അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണെന്ന് പറഞ്ഞ് താരം പങ്കുവച്ച കുറിപ്പ് വായിക്കുന്നവരുടേയും കണ്ണ് നനയിക്കുന്നതാണ്.
ദക്ഷിണേന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി മലയാളികള്‍ക്ക് സുപരിചിതയാണ്. തന്റെ പാട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലൂടെയുമാണ് അഭയ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് സ്റ്റേജ് ഷോകളിലും നിരവധി ചിത്രങ്ങളിലും അഭയ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ചു.
ഇപ്പോഴിതാ തന്റെ ഓണവിശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഭയ. അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണെന്ന് പറഞ്ഞ് താരം പങ്കുവച്ച കുറിപ്പ് വായിക്കുന്നവരുടേയും കണ്ണ് നനയിക്കുന്നതാണ്. തന്റെ ഇനിയുള്ള ഓണത്തപ്പനെന്നാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രത്തിന് അഭയ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. എല്ലാ ഓണത്തിനും, ചാല മാര്‍ക്കറ്റ് മുഴുവനും നടന്ന് നല്ല ഖാദി മുണ്ട് തിരഞ്ഞെടുത്ത് ഗോപിക്ക് കൊടുക്കുന്ന തന്റെ അച്ഛന്‍ ഇനിയില്ലെന്നും. എന്നാല്‍ അച്ഛന്റെ പതിവ് താനായി തെറ്റിച്ചില്ലെന്നും, താന്‍തന്നെ പോയി തുണിയെടുത്തെന്നുമാണ് കുറിപ്പില്‍ അഭയ പറയുന്നത്.
undefined
താരത്തിന്റെ കുറിപ്പ് വായിക്കാം
''ജനിച്ചിട്ട് അച്ഛനില്ലാത്ത ആദ്യത്തെ ഓണമാണ്. സാധാരണ കടയൊന്നും പറ്റാഞ്ഞിട്ട് അമ്മേയേയും പെങ്ങളേയും കൊണ്ട് തിരുവനന്തപുരം ചാല മാര്‍ക്കറ്റ് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു നടത്തിച്ച് ഖാദിയുടെയോ ഹാന്റ്സ് ഹാന്‍വീവ്‌ന്റെയോ നല്ല പത്തരമാറ്റ് ഇഴയുള്ള നൂലിന്റെ മുണ്ട്, അതും ഏറ്റവും വിലകൂടിയത് മരുമോന്‍ ഗോപിക്ക് എല്ലാവര്‍ഷവും എടുത്തു കൊടുക്കും. ഈ വര്‍ഷം വാശിക്ക് പോയി ഞാനും എടുത്തു, അച്ഛന്‍ ഏറ്റവും ഇഷ്ടത്തോടെ വാങ്ങിത്തരുന്ന രസവട തൊണ്ടയില്‍ക്കുരുങ്ങി നെഞ്ചെരിഞ്ഞ് ഞാന്‍ ഖാദിയുടെ മുന്നില്‍ നിന്നു. തുണിയുടെ നിറം കൂടി കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഈ വര്‍ഷം നഷ്ടപെട്ടവരുടെ കൂടി ഓണമാണ്. വായ്ക്കരി ഇടാന്‍ കൂടി എത്തിപെടാന്‍ പറ്റാത്ത എന്നെ പോലുള്ളവര്‍ക്ക്. ഒരു നോക്ക് കാണാന്‍ പറ്റാത്തവര്‍ക്കായി ആഘോഷിക്കണം നിങ്ങള്‍. കാരണം നമ്മള്‍ സന്തോഷിക്കുന്നതാണ് അവരുടെ ആത്മശാന്തി. അത് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതും.''
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona