നിർമാണ തൊഴിലാളികളുടെ 6 വയസുകാരിയായ മകളെ മിഠായി കാണിച്ച് വിളിച്ചു, ബലാത്സംഗം ചെയ്ത് കൊന്നു; പ്രതി പിടിയിൽ

By Web Desk  |  First Published Jan 16, 2025, 3:13 AM IST

കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാനായിരുന്നു അഭിഷേകിന്‍റെ പദ്ധതി. ഉറക്കെ നിലവിളിച്ച് പിതാവ് ആളെക്കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി.

6-year-old sexually assaulted, killed in Bengaluru, suspect youth arrested

ബെംഗളുരു: ബെംഗളുരുവിൽ ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതി അറസ്റ്റിൽ. നഗരത്തിൽ നിർമാണത്തൊഴിലാളികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി മരിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിക്കവേയാണ് നാട്ടുകാരുടെ പിടിയിലായത്.

ബെംഗളുരുവിലെ ഹൊയ്‍സാല നഗറിലെ വിനായക ലേ ഔട്ടിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ ആറ് വയസ്സുകാരിയായ കുഞ്ഞാണ് ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കെട്ടിടം പണി നടക്കുന്നതിന് അടുത്ത് തന്നെയാണ് കുഞ്ഞും കുടുംബവും താമസിച്ചിരുന്നത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജോലിയായിരുന്നു കുഞ്ഞിന്‍റെ അച്ഛൻ. അമ്മ നിർമാണത്തൊഴിലാളിയായും തൊട്ടടുത്ത വീടുകളിൽ വീട്ട് ജോലിക്ക് പോയുമായിരുന്നു ജീവിച്ചിരുന്നത്.

Latest Videos

സംക്രാന്തി ദിവസം കെട്ടിടത്തിൽ  നിർമാണ ജോലികളുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയതായിരുന്നു. അച്ഛനാകട്ടെ കെട്ടിടത്തിന്‍റെ മറുവശത്തുമായിരുന്നു. ഈ സമയം നോക്കി കുഞ്ഞിനെ മിഠായി കാണിച്ച് വിളിച്ച് കൊണ്ട് പോയാണ് ബിഹാർ സ്വദേശിയായ അഭിഷേക് കുമാർ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബലപ്രയോഗത്തിനിടയിൽ കുട്ടി മരിച്ചു. കുട്ടിയെ കാണാതെ തിരഞ്ഞെത്തിയ അച്ഛൻ കണ്ടത് മരിച്ച് കിടക്കുന്ന സ്വന്തം മകളെയും തൊട്ടടുത്ത് നിൽക്കുന്ന അഭിഷേകിനെയുമാണ്.

കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയാനായിരുന്നു അഭിഷേകിന്‍റെ പദ്ധതി. ഉറക്കെ നിലവിളിച്ച് പിതാവ് ആളെക്കൂട്ടിയതോടെ നാട്ടുകാർ ഓടിയെത്തി. പ്രദേശവാസികൾ അഭിഷേകിനെ കൈകാര്യം ചെയ്താണ് പൊലീസിലേൽപിച്ചത്. കുഞ്ഞിനെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അഭിഷേക് കുമാറിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

Read More : 'യുകെയിൽ ജോലി, ശമ്പളം ലക്ഷങ്ങൾ'; ജോബ് വിസ ശരിയാക്കാമെന്ന് പറഞ്ഞ് നിമ്മിയും അഖിലും 22 ലക്ഷം തട്ടി, അറസ്റ്റിൽ
 

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image