വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന വിവരം തനു പറയുന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്ന് ആരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഗ്വാളിയർ: മധ്യപ്രദേശിൽ വിവാഹത്തിന് നാല് ദിവസം മുമ്പ് പൊലീസ് ഉദ്യോഗസ്ഥരടക്കം നോക്കി നിൽക്കേ നവവധുവിനെ പിതാവ് വെടിവെച്ച് കൊന്നു. ഗ്വാളിയർ ഗോലകാ മന്ദിർ ഏരിയയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. തനു ഗുർജാർ എന്ന 20 വയസുകാരിയെ ആണ് പിതാവ് മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് പോയിന്‍റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നത്. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തനുവും മഹേഷ് എന്ന യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന വിവരം തനു പറയുന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്ന് ആരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തനിക്ക് പിതാവ് നിശ്ചയിച്ച വിവാഹത്തിൽ താൽപ്പര്യമില്ലെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി വെളിപ്പെടുത്തി.
ഈ വീഡിയോ പുറത്ത് വന്നാൽ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു പറയുന്നത് വീഡിയോയിൽ കാണാം. വിക്കി എന്ന യുവാവുമായി താൻ ആറ് വർഷമായി പ്രണയിത്തിലാണെന്നാണ് യുവതി പറയുന്നത്. വിക്കിയെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹം. നവവരൻ മഹേഷിനെയും കുടുംബത്തെയും പിതാവിനെയും വിഷമിപ്പിക്കുന്നതിൽ തനിക്ക് ദുഖമുണ്ടെന്നും യുവതി പറയുന്നു.
വീഡിയോ പുറത്ത് വന്ന് നാല് മണിക്കൂറുകൾക്ക് ശേഷമാണ് കൊലപാതകം നടന്നത്. വീഡിയോ വൈറലായതോടെ ജില്ലാ പൊലീസ് മേധാവി ധർമ്മവീർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഹേഷിന്‍റെ വീട്ടിലെത്തി. തനുവുമായി സംസാരിച്ചെങ്കിലും യുവതി വീട്ടിൽ നിൽക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. തുടർന്ന് യുവതിയെ സർക്കാർ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. ഇതിനിടെയിലാണ് മകളോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തെത്തിയ മഹേഷ് ഗുർജാർ നാടൻ തോക്കുപയോഗിച്ച് മകളെ വെടിവെക്കുകയായിരുന്നു.
ബന്ധുവായ രാഹുലിന്‍റെ സഹായത്തോടെയാണ് മഹേഷ് മകളെ വെടിവെച്ച് വീഴ്ത്തിയത്. മഹേഷ് മകളുടെ നെഞ്ചിലാണ് വെടിവെച്ചത്. തോക്ക് വാങ്ങി രാഹുലും തനുവിന് നേരെ വെടിയുതിർത്തു. തനുവിന്‍റെ നെറ്റിയിലും കഴുത്തിലും കണ്ണിനും മൂക്കിനുമിടയിലുള്ള ഭാഗത്താണ് രാഹുൽ വെടിയുതിർത്തത്. സംഭവ സ്ഥലത്തുവെച്ചു തന്നെ തനു മരിച്ചു. സംഭവത്തിന് പിന്നാലെ മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തോക്കുമായി രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Read More : 'യുകെയിൽ ജോലി, ശമ്പളം ലക്ഷങ്ങൾ'; ജോബ് വിസ ശരിയാക്കാമെന്ന് പറഞ്ഞ് നിമ്മിയും അഖിലും 22 ലക്ഷം തട്ടി, അറസ്റ്റിൽ