'ഓണം ആഘോഷത്തിന്റേത് മാത്രമല്ല അതിജീവനത്തിന്റേത് കൂടിയാണ്' : വിശേഷങ്ങളുമായി അന്‍ഷിത

By Web Team  |  First Published Aug 23, 2021, 3:55 PM IST

പരമ്പരയില്‍ സൂര്യയായെത്തുന്ന അന്‍ഷിതയാണ് ഓണവിശേഷങ്ങളുമായി കഴിഞ്ഞദിവസം ഏഷ്യാനെറ്റിന്റെ 'ഫുള്‍ ഓണ്‍ ഓണ'ത്തിലെത്തിയത്.


ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പ്രേക്ഷക പ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്.  മലയാളിക്ക് ഏറെ പ്രിയങ്കരനായ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര മികച്ച പ്രതികരണവുമായാണ് മുന്നേറുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര നിലവില്‍ മുന്നോട്ട് പോകുന്നത്.

പരമ്പരയില്‍ സൂര്യയായെത്തുന്ന അന്‍ഷിതയാണ് ഓണവിശേഷങ്ങളുമായി കഴിഞ്ഞദിവസം ഏഷ്യാനെറ്റിന്റെ 'ഫുള്‍ ഓണ്‍ ഓണ'ത്തിലെത്തിയത്. ഓണം കൊല്ലത്തെ വീട്ടിലെത്തി വീട്ടുകാരോടൊപ്പമായിരിക്കുമെന്നും, എന്നാല്‍ ചെറിയ പനിക്കോള്‍ ഉള്ളതാണ് സംശയമായിരിക്കുന്നതെന്നുമാണ് അന്‍ഷിത പറയുന്നത്. കൂടാതെ ഈ ഓണം എല്ലാവര്‍ക്കുംതന്നെ ആഘോഷം മാത്രമല്ല അതിജീവനത്തിന്റേതാണെന്നും എല്ലാവരും ജീവിത്തിന്റെ സമസ്ത മേഖലകളും പൊരുതുകയാണെന്നും താരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

Latest Videos

undefined

കൂടാതെ കുട്ടിക്കാലത്തെ ഓണ വിശേഷങ്ങളും അന്‍ഷിത പങ്കുവയ്ക്കുന്നുണ്ട്. ''ഒരു മൂന്നാംക്ലാസ് കാലത്താണ് ഞാന്‍ ഏറ്റവുമധികം ആഘോഷിച്ചിട്ടുള്ള ഓണക്കാലം, അന്നൊക്കെ ചുറ്റുവട്ടത്തുള്ള എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നതും മറ്റും ഇപ്പോഴും ഓര്‍മ്മയിലുണ്ട്. വീട്ടില്‍ എല്ലാവരും ഒത്തുചേരുക എന്നതാണ് സന്തോഷം, ഈ ഓണത്തിനും അങ്ങനെതന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കടം ഇത്തവണ വീട്ടണം. കൂടാതെ എനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം സദ്യയാണ്. അതുകൊണ്ടുതന്നെ ഓണസദ്യ എന്നത് ഒരു സന്തോഷം തന്നെയാണ്. കഴിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിഭവം അവിയലാണ്. പക്ഷെ എങ്ങനെയാണ് അത് ഉണ്ടാക്കുക എന്ന് ചോദിച്ചാല്‍ പെട്ടുപോകും. കോണ്‍ഫിഡന്‍സോടെ ഉണ്ടാക്കാന്‍ അറിയാം എന്ന് പറയാവുന്നത് ബീഫ് മാത്രമാണ്.''

''ലൊക്കേഷനിലെ ഓണാഘോഷം രസകരമായ അനുഭവമായിരുന്നു. ലൊക്കേഷനിലെ എല്ലാവരും നല്ല കമ്പനിയായത് കൊണ്ടുതന്നെ എല്ലായിപ്പോഴും ആഘോഷം തന്നെയാണ്. പതിനഞ്ച് ദിവസം വീട്ടിലും, ബാക്കി പതിനഞ്ച് ദിവസം ലൊക്കേഷനിലും ആയതുകൊണ്ടുതന്നെ ലൊക്കേഷന്‍ ഒരു സെക്കന്റ് ഹോം ആണെന്നുവേണം പറയാന്‍. ഷൂട്ട് ഇല്ലെങ്കിലും ലൊക്കേഷനില്‍ പോകാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍.'' കൂടാതെ പരമ്പരയുടെ നിരവധി വിശേഷങ്ങളും അന്‍ഷിത പങ്കുവയ്ക്കുന്നുണ്ട്.

വീഡിയോ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!