ഷണവും മാത്രമായിരുന്നു ആ ദിനം തള്ളി നീക്കാൻ സഹായിച്ചത്. എന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. പലപ്പോഴും എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് തോന്നി. പക്ഷേ ഒരുതരത്തിൽ ഞാൻ അതിജീവിച്ചു. വൈകുന്നേരമായതോടെ തെറ്റ് മനസ്സിലാക്കി എന്നിലേക്ക് തിരിച്ചുവന്ന എനിക്ക് നന്ദി.
ഇതായിരുന്നു എന്‍റെ കഴിഞ്ഞ ജന്മദിനം. എന്‍റെ മുപ്പതാം പിറന്നാൾ. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, എന്‍റെ തെരഞ്ഞെടുപ്പ് ശരിയായിരുന്നെങ്കിൽ അത് വളരെ മറിച്ചാകുമായിരുന്നു. എന്‍റെ സുന്ദരിയായ മകൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആഹ്ളാദം നിറഞ്ഞ ജന്മദിനം ആഘോഷിക്കാമായിരുന്നു, പക്ഷേ യുഎഇയിലേക്ക് യാത്ര ചെയ്യാനും എന്നെ ഇഷ്ടമല്ലാത്ത ഒരാളുമായി എന്‍റെ ജന്മദിനം ആഘോഷിക്കാനും ഞാൻ ഒരു വിഡ്ഡിയായിരുന്നു.
ആ തെരഞ്ഞെടുപ്പ് തെറ്റായിരുന്നു. അതിന് മറ്റാരെയും കുറ്റപ്പെടുത്തേണ്ട. ഇന്നെന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസായി. മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ട്, എന്‍റെ ഹൃദയം സ്നേഹവും സമാധാനവും നിറഞ്ഞിരിക്കുകയാണ്. ചില ഘട്ടങ്ങളിൽ ടോക്സിക്ക് ബന്ധങ്ങൾ നല്ലതാണ്. അങ്ങനെയാകുമ്പോൾ യഥാർത്ഥ വ്യക്തികൾ ആരെന്ന് തിരിച്ചറിയാനാകും, ആത്മാർത്ഥമായി നിങ്ങളെ സ്നേഹിക്കുന്നവരെ തിരിച്ചറിയാനാകും.
സന്തോഷിക്കണോ അതോ നിങ്ങളുടെ മനഃസമാധാനം നശിപ്പിക്കണോ എന്നതെല്ലാം നിങ്ങളുടെ കയ്യിൽ തന്നെയാണ്. തെരഞ്ഞെടുപ്പ് അത് നിങ്ങളുടേതാണ്. സന്തോഷിക്കണോ അതോ ഹൃദയം നഷ്ടപ്പെടുത്തണോ എന്നും എപ്പോഴും ഓർക്കുക. എന്നും വിവേകപൂർവ്വം തെരഞ്ഞെടുക്കാൻ ഓർമ്മിപ്പിക്കുക. നിങ്ങളെ നിരുപാധികം സ്നേഹിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കുക. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 31-ാം ജന്മദിനം തീർച്ചയായും എനിക്ക് ലഭിച്ചതിൽ ഏറ്റവും മികച്ചത് തന്നെയാണ്..
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona