ഡോക്കിംഗ് വീണ്ടും നീളുമോ; സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം ഇസ്രൊ വീണ്ടും കൂട്ടിയത് എന്തിന്?

By Web Desk  |  First Published Jan 12, 2025, 9:25 AM IST

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം കൂടുതല്‍ നീളുമോ? ഇസ്രൊയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാതോര്‍ത്ത് രാജ്യം 

SpaDeX Docking might be take more time as ISRO analysing data and situation

ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സ്പേസ് ഡോക്കിംഗ് നീണ്ടേക്കാം. ഇന്ന് രാവിലെ മൂന്ന് മീറ്റര്‍ അടുത്ത് വരെ സ്പേഡെക്സ് ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം ഇസ്രൊ വീണ്ടും പേടകങ്ങളെ സുരക്ഷിതമായ അകലത്തിലേക്ക് നീക്കി. ഇതൊരു ട്രെയല്‍ ശ്രമം മാത്രമായിരുന്നു എന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറച്ച് ഡോക്കിംഗിനായി തന്നെയാണ് രാവിലെ ഇസ്രൊ ശ്രമിച്ചതെന്ന വിലയിരുത്തലുകളുമുണ്ട്. സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണെന്നത് ശുഭ സൂചനയാണ്.

ഡോക്കിംഗ് പരീക്ഷണത്തിന് വീണ്ടും ഇന്ന് ഐഎസ്ആര്‍ഒ മുതിരുമോ എന്ന് വ്യക്തമല്ല. വരും മണിക്കൂറുകളില്‍ ദൗത്യം സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ് ഇസ്രൊയില്‍ നിന്ന് പുറത്തുവരും എന്നാണ് പ്രതീക്ഷ. നിലവിലെ ഡാറ്റകള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും ഡോക്കിംഗ് എന്നാണ് ഐഎസ്ആര്‍ഒ ഉപഗ്രഹങ്ങളെ വീണ്ടും അകലത്തിലേക്ക് മാറ്റിയ ശേഷം അറിയിച്ചത്. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് ഇസ്രൊ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിംഗിനായി കാത്തിരിക്കുകയാണ് 140 കോടിയിലേറെ ഇന്ത്യന്‍ ജനത. സ്പേഡെക്സ് പരീക്ഷണം വിജയിച്ചാൽ സ്പേസ് ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. സ്വന്തം സ്പേസ് സ്റ്റേഷൻ അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിൽ വളരെ പ്രധാനമാണ് ഈ ദൗത്യം.

Latest Videos

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവെച്ചു. ഒന്‍പതാം തിയതി ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ ഡോക്കിംഗ് വീണ്ടും മാറ്റി.

ഇന്നലെ മുതല്‍ മൂന്നാം പരിശ്രമത്തില്‍ ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ ഇസ്രൊ നടപടികള്‍ തുടങ്ങുകയായിരുന്നു. മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഇസ്രൊ അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഡോക്കിംഗ് നടക്കും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കേയാണ് ഉപഗ്രഹങ്ങളെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റിയതായി ഇന്ന് രാവിലെ ഏഴ് മണിയോടെ ഇസ്രൊയുടെ അറിയിപ്പ് വന്നത്. 

Read more: സ്പേഡെക്സ് ദൗത്യം; ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കൂട്ടി, ഡോക്കിങ് നീളുന്നു, ട്രയൽ നടത്തിയെന്ന് ഇസ്രോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image