ആറ് വര്‍ഷം മുന്‍പ് ഇതേദിവസം; 'പ്രേമം' ഓര്‍മ്മ പങ്കുവച്ച് അല്‍ഫോന്‍സ് പുത്രന്‍

By Web Team  |  First Published Jun 8, 2021, 6:45 PM IST

പ്രേമം റിലീസ് ചെയ്ത കേരളത്തിലെ പല ഭാഗങ്ങളിലെ തിയറ്ററുകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതില്‍ വൈറല്‍ ആയ ഒന്നായിരുന്നു പത്തനംതിട്ട ധന്യ തിയറ്ററിലെ തിരക്ക്


മലയാളത്തിലെ എക്കാലത്തെയും ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാണ് 'പ്രേമം'. 2015 മെയ് 29നാണ് അല്‍ഫോന്‍സ് പുത്രന്‍റെ കൈയൊപ്പുള്ള റൊമാന്‍റിക് ഡ്രാമ ചിത്രം തിയറ്ററുകളില്‍ എത്തിയത്. കണ്ടവര്‍ കണ്ടവര്‍ പ്രചാരകരായതോടെ ജൂണിലെ മഴയെയും വകവെക്കാതെ കാണികള്‍ അക്ഷരാര്‍ഥത്തില്‍ ഇരച്ചെത്തുകയായിരുന്നു. ആദ്യ വാരാന്ത്യം പിന്നിട്ടപ്പോഴേക്കും കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ്‍ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങി. ഓണ്‍ലൈന്‍ ബുക്കിംഗ് ഇത്രത്തോളം പ്രചാരത്തിലെത്താത്ത കാലത്ത് മണിക്കൂറുകള്‍ നീണ്ട ക്യൂകളും പ്രേമം പ്രദര്‍ശിപ്പിച്ച തിയറ്ററുകള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ പ്രേമം സൃഷ്ടിച്ച തരംഗത്തെക്കുറിച്ചുള്ള ഒരു വീഡിയോ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

പ്രേമം റിലീസ് ചെയ്ത കേരളത്തിലെ പല ഭാഗങ്ങളിലെ തിയറ്ററുകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതില്‍ വൈറല്‍ ആയ ഒന്നായിരുന്നു പത്തനംതിട്ട ധന്യ തിയറ്ററിലെ തിരക്ക്. പ്രദര്‍ശനസമയത്തിനു മുന്‍പായി അടച്ചിട്ട ഗേറ്റിനു പുറത്ത് തമ്പടിച്ചിരുന്ന യുവാക്കളായ കാണികള്‍ ഗേറ്റ് തിറക്കുന്ന സമയമായപ്പോഴേക്കും തിയറ്റര്‍ കോമ്പൗണ്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. ആ തിക്കിലും തിരക്കിലും തിയറ്ററിന്‍റെ ഗേറ്റും പൊളിഞ്ഞുവീണു. ആറ് വര്‍ഷം മുന്‍പ് ഇതേദിവസം പ്രേമം സിനിമയുടെ ഒഫിഷ്യല്‍ പേജില്‍ നിന്നു താന്‍ പങ്കുവച്ചിരുന്ന വീഡിയോയാണ് അല്‍ഫോന്‍സ് റീഷെയര്‍ ചെയ്‍തത്. കൊവിഡ് കാലത്തിനുശേഷം തിയറ്ററുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകട്ടെയെന്ന പ്രതീക്ഷയും അല്‍ഫോന്‍സ് പങ്കുവെക്കുന്നു.

Latest Videos

undefined

അതേസമയം 'പ്രേമ'ത്തിനു ശേഷം താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അല്‍ഫോന്‍സ് പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പേര് 'പാട്ട്' എന്നാണ്. രചനയ്ക്കും സംവിധാനത്തിനും എഡിറ്റിംഗിനുമൊപ്പം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നതും അല്‍ഫോന്‍സ് തന്നെയാണ്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!