വോര്‍ളിയിലെ ഒബെറോയ് 360 വെസ്റ്റ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ളതാണ് ഈ ഫ്ളാറ്റ്. പ്രോജക്റ്റിലെ രണ്ട് ടവറുകളില്‍ ഒന്നില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലും മറ്റൊന്നില്‍ ലക്ഷ്വറി ഫ്ളാറ്റുകളുമാണ്.
മുംബൈ വോര്‍ളിയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള ലക്ഷ്വറി ഫ്ളാറ്റ് വന്‍ തുകയ്ക്ക് വിറ്റ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തിലുള്ള ഫ്ളാറ്റ് 45.75 കോടി രൂപയ്ക്കാണ് അഭിഷേക് വില്‍പ്പന നടത്തിയത്. 41.14 കോടി രൂപയ്ക്ക് 2014ലാണ് അദ്ദേഹം ഈ ഫ്ളാറ്റ് വാങ്ങിയത്. അഭിഷേകില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയ അനുരാഗ് ഗോയല്‍ എന്നയാള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.28 കോടി രൂപയാണ് അടച്ചിരിക്കുന്നതെന്ന് സാപ്‍കീ ഡോട്ട് കോം പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
വോര്‍ളിയിലെ ഒബെറോയ് 360 വെസ്റ്റ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ളതാണ് ഈ ഫ്ളാറ്റ്. പ്രോജക്റ്റിലെ രണ്ട് ടവറുകളില്‍ ഒന്നില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലും മറ്റൊന്നില്‍ ലക്ഷ്വറി ഫ്ളാറ്റുകളുമാണ്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 37-ാം നിലയില്‍ അഭിഷേകിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്ളാറ്റിന് 7527 ചതുരശ്രയടി വിസ്‍തീര്‍ണ്ണമാണ് ഉള്ളത്. നാല് കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനവും ഒപ്പമുണ്ട്.
undefined
കൊവിഡില്‍ തകര്‍ച്ച നേരിട്ട റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുള്ള സഹായമെന്ന നിലയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു ഇത്. അതിനുശേഷം ഫ്ളാറ്റ് വില്‍പ്പനയില്‍, വിശേഷിച്ചും അള്‍ട്രാ ലക്ഷ്വറി വിഭാഗത്തില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിസ്റ്റല്‍ ഗ്രൂപ്പിന്‍റെ പ്രൊജക്റ്റ് അറ്റ്ലാന്‍റിസില്‍ ഉള്‍പ്പെട്ട 5184 ചതുരശ്ര അടിയുടെ ഫ്ളാറ്റ് ആണ് ബിഗ് ബി വാങ്ങിയത്. 31 കോടി രൂപയ്ക്കായിരുന്നു ഈ വാങ്ങല്‍.
കൂകി ഗുലാത്തിയുടെ സംവിധാനത്തിലെത്തിയ 'ദി ബിഗ് ബുള്‍' ആണ് അഭിഷേക് ബച്ചന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ചിത്രം. ദിയ അന്നപൂര്‍ണ്ണ ഘോഷ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ബോബ് ബിശ്വാസ്, തുഷാര്‍ ഗലോട്ട സംവിധാനം ചെയ്യുന്ന ദസ്‍വി എന്നിവയാണ് അഭിഷേകിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona